ചെന്നൈ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭരണകക്ഷിയായ ടിവികെയെ കടന്നാക്രമിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ.
താൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി പ്രചരിപ്പിച്ചുവെന്നും അനന്തരഫലങ്ങള്‍ നേരിടാൻ തയ്യാറാണെന്നും ഉദയനിധി മാധ്യമങ്ങളോട് പ്രതികരിച്ചു. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് ഉദയനിധിയെ സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി.
"തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇവർ (ടിവികെ) കൊടുത്ത വാഗ്ദാനങ്ങള്‍ നിറവേറ്റണം, കർഷകരെ പറ്റിക്കരുത് അങ്ങനെ പല കാര്യങ്ങള്‍ ഞാൻ ആ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഞാൻ പറയാത്ത ഒരു കാര്യം കട്ട്, കോപ്പി ചെയ്യുകയായിരുന്നു. ഈ കക്ഷി (ടിവികെ) ആരംഭിച്ചപ്പോള്‍ മുതല്‍ വ്യാജ കേസ് എടുക്കുകയും, വ്യാജ വാർത്ത പരത്തുകയും, എഐഎഡിഎംകെ എംഎല്‍എമാരെ വിലയ്ക്കെടുക്കുകയുമാണ് ചെയ്യുന്നത്. ജനങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. നിയമപരമായി നേരിടും," എന്നാണ് ഉദയനിധിയുടെ വാക്കുകള്‍. അറസ്റ്റിനെ താൻ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ ഉദയനിധി ടിവികെ സർക്കാരിന് സാമാന്യബുദ്ധിയുണ്ടെന്ന് പോലും കരുതുന്നില്ലെന്നും അവർ ഒരു കൂട്ടം വിഡ്ഢികളാണെന്നും പറഞ്ഞു.
തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം: ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയില്നീലങ്കരയിലെ വീട്ടില്‍ നിന്നാണ് ഡിഎംകെ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൻ സന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. ഉദയനിധിയെ കയറ്റിയ പൊലീസ് വാഹനം തടയാൻ ഡിഎംകെ പ്രവർത്തകർ ശ്രമിച്ചതോടെ അതിനാടകീയ രംഗങ്ങളാണ് നീലങ്കരയില്‍ അരങ്ങേറിയത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
തൃഷയെപ്പറ്റി ദ്വയാർഥ പരാമർശം നടത്തിയെന്ന് ആരോപണം; ഉദയനിധി സ്റ്റാലിൻ വിവാദത്തില്തഞ്ചാവൂരില് നടന്ന പ്രതിഷേധ പരിപാടിയില്‍ കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നുവെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോള്‍ പ്രവർത്തകർ കൂട്ടത്തോടെ 'തൃഷ, തൃഷ' എന്ന് വിളിച്ചു. ഇതിന് പിന്നാലെ പ്രസംഗം നിർത്തി ഡിഎംകെ നേതാവ് നടത്തിയ പരാമർശമാണ് കേസിന് ആധാരം.

