തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കാതെ സംസ്ഥാന സർക്കാർ.
ഉത്തരവ് പ്രകാരം എം.ആർ. അജിത് കുമാറിനെ നീക്കിയ ഒഴിവില്‍ താല്‍ക്കാലിക ചുമതല നല്‍കിയത് ഐപിഎസ് റാങ്കുളള അഡീഷണല്‍ എക്സൈസ് കമ്മീഷണർക്ക് തന്നെയാണ്. ഒരു മാസമായിട്ടും പദവിയിലേക്ക് പുതിയ നിയമനം നടത്താതെ ഒളിച്ച് കളിക്കുകയാണ് സർക്കാർ.
2014ലെ കേഡർ നിയമനങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ നല്‍കിയ ഹർജിയിലായിരുന്നു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർണായക ഉത്തരവ് . തുടർന്ന് എക്സൈസ് കമ്മീഷണർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവണ്‍മെൻറ് ഡയറക്ടർ സ്ഥാനങ്ങളില്‍ മാറ്റം വരുത്താനും ട്രിബ്യൂണല്‍ നിർദേശിച്ചു. ഈ തസ്തികകള്‍ ഐഎഎസ് കേഡർ ലിസ്റ്റില്‍ വരുന്നവയാണെന്നും നിയമനം നടത്തുമ്പോള്‍ റിട്ടയേഡ് ഉദ്യോഗസ്ഥരെയും ഐപിഎസ് ഉദ്യോഗസ്ഥരെയും പരിഗണിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാണ്. ഉത്തരവിന് പിന്നാലെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെയും നീക്കേണ്ടി വന്നിരുന്നു.
പുറത്തുവന്ന ഉത്തരവിന് പിന്നാലെ അടിയന്തരമായി മാർച്ച് മാസം ആറാം തീയതി മുതല്‍ എക്സൈസ് കമ്മീഷണറുടെ ചുമതല അഡീഷണല്‍ എക്സൈസ് കമ്മീഷണർക്ക് കൈമാറി. എന്നാല്‍ ഉത്തരവിന് വിരുദ്ധമായി ഐപിഎസ് ഉദ്യോഗസ്ഥനു തന്നെയാണ് വീണ്ടും ചുമതല നല്‍കിയത്. ചുമതല ഏറ്റെടുത്ത അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ജെ കൃഷ്ണകുമാറിനെതിരെ വകുപ്പ് തലത്തില്‍ തന്നെ പരാതി പ്രവാഹമാണ്. ചട്ടവിരുദ്ധമായാണ് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പെരുമാറുന്നതെന്നും തൊഴില്‍ പീഡനമാണ് വകുപ്പില്‍ നടക്കുന്നതെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
പുതിയ എക്സൈസ് കമ്മീഷണറെ കണ്ടെത്തുന്നത് വരെയാണ് അഡീഷണല്‍ എക്സൈസ് കമ്മീഷണർക്ക് താത്ക്കാലിക ചുമതല നല്‍കിയത്. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് വന്ന് ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ പുതിയ നിയമനം നടത്തുകയോ നിശ്ചിത യോഗ്യതയുള്ള പകരക്കാരനെ കണ്ടെത്തുകയോ ചെയ്തിട്ടില്ല . ഇതോടെ ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ്.

