Sunday, 20 Sep, 10.11 pm News At First

ഹോം
'ഞാനുമൊരു കര്‍ഷകനാണ്. കര്‍ഷകരെ സര്‍ക്കാര്‍ വേദനിപ്പിക്കില്ല'- കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: കാര്‍ഷികബില്‍ പാസാക്കുന്നതിനിടെ രാജ്യസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്ന് കുറ്റപ്പെടുത്തിയ രാജ്‌നാഥ് സിങ്, രാജ്യസഭയില്‍ നടന്ന സംഭവങ്ങളെ അപലപിച്ചു.

'ഞാനുമൊരു കര്‍ഷകനാണ്. കര്‍ഷകരെ സര്‍ക്കാര്‍ വേദനിപ്പിക്കില്ല. ഞായറാഴ്ച നടന്ന സംഭവം സൂചിപ്പിക്കുന്നത് രാജ്യസഭയുടെ അന്തസ്സ് കാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റേത് ജനാധിപത്യത്തിനു ഹിതകരമല്ലാത്ത നടപടിയാണ്. രാജ്യസഭ ഉപാധ്യക്ഷനെതിരായ മോശം പെരുമാറ്റം അപലനീയമാണ്. സഭയുടെ ചരിത്രത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണിത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.എം.സി എം.പി ഡെറിക് ഒബ്രിയാന്‍, കോണ്‍ഗ്രസ് എം.പി റിപുണ്‍ ബോറ, എ.എ.പി എം.പി സഞ്ജയ് സിങ്, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ഷിന്‍റെ ഡയസിലേക്ക് മുദ്രാവാക്യം മുഴക്കി ഇരച്ചുകയറിയ ഇവര്‍ മൈക്ക് തട്ടിത്തെറിപ്പിക്കുകയും പേപ്പര്‍ കീറി എറിയുകയും ചെയ്തു. ബില്ലുകള്‍ പാസാക്കാനായി സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തിരുന്നു. കയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്ത് വന്നത്.

ബഹളത്തിനിടെ പത്തുമിനിറ്റ് സഭ നിര്‍ത്തിവെച്ചിരുന്നു. ശേഷം പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top