Friday, 07 May, 1.10 pm News At First

ഹോം
ലോക്ഡൗണ്‍ കര്‍ശനമാക്കണം, എന്നാല്‍ അമിത ജോലിഭാരം കഴിയില്ലെന്നും പൊലീസ്; ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പോലീസിന്റെ യോഗം ഇന്ന് രാവിലെ ചേരും.

നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച്‌ ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച്‌ പോലീസിന് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പോലീസ് അറിയിച്ചിട്ടുണ്ട്.

നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് പോലീസ് പറയുന്നു. അത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സഹകരണ മേഖലയില്‍ അടക്കമുള്ള സാമ്ബത്തിക സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതും കൂടുതല്‍ പേര്‍ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂ എന്നും പോലീസ് പറയുന്നു.

നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്ന് ചര്‍ച്ചചെയ്യുന്നതിന് ഇന്ന് 11 മണിക്ക് നടക്കുന്ന പോലീസിന്റെ യോഗത്തില്‍ ഇളവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ഉണ്ടാകും. പോലീസിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷം മിക്കവാറും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.

ലോക്ക് ഡൗണിന് തലേദിവസമായ ഇന്ന് തിരക്ക് നിയന്ത്രിക്കും

ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ പൊതുനിരത്തുകളിലും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ഇന്ന് ഉണ്ടാകാവുന്ന തിരക്ക് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കും.

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും സ്വാഭാവികമായി ഉണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

മാസ്‌കിന്റെ ശരിയായ ഉപയോഗം, സാനിറ്റൈസറിന്റെ ലഭ്യത, സാമൂഹിക അകലം പാലിക്കല്‍ എന്നീ നിബന്ധനകളില്‍ ഒരു തരത്തിലുമുള്ള ലംഘനവും അനിവദിക്കില്ല.

രണ്ട് മീറ്റര്‍ അകലം പാലിക്കാതെയും, സാനിറ്റൈസര്‍ ലഭ്യമാക്കാതെയുമിരുന്നാല്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരും.

തിക്കും തിരക്കും ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ പോലീസ് പരിശോധനകളും പട്രോളിങും ശക്തമാക്കും.

എറണാകുളത്ത് കര്‍ശന നിയന്ത്രണം, അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേ കേസെടുക്കും

നാളെ മുതല്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു. ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ കൊണ്ട് അടക്കും. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ അതിര്‍ത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശത്തില്‍ നല്‍കിയിരിക്കുന്ന അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി നല്‍കുക. അല്ലാതെയുള്ള നിയമലംഘകര്‍ക്കെതിരേ കേസെടുക്കും.

ജില്ലയില്‍ വാഹന പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ട്. വാഹനങ്ങള്‍ പരിശോധിക്കുകയും വണ്ടിയുടെ നമ്ബര്‍, ഫോണ്‍ നമ്ബരടക്കം നോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ വീണ്ടും നിയമലംഘനം നടത്തുകയാണെങ്കില്‍ എഫ്.ഐ.ആര്‍. അടക്കമുള്ള കര്‍ശന നിയന്ത്രണത്തിലേക്ക് പോകുമെന്നും കമ്മിഷണര്‍ പറഞ്ഞു.

കോവിഡ് പകരുന്നതിനൊപ്പം അമിതജോലിഭാരവും മരുന്ന് വിതരണവും; നടക്കില്ലെന്ന് പോലീസ്

പോലീസുകാരെയും ഏറെ വലിച്ചിരിക്കുകയാണ് കോവിഡിന്റെ രണ്ടാം വരവ്. പോലീസ് സേനയില്‍ രോഗം പടരുന്നവരുടെ എണ്ണം കൂടിയതോടെ അമിത ജോലിഭാരത്തിനൊപ്പം മറ്റ് കോവിഡ് പ്രതിരോധ നടപടികള്‍ കൂടി പോലീസിന് നല്‍കാന്‍ ഒരുങ്ങുന്ന തീരുമാനത്തിനെതിരേ സേനയ്ക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്.

കോവിഡ് കാലത്ത് മരുന്ന് വിതരണത്തിന് പോലീസിനെ വിളിച്ചാല്‍ മതിയെന്ന് കേരള പോലീസിന്റെ സോഷ്യല്‍മീഡിയ ഇടങ്ങളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ഡിജിപിയുടെ അറിയിപ്പ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ വലിയ എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. ഇലക്ഷന് മുന്നെ തന്നെ വാരാന്ത്യ അവധിയും ലീവും അനുവദിക്കാതെ സേനാംഗങ്ങളെല്ലാം ഫീല്‍ഡില്‍ ഇറങ്ങിയിരിക്കയാണ്. ഇലക്ഷന്‍ കഴിഞ്ഞതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഭൂരിഭാഗം പോലീസുകാരേയും ഇറക്കി. ഇതോടെ പോലീസുകാര്‍ക്കിടയിലും വലിയ രീതിയില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ടായി.

കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്ബോഴും ഇളവുകള്‍ അനുവദിച്ചതോടെ ആളുകളെ നിയന്ത്രിക്കാന്‍ ആവുന്നില്ലെന്ന് പോലീസുകാര്‍ പറയുന്നു. പലരും പല വഴികള്‍ പറഞ്ഞ് നഗരങ്ങളിലേക്കും പുറത്തേക്കും അനാവാശ്യമായി ഇറങ്ങുന്നതും തടയാനാവുന്നില്ല. നാളെ മുതല്‍ ലോക്ക്ഡൗണിലേക്ക് പോവുന്നുണ്ടെങ്കിലും ഇളവുകള്‍ അനുവദിച്ചതിനെതിരേയും വലിയ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് മരുന്ന് വിതരണത്തിനായി പോലീസുകാരെ നിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നത്.
വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പോലീസിനെ ബന്ധപ്പെടാമെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതാനായി 112 എന്ന ടോള്‍ഫ്രീ നമ്ബറും ഇറക്കിയിരുന്നു.

ഉത്തരവിറങ്ങിയെങ്കിലും എതിര്‍പ്പുകള്‍ വന്നതാടെ ഇതിന്റെ പ്രവര്‍ത്തനം പലയിടത്തും തുടങ്ങിയിട്ടില്ല. ഇത്രയും ജോലിക്കിടെ ഇനി മരുന്ന് വിതരണം കൂടി പോലീസിനെ ഏല്‍പിക്കുന്ന നടപടി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ തവണയും മരുന്ന് വിതരണത്തിന്റെ പ്രവര്‍ത്തനം പോലീസുകാര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും അന്ന് സേനയ്ക്കുള്ളില്‍ രോഗ വ്യാപനം ഇത്ര രൂക്ഷമായിരുന്നില്ലെന്ന് സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിത ഭാരം പോലീസിനെ ഏല്‍പ്പിക്കുന്നത് സേനാംഗങ്ങളുടെ മാനസിക സമ്മര്‍ദ്ധം വര്‍ധിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒന്നിച്ച്‌ നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #IndiaFightsCorona

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top