ന്യൂ ഡല്‍ഹി: എക്സിറ്റ് പോളില്‍ വിജയ്‌യുടെ ടിവികെ തമിഴ്നാട്ടില്‍ വിജയിക്കുമെന്ന് പ്രവചിച്ചതിന് പിന്നാലെ തങ്ങള്‍ പരിഹസിക്കപ്പെട്ടുവെന്ന് ആക്സിസ് മൈ ഇന്ത്യ ചീഫ് പ്രദീപ് ഗുപ്ത.
തമിഴ്നാട്ടില്‍ ടിവികെ വിജയിക്കുമെന്ന് പ്രവചിച്ച ഒരേയൊരു എക്സിറ്റ് പോളായിരുന്നു ആക്സിസ് മൈ ഇന്ത്യയുടേത്. ടിവികെ 108 സീറ്റുകള്‍ നേടി മുന്നേറുന്നതിനിടെയാണ് ആക്സിസ് മൈ ഇന്ത്യ പ്രതിനിധിയുടെ പ്രതികരണം.
ഇത് ഡാറ്റാ സയൻസിൻ്റെ വിജയമെന്നും പ്രദീപ് ഗുപ്ത പ്രതികരിച്ചു. മറ്റ് പോളിംഗ് ഏജൻസികളില്‍ നിന്ന് വേറിട്ട് ആക്സിസ് മൈ ഇന്ത്യ എല്ലാ സീറ്റുകളിലും കൃത്യമായ വിലയിരുത്തല്‍ നടത്തിയിരുന്നതിനാലാണ് കൃത്യമായി പ്രവചിക്കാനായത്. എന്നാല്‍, രാജ്യത്താരും ഇത് വിശ്വസിച്ചിരുന്നില്ല. അതെല്ലാം വെറുതെയാണെന്നാണ് എല്ലാവരും പറഞ്ഞത്. എല്ലാ രാഷ്ട്രീയ പണ്ഡിതന്മാരും നിരീക്ഷകരും മറ്റ് പോളിംഗ് ഏജൻസികളും ആക്‌സിസ് മൈ ഇന്ത്യയെ നോക്കി ചിരിക്കുകയായിരുന്നുവെന്നും പ്രദീപ് ഗുപ്ത പറഞ്ഞു.
ടിവികെക്ക് 35 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചതെന്നും നിലവിലെ സ്ഥിതി ഇതാണെന്നും പ്രദീപ് ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ ഡിഎംകെ രണ്ടാമതും എടപ്പാടി പളനിസാമിയുടെ എഐഡിഎംകെ മൂന്നാമതും എത്തുമെന്ന് ഉറപ്പായിരുന്നു. യുവ തലമുറ വിജയ്‌ക്കൊപ്പമായിരുന്നു. തമിഴ്നാട്ടിലെ വോട്ടർമാരില്‍ 42 ശതമാനത്തോളം വരുന്ന 18നും 39നും ഇടയില്‍ പ്രായമുള്ളവരുടെ വലിയ തോതില്‍ വോട്ട് വിജയ് നേടുമെന്ന് ഉറപ്പായിരുന്നുവെന്നും പ്രദീപ് ഗുപ്ത പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ടിവികെ ഇതുവരെ 108 സീറ്റുകളാണ് നേടിയത്. ഡിഎംകെ 84ഉം എഡിഎംകെ 25ഉം സീറ്റുകളാണ് നേടിയത്. തമിഴ്നാട്ടില്‍ ടിവികെയും ഡിഎംകെയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നായിരുന്നു ഏപ്രില്‍ 29ന് പുറത്തുവന്ന ആക്സിസ് മൈ ഇന്ത്യ ഫലം. ടിവികെ 98 മുതല്‍ 120 വരെയും ഡിഎംകെ 92 മുതല്‍ 110 വരെയും സീറ്റുകളും എഐഡിഎംകെ 22 മുതല്‍ 32 വരെ സീറ്റുകളും നേടിയേക്കുമെന്നായിരുന്നു പ്രവചനം.

