Sunday, 19 Jan, 10.10 am News At First

ഹോം
പി.എസ്.സി പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗം; പുതിയ സര്‍ക്കാര്‍ ഉത്തരവ്, തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവ്. പി.എസ്.സി പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.

കേരള പി.എസ്.സി ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളും കോളേജുകളും പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളാക്കാന്‍ സ്ഥാപനമേധാവികള്‍ അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷാ നടത്തിപ്പ് സുഗമമാക്കാനായി പി.എസ്.സി സര്‍ക്കാരിന്‍റെ സഹകരണം തേടിയതിന്‍റെ ഫലമായാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. പി.എസ്.സി. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

എഴുത്തുപരീക്ഷകളുടെ നടത്തിപ്പില്‍ പി.എസ്.സി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ സഹകരണം തേടിയായിരുന്നു കമ്മിഷന്‍ സെക്രട്ടറിയുടെ കത്ത്. പരീക്ഷയ്ക്കായി കേന്ദ്രങ്ങള്‍ വിട്ടു നല്‍കാന്‍ ചില സ്ഥാപന മേധാവികള്‍ വിസമ്മതം കാട്ടിയതായി പി.എസ്.സി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് പരീക്ഷ നടത്തിപ്പ് ദുഷ്ക്കരമാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്.

അതേസമയം പി.എസ്.സി പരീക്ഷമേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കിയ തീരുമാനത്തിനെതിരെ സംഘടനകള്‍ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനം വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ലംഘനമാണെന്നും അധ്യാപക സംഘടനകള്‍ വ്യക്തമാക്കുന്നു. സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top