Thursday, 29 Oct, 10.11 pm News At First

ഹോം
വിശപ്പ് രഹിത കേരളം പദ്ധതി: 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകള്‍ വിജയകരമായി മുന്നോട്ട്

തിരുവനന്തപുരം: 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകള്‍ എന്ന ആശയം വിശപ്പ് രഹിത കേരളം പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലാണ് അവതരിപ്പിച്ചത്. ഇതുവരെ കുടുംബ ശ്രീയുടെ നേതൃത്വത്തില്‍ 749 ജനകീയ ഹോട്ടലുകള്‍ രൂപീകരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്:

കുറഞ്ഞ നിരക്കില്‍ ഉച്ചയൂണ്‍ നല്‍കുന്ന 1000 ഹോട്ടലുകള്‍ സ്ഥാപിക്കുന്ന 'വിശപ്പ് രഹിത കേരളം' പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടര്‍ന്നത് കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭ്യമാക്കുന്ന 'ജനകീയ ഹോട്ടലുകള്‍' വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 749 ജനകീയ ഹോട്ടലുകള്‍ (629 ഗ്രാമതലം, 120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതില്‍ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ഹോട്ടലുകള്‍ ജനകീയ ഹോട്ടലുകളായി മാറിയതുമാണ്.

ഓരോ ദിവസവും ശരാശരി 60,000 ഊണുകള്‍വരെ ജനകീയ ഹോട്ടലുകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നുണ്ട്. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുവാനും കുടുംബശ്രീക്ക് സാധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഓരോ ഊണിനും 10 രൂപ സബ്സിഡി കുടുംബശ്രീ മുഖാന്തരം നല്‍കുന്നു.

ഇത് കൂടാതെ ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോള്‍വിങ് ഫണ്ട് ആയും കുടുംബശ്രീ നല്‍കുന്നു. ജനകീയ ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ സ്ഥലം / വാടക, വൈദ്യുതി, ജലം എന്നിവ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം സൗജന്യമായി ലഭിക്കുന്നു. നഗരസഭാതലത്തില്‍ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 30000 രൂപ നഗരസഭ മുഖാന്തരവും, ഗ്രാമ തലത്തില്‍ രൂപീകരിക്കുന്ന ഹോട്ടലുകള്‍ക്ക് 20,000 രൂപ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, കൂടാതെ 10,000 രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും വര്‍ക്കിംഗ് ഗ്രാന്‍റായി ലഭിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: News at first malayalam
Top