Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന് പരാതി; ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സസ്പെൻഷൻ

ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന് പരാതി; ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സസ്പെൻഷൻ

News Malayalam 3 weeks ago

മേപ്പിള്‍ തടികള്‍ ലഭിക്കാൻ വൈകും; കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല

കായിക താരങ്ങള്‍ പതിറ്റാണ്ടുകളായി സ്വപ്നം കാണുന്ന കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല.

സ്റ്റേഡിയത്തിന് അകത്ത് പാകാനുള്ള മേപ്പിള്‍ തടികള്‍ ലഭിക്കാൻ ഇനിയും വൈകുമെന്നതാണ് പ്രതിസന്ധി. 3.6 ഏക്കർ ഭൂമിയില്‍ 42 കോടി രൂപ ചെലവഴിച്ച്‌ പണി പൂർത്തീകരിച്ച സ്റ്റേഡിയം കെട്ടിടം കാട് കയറി നശിക്കുകയാണ്. ഒളിംപ്യന്‍ സുരേഷ് ബാബുവിന്റെ പേരിലാണ് കൊല്ലം പീരങ്കി മൈതാനത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം കെട്ടിടം പൂർത്തീകരിച്ചത്. 2000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍, സ്‌റ്റേഡിയത്തിലെ നീന്തല്‍ കുളം നവീകരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. 2021 ഫെബ്രുവരി 21ന് അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ ഓണ്‍ലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2024 ഡിസംബറില്‍ പണി പൂർത്തീകരിച്ച്‌ തുറന്നു നല്‍കുമെന്നായിരുന്നു വാഗ്ദാനം. വർഷം രണ്ട് കഴിഞ്ഞിട്ടും സ്‌റ്റേഡിയം അടഞ്ഞു തന്നെ കിടക്കുകയാണ്.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: സമരത്തിന് യുഡിഎഫിനൊപ്പം കൈകോര്‍ക്കാന്‍ സിപിഐഎം

പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനത്തില്‍ യുഡിഎഫിനൊപ്പം സമരം ചെയ്യാൻ തയ്യാറെന്ന് സിപിഐഎം. കേന്ദ്ര അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കെ. രാധാകൃഷ്ണൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. റെയില്‍വേ ഡിവിഷൻ വിഭജനം കേരളത്തിന്റെ റെയില്‍വേ വികസനം മന്ദഗതിയിലാക്കും. പാലക്കാട് ഡിവിഷന്റെ ചരക്കുനീക്കത്തില്‍ 90 ശതമാനവും മംഗലാപുരം മേഖലയില്‍ നിന്നാണ്‌. രണ്ടേമുക്കാല്‍ കോടിയാണ് നിലവിലെ പ്രതിദിന വരുമാനം. പാലക്കാട് ഡിവിഷൻ വിഭജനത്തോടെ, റെയില്‍വേ വികസനം ഇല്ലാതാകുന്ന സ്ഥിതിയാണെന്നും കെ രാധാകൃഷ്ണൻ വിമർശിച്ചു .

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍. ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ശ്രീകാര്യം പൊലീസ്. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും എഫ്‌ഐആര്‍. പൊലീസ് കസ്റ്റഡിയിലെടുത്തത് അർധരാത്രി വീട്ടിലെത്തി.

സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവും; എന്തു ന്യായത്തിലാണ് ഉപനേതൃപദവി നല്‍കേണ്ടത്? വിമര്‍ശനം തുടര്‍ന്ന് സി.എന്‍. മോഹനന്‍

നിയമസഭ പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്‍. കഴിഞ്ഞദിവസം ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമര്‍ശനമെങ്കില്‍ ഇക്കുറി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കടുത്ത വിമര്‍ശനം ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ അംഗബലം മുപ്പത്തഞ്ചായി ചുരുങ്ങി. തികച്ചും രാഷ്‌ട്രീയമായ കാരണങ്ങളാലാണ് എല്‍ഡിഎഫിന് കനത്ത പരാജയമുണ്ടായത്. കേന്ദ്ര സർക്കാർ, ഗവര്‍ണര്‍, യുഡിഎഫ്, വലതുപക്ഷ മാധ്യമങ്ങള്‍ എന്നിവരുടെ സംയുക്തമുന്നണിയാണ് വാസ്‌തവത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്. 2021ല്‍ ആരംഭിച്ച സർക്കാർവിരുദ്ധ വാര്‍ത്താപ്രവാഹത്തിന്റെ ഉച്ചസ്ഥായിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള മാധ്യമവിളയാട്ടം. തരിമ്പും ജനാധിപത്യമര്യാദയില്ലാതെ ഒരു മുന്നണിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ബിജെപിയും യുഡിഎഫും മാധ്യമങ്ങളും. 2001ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41 സീറ്റാണ് ലഭിച്ചത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പിലെ പരാജയം സിപിഐഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ പ്രചാരണത്തിന്റെ താളത്തിനനുസരിച്ചാണ് സിപിഐ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവുമാണ് സിപിഐ ഉന്നയിക്കുന്നത്.

1980ല്‍ എല്‍ഡിഎഫ്‌ രൂപംകൊണ്ടശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സിപിഐ എമ്മില്‍നിന്നാണ്. പതിവിനു വിപരീതമായി ഉപനേതാവ് പദവി തങ്ങള്‍ക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെടുകയാണ്. മാധ്യമങ്ങളിലൂടെ ഇതിന്റെ ന്യായാന്യായങ്ങള്‍ വിളമ്പുകയാണ് സിപിഐ നേതൃത്വം. അതിലെന്തോ ശരിയുണ്ടെന്ന മട്ടിലാണ് മാധ്യമങ്ങളുടെ പ്രചാരണവും. എന്തു ന്യായത്തിലാണ് ഇതുവരെ തുടര്‍ന്നുവന്ന കീഴ്‌വഴക്കം മറികടന്ന് സിപിഐക്ക്‌ ഉപനേതാവ് പദവി നല്‍കേണ്ടതെന്ന് സിപിഐ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നണി പരാജയപ്പെട്ടാല്‍ സിപിഐഎമ്മിന്റെ കൈവശമുള്ള ഉപനേതാവ് സ്ഥാനം തങ്ങള്‍ക്ക് വിട്ടുനല്‍കിയില്ലെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യന്‍ മൊകേരിയും സിപിഐയും ഉദ്ദേശിക്കുന്നത്? ഈ ആവശ്യത്തിനുപിന്നിലുള്ള യുക്തിയെന്താണ്? സിപിഐഎമ്മിന്‌ 26 സീറ്റും സിപിഐക്ക്‌ എട്ട്‌ സീറ്റുമാണ് എന്നതിനാല്‍ ഈ പരാജയപ്പെട്ട നിമിഷത്തില്‍ സിപിഐ വളര്‍ന്നുപോയി എന്നാണോ അവർ അർഥമാക്കുന്നത്? എന്നിങ്ങനെ നീളുന്നു സി.എന്‍ മോഹനന്റെ വിമര്‍ശനങ്ങള്‍.

അജ്‌മാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഉദുമ സ്വദേശി മരിച്ചു

അജ്‌മാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഉദുമ സ്വദേശി മരിച്ചു. ഉദുമ പടിഞ്ഞാർ തച്ചരക്കുന്നില്‍ ബഷീർ (50) ആണ് മരണപ്പെട്ടത്. റൂമുകളില്‍ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനായിരുന്നു ബഷീർ.

ക്വാറിയില്‍ പാറ അടർന്നുവീണു; ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടയ്ക്കലിലെ പാറ ക്വാറിയില്‍ അപകടം. പാറ അടർന്നുവീണ് ലോറിയും ഡ്രൈവറും അടിയിലായി. സാരമായ പരിക്കുകളില്ലാതെ ഡ്രൈവർ തൃപ്പല്ലവൂർ സ്വദേശി അനില്‍കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാരായമുട്ടം കോട്ടയ്ക്കലില്‍ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം. കല്ലെടുക്കാൻ എത്തിയതായിരുന്നു ലോറി. അഞ്ചുവർഷം മുമ്പ് സമാനമായി പാറ അടർന്നുവീണു രണ്ടുപേർ ഈ പ്രദേശത്ത് മരിച്ചിരുന്നു.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിന് സസ്പെന്‍ഷന്‍, റൗഡി പട്ടികയിലുള്ള ആളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവിന് സസ്പെന്‍ഷന്‍. ഡിസിസി അംഗം ചേന്തി അനിലിനെതിരെയാണ് കോണ്‍ഗ്രസ് നടപടി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്‍ഷന്‍. നേരത്തെ, മുഖ്യമന്ത്രിയുടെ ജോലി തടസപ്പെടുത്തിയെന്നും, അന്യയമായി തടഞ്ഞു വെക്കല്‍, അപമര്യാദയായുള്ള പെരുമാറ്റം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അനിലിനെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. പ്രതി റൗഡില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷധാരിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബുവിന്റെ ദേഹത്തേക്കാണ് ചായക്കട ഉടമ തിളച്ച എണ്ണയൊഴിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അബദ്ധത്തില്‍ എണ്ണ ഒഴിച്ചതാണെന്നാണ് ചായക്കട ഉടമയുടെ വാദം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജീവനൊടുക്കിയ ഷൗക്കത്തലിക്കെതിരെ വ്യക്തിഹത്യ; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവിയില്‍നിന്ന് നീക്കി

ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിനെതുടര്‍ന്ന് ജീവനൊടുക്കിയ ഷൗക്കത്തലിയെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവികളില്‍നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. 'യുക്തിവാദം തലയ്ക്കു കയറിയാണ് യുവാവ് ജീവനൊടുക്കിയത്' എന്നായിരുന്നു ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തില്‍ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാദമായതോടെ, കുറിപ്പ് പിന്‍വലിച്ചിരുന്നു.

മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളുരുവില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വെള്ളിമാടുകുന്ന് കുറുപാശൻ കണ്ടി അഖില്‍ ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. വെള്ളിമാടുകുന്നിലെ വീട്ടിലെത്തിയപ്പോഴാണ് അഖില്‍ പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ മൂന്നു പേര്‍ പിടിയിലായി. ഈ മാസം രണ്ടിനായിരുന്നു യുവാവിനെ ബെംഗളുരുവില്‍നിന്ന് തട്ടിക്കൊണ്ടു പോയത്.

വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച്‌ പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച്‌ പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട്‌ പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വർഷം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് ആയി ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് കേസ്. ബിരുദം പാസാകാത്ത ഗണപതി കാലിക്കറ്റ് സർവകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചിരുന്നു. തട്ടിപ്പ് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗണപതിക്കെതിരെ വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കേസിനെ തുടര്‍ന്ന് ഗണപതി ഒളിവിലാണ്.

അർജുൻ ആയങ്കിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

അര്‍ജുന്‍ ആയങ്കിയെ ജയില്‍ മാറ്റി. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്. ഞായറാഴ്ചയാണ് ആയങ്കിയെ വിയ്യൂരിലേക്ക് മാറ്റിയത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ അർജുൻ ആയങ്കിയെ കഴിഞ്ഞ ആഴ്ചയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

പെരുമ്പാവൂരില്‍ ടെലിവിഷൻ റിപ്പയറിങ് സ്ഥാപനത്തില്‍ തീപിടിത്തം

പെരുമ്പാവൂർ ചേലക്കുളത്ത് ടെലിവിഷൻ റിപ്പയറിങ് സ്ഥാപനത്തില്‍ തീപിടിത്തം. കാവുങ്ങല്‍പറമ്പ് സ്വദേശി താജുദ്ദീന്റെ ഉടമസ്ഥതയില്‍ പ്രവർത്തിച്ചിരുന്ന ടിവി കെയർ എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. പുലർച്ചെയായിരുന്നു സംഭവം. റിപ്പയറിങ് നടത്തിക്കൊണ്ടിരുന്ന സോളാർ ബാറ്ററിയില്‍ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. സ്ഥാപനം പൂർണമായും കത്തി നശിച്ചു.

മെസി വിവാദം: എസ്‌ഐടി അന്വേഷണം വേണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ലയണല്‍ മെസിയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. കായിക വകുപ്പിനു മാത്രമായി അന്വേഷിക്കാനാവുന്ന സംഭവമല്ല. മറ്റ് വകുപ്പുകളുടെ സഹായം അനിവാര്യമാണ്. സ്റ്റേഡിയം അറ്റക്കുറ്റപ്പണി പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. വിവിധ തലങ്ങളില്‍ പരിശോധന നടത്തേണ്ട വിഷയമാണ്. മറ്റുചില പരാതികള്‍ കൂടിയുണ്ട്. അതുകൂടി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ ഈ സംഭവത്തില്‍ ഒരുപാട് പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. ജിസിഡിഎക്ക് പോലും കൃത്യമായി കാര്യം പറയാൻ കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണാഘോഷങ്ങള്‍ക്ക് സമാപനം; തൃശൂരില്‍ പുലിയിറങ്ങുന്നു

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് തൃശൂരിലെ പുലിക്കളി മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെ സ്വരാജ് റൗണ്ടില്‍ നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ഒൻപതു ദേശങ്ങള്‍ മാറ്റുരയ്ക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ പുലികളി മഹോത്സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പരമ്പരാഗത പുലികളി കലാകാരന്മാർക്കൊപ്പം കുട്ടിപ്പുലികളും പെണ്‍ പുലികളും ചുവടുവെച്ച്‌ നഗരവീഥികള്‍ കീഴടക്കും. ഓരോ സംഘങ്ങള്‍ക്ക് ഒപ്പം 35 മുതല്‍ 51 പുലികള്‍ വരെയാകും മത്സരത്തിനായി അണിനിരക്കുക. പുലർച്ചെ മുതല്‍ പുലിമടകളില്‍ ചമയം എഴുത്ത് ആരംഭിച്ചിരുന്നു.

ദീപ്തി കല്യാണിക്കെതിരായ പരാമർശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹെലൻ ഓഫ് സ്പാർട്ട

ട്രാൻസ്ജെൻഡർ ദീപ്തി കല്യാണിയുടെ പരാതിയില്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ച്‌ യൂട്യൂബർ ധന്യ എസ് എന്ന ഹെലൻ ഓഫ് സ്പാർട്ട. ട്രാൻസ്ജെൻഡർ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രതികരണവും താൻ നടത്തിയിട്ടില്ല. ട്രാൻസ്ജെൻഡർ ദീപ്തി കല്യാണിക്കെതിരായ പരാമർശത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. തനിക്കെതിരെ വധഭീഷണി ഉയർത്തിയതിനു പിന്നാലെ വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് താൻ പ്രതികരിച്ചത്. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ട്. ഇത് പൊലീസിന് കൈമാറും. നിയമനടപടികളോട് പൂർണമായും സഹകരിക്കുമെന്നും ധന്യ ന്യൂസ് മലയാളത്തോട് പറഞ്ഞു.

യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയെന്ന് പരാതി; എസ്‌എഫ്‌ഐ നേതാവിനെതിരെ കേസ്

കണ്ണൂരില്‍ എസ്‌എഫ്‌ഐ നേതാവ് യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയെന്ന് പരാതി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എസ്‌എഫ്‌ഐ നേതാവായ കെ നവനീതിനെതിരെയാണ്‌ കേസ്. യുവതി കുളിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന് ദൃശ്യങ്ങള്‍ പകർത്തിയെന്നാണ് പരാതി. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്തെ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിച്ച്‌ സൂക്ഷിച്ചതായി കണ്ടെത്തിയെന്നും പരാതിയുണ്ട്. അതിനിടെ സംഭവത്തില്‍ പൊലീസ് നിസ്സാര വകുപ്പ് ചുമത്തി എന്ന് ആരോപിച്ച്‌ ആഭ്യന്തര മന്ത്രിക്ക് യുവതി പരാതി നല്‍കി. മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പൊലീസ് വരുത്തി തീർക്കുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്. നവനീതിന്റെ ഫോണ്‍ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേർക്കുമെന്നാണ് പൊലീസിന്റെ നിലപാട്.

സ്ത്രീകള്‍ക്കെതിരെ സമസ്ത ഇറക്കിയ സർക്കുലർ ആധുനിക സമൂഹത്തിന് ചേരാത്തത്: പി.എസ്. സഞ്ജീവ്

സ്ത്രീകള്‍ക്കെതിരെ സമസ്ത ഇറക്കിയ സർക്കുലർ ആധുനിക സമൂഹത്തിന് ചേരാത്തതെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. സ്ത്രീകളെ പൊതു നിരത്തില്‍, വേദികളില്‍ പ്രദർശിപ്പിക്കരുത് എന്ന പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സഞ്ജീവ് വിമര്‍ശിച്ചു. കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ഏറെ മുന്നോട്ട് വന്നവരാണ്. 1989ലാണ് ജസ്റ്റിസ്‌ ഫാത്തിമ ബീവി ഇന്ത്യയിലെ തന്നെ ആദ്യ വനിത ജഡ്ജി ആയി നിയമിതായാവുന്നത്. വർഷം 37 കഴിഞ്ഞിട്ടും ഇങ്ങനെയൊരു പ്രസ്താവന ഇറക്കാൻ സമസ്ത ഇറങ്ങിപ്പുറപ്പെട്ടത് എത്രത്തോളം അപരിഷ്കൃതമാണ് ഇവരുടെ കാലബോധം എന്ന് തെളിയിക്കുന്നുവെന്നും, സമസ്ത ഈ കാര്യത്തില്‍ തിരുത്തല്‍ വരുത്തണം സഞ്ജീവ് പറഞ്ഞു.

ജാവലിൻ ത്രോയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; നീരജ് ചോപ്രയുടെ പരിക്ക്

ജാവലിൻ ത്രോയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി നീരജ് ചോപ്രയുടെ പരിക്ക്. ഏഷ്യൻ ഗെയിംസില്‍ നിന്നും ഡയമണ്ട് ലീഗില്‍ നിന്നും നീരജ് ചോപ്ര പുറത്തായി. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് പിൻമാറ്റം. ഇക്കാരണത്താല്‍ ചോപ്രയ്ക്ക് 2026 സീസണ്‍ പൂർണമായും നഷ്ടമാകും. കരുത്തോടെ തിരിച്ചെത്താൻ ശ്രമിക്കുമെന്ന് ഒളിംപിക് മുൻ ചാംപ്യൻ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ട മലപ്പുറത്ത്; പിടികൂടിയത് 13 കിലോ എംഡിഎംഎ

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം MDMA യുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ മലപ്പുറം ജില്ലാ പൊലീസ് സംഘത്തിൻ്റെ പിടിയില്‍. സംസ്ഥാന പൊലീസിൻ്റെ ഏറ്റവും വലിയ ലഹരിവേട്ടയില്‍പിടികൂടിയത് വിപണിയില്‍ പത്തുകോടിയിലധികം രൂപയുടെ വീര്യം കൂടിയ എംഡിഎംഎ.

ബാർ ഉടമകളുമായി വഴിവിട്ട ബന്ധം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടില്‍ മിന്നല്‍ പരിശോധന

കോട്ടയത്തെ ബാർ ഉടമകളുമായി വഴിവിട്ട നീക്കമെന്ന വിവരത്തിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. പരിശോധനയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്‌ അശോക് കുമാറിന്റെ ഫോണ്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ബാർ ഉടമകളുമായി ബന്ധമുള്ളതിന്റെ സൂചനകള്‍ ലഭിച്ചെന്നാണ് വിവരം.

പുലിക്കളമായി സാംസ്കാരിക നഗരി; 9 ദേശങ്ങളില്‍ നിന്നായി 400 ല്‍ അധികം പുലികള്‍

കേരളത്തിൻ്റെ സാംസ്കാരിക നഗരി തൃശൂർ ഒരു പുലിക്കളമായി മാറിയിരിക്കുന്നു. 9 ദേശങ്ങളുടെ ആശയും ആവേശവും നെഞ്ചിലേറ്റി, പുലിമടകളില്‍ നിന്ന് നൂറ് കണക്കിന് പുലികള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അരമണി കിലുക്കി താളംവച്ച്‌ വരുന്ന പുലികള്‍ നഗരം കീഴടക്കുകയാണ്.

പയ്യന്നൂരിലെ തോല്‍വി; പൊതുജനം തെറ്റിദ്ധരിക്കപ്പെട്ടെന്ന് പിണറായി വിജയൻ

പയ്യന്നൂരിലെ സിപിഐഎമ്മിന്റെ തോല്‍വിക്ക് കാരണം പൊതുജനം തെറ്റിദ്ധരിക്കപ്പെട്ടത് എന്ന് പിണറായി വിജയൻ. നേതൃ നിരയിലുള്ളവർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചെന്ന് വി.കുഞ്ഞികൃഷ്ണന് കുറ്റപ്പെടുത്തല്‍. സത്യം മറഞ്ഞത്, കൊടുമ്പിരി കൊണ്ട കുപ്രചരണത്തില്‍. ആരോപണങ്ങളില്‍ പാർട്ടി പറഞ്ഞതില്‍ കാപട്യം ഇല്ലെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും പയ്യന്നൂരില്‍ പിണറായി.

പുലികളിയില്‍ ശ്രദ്ധേയമായി പാറ്റവിപ്ലവം; നിശ്ചലദൃശ്യമായി ഓപ്പറേഷൻ തൂഫാനും

തൃശൂർ: പുലികളിയില്‍ പുലിവേഷങ്ങള്‍ക്കൊപ്പം സമകാലിക രാഷ്ട്രീയം പറയുന്ന നിശ്ചല ദൃശ്യങ്ങളും ശ്രദ്ധേയമായി. രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമായ സിജെപി പ്രക്ഷോഭവും ഭരണഘടനയും അംബേദ്കറും, സീതാറാം മില്‍ ദേശത്തിൻ്റെ ടാബ്ലോയുടെ ഭാഗമായി. ഒപ്പം സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യയാത്ര അനുവദിക്കുന്ന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിയും പ്രമേയമായി. ലഹരി നാടിന് ആപത്തെന്ന ഓപ്പറേഷൻ തൂഫാൻ്റെ സന്ദേശവുമായി തൃശൂർ സിറ്റി പൊലീസിൻ്റെ ടാബ്ലോയും എത്തി.

വെസ്റ്റ്ബാങ്കില്‍ പലസ്തീനി വീടുകള്‍ കേന്ദ്രീകരിച്ച്‌ ഇസ്രയേല്‍ ആക്രമണം

വെസ്റ്റ്ബാങ്കിലെ ഖുസ്ര ഗ്രാമത്തിലെ ഇസ്രയേലി കുടിയേറ്റ അതിക്രമം രൂക്ഷമായ സ്ഥിതിയിലെത്തി. പലസ്തീനിയൻ കുടുംബം ഉള്ളിലുള്ള വീട് കുടിയേറ്റ സംഘം കയ്യേറിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തില്‍ നിരവിധ പലസ്തീനി വീടുകള്‍ ആക്രമിക്കപ്പെട്ടു. പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ വാഹനങ്ങളടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാഴ്ചയിലേറെയായി ഖുസ്ര മേഖലയിലെ പലസ്തീനി വീടുകള്‍ ഉപരോധിക്കുന്ന തരത്തിലുള്ള അതിക്രമം കുടിയേറ്റക്കാർ തുടരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ട അതിക്രമമാണ് ഖുസ്രയില്‍ നടക്കുന്നത്.

നേപ്പാള്‍ മിന്നല്‍ പ്രളയം; നാല് ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തിയെന്ന് കേന്ദ്രം

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിപ്പോയ നാല് ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. സുവ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജലവൈദ്യുത പദ്ധതിയില്‍ നിന്ന് നാല് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതോടെ, പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 88 ആയി ഉയർന്നു, അതേസമയം 287 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട്. തിരച്ചില്‍, രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യൻ വംശജരായ 128 പേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്‌ സെക്രട്ടറിക്കെതിരെ പരാതി

ബിസിനസില്‍ പണം നല്‍കാതെ വഞ്ചിച്ചതായി കൊച്ചി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക്‌ സെക്രട്ടറിക്കെതിരെ പരാതി. മത്സ്യം വാങ്ങി കച്ചവടം നടത്തിയ ഇടപാടില്‍ വർഷങ്ങളായിട്ടും പണം നല്‍കിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ചേർത്തല കടകരപ്പള്ളി പൊൻവേലിയില്‍ പി.വി. പീറ്ററാണ് ഫോർട്ടുകൊച്ചി പൊലീസില്‍ പരാതി നല്‍കിയത്.

സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരൻ്റെ മര്‍ദനം

കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരൻ്റെ മര്‍ദനം. പീഡനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന സുഹൈലാണ് ആക്രമണം നടത്തിയത്. അസിസ്റ്റൻ്റ് പ്രീസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രന് ആക്രമണത്തില്‍ പരിക്കേറ്റു. അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തു.

യുവതിയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ചു

യുവതിയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. കല്ലമ്പലം സ്വദേശി ജയന, പതിനഞ്ച് വയസുള്ള മകൻ ദില്‍ജിത്ത് എന്നിവർക്കാണ് മർദനമേറ്റത്. കല്ലമ്പലം സ്വദേശി പ്രദീപ്‌ എന്ന യുവാവിനെതിരെ യുവതി പരാതി നല്‍കി. മുൻ വൈരാഗ്യമാണ് വീട്ടില്‍ അതിക്രമിച്ചു കയറാൻ കാരണമെന്ന് പൊലീസ്. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. കഴിഞ്ഞ 27 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം.

ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ

ബാർ ഉടമകളില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ. എസ്. അശോക് കുമാറിനെതിരെയാണ് എക്സൈസ് കമ്മീഷണറുടെ നടപടി. അശോക് കുമാർ ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതിൻ്റെ രേഖകള്‍ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന് ലഭിച്ചിരുന്നു. ബാറുടമകളുടെ ഡയറി ഉള്‍പ്പെടെ തെളിവായി ലഭിച്ചതും നടപടിക്ക് കാരണമായി. മാസപ്പടി വാങ്ങിയിരുന്നതായി അശോക് കുമാറും സമ്മതിച്ചു. തുടർന്നാണ് എക്സൈസ് കമ്മീഷണറുടെ നടപടി.

ഡിഎഫ്‌ഒയെ വിടാതെ നാട്ടുകാർ

കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ സംഭവത്തില്‍ വിലങ്ങാട് ഡിഎഫ്‌ഒയെ വിടാതെ നാട്ടുകാർ. സുനിലിൻ്റെ വീട്ടിലെത്തിയ ഡിഎഫ്‌ഒയെയാണ് നാട്ടുകാർ മണിക്കൂറുകളായി തടഞ്ഞ് വെച്ചിരിക്കുന്നത്. സുനിലിന് നീതി കിട്ടണമെന്ന് ആവശ്യമുന്നയിച്ച്‌ കൊണ്ട്, പ്രതിഷേധം അവസാനിപ്പിക്കാൻ നാട്ടുകാർ തയ്യാറാകുന്നില്ല.

ഡിഎഫ്‌ഒയെ വിട്ടയച്ചു

കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ തടഞ്ഞുവച്ച വിലങ്ങാട് ഡിഎഫ്‌ഒയെ നാട്ടുകാർ വിട്ടയച്ചു.നാദാപുരം എംഎല്‍എ കെ.എം അഭിജിത്തും പഞ്ചായത്ത് പ്രസിഡൻ്റും ഉള്‍പ്പെടെ ചേർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ കളക്ടറുമായി നാളെ ചർച്ച നടത്തും. തീരുമാനമായില്ലെങ്കില്‍ സമരം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam