തൃശൂർ: മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയാലും വന്യമൃഗ ശല്യത്താലും ദുരിതത്തിലായ ആദിവാസികളുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ്.
അതിരപ്പിള്ളി-മലക്കപ്പാറ മേഖലയിലെ അരേക്കാപ്പ്-വീരാൻകുടി പ്രകൃതികളിലെ 44 കുടുംബങ്ങളെയാണ് ഉദ്യോഗസ്ഥർ പെരുവഴിയില്‍ ആക്കിയത്. മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചവർക്ക് ഒപ്പം നിന്നശേഷം നിലപാട് മാറ്റിയവർ ആദിവാസികള്‍ സംരക്ഷിത വനഭൂമി കയ്യേറി എന്നാണ് കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും വന്യ മൃഗശല്യവും കാരണം ഏറെ ദുരിതം അനുഭവിച്ചവരാണ് ആദിവാസി മന്നാൻ സമുദായത്തില്‍പ്പെട്ട 44 കുടുംബങ്ങള്‍. ഇടമലയാർ മലയാറ്റൂർ ഡിവിഷനുകള്‍ക്ക് കീഴിലെ അരക്കാപ്പ്-വീരാൻകുടിയിലെ മനുഷ്യരുടെ അവസ്ഥ നേരില്‍കണ്ട് ബോധ്യപ്പെട്ടാണ് മുൻ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പുനരധിവാസത്തിന് സാധ്യത തേടിയത്. റവന്യൂ-വനം-പട്ടികവർഗം- സർവേ ഡിപ്പാർട്ട്മെൻ്റുകള്‍ ചേർന്ന് ഇതിനായി പദ്ധതി തയ്യാറാക്കി. ആദ്യഘട്ടത്തില്‍ അതിനൊപ്പം നിന്നശേഷം പദ്ധതിയെ അട്ടിമറിക്കാൻ വനം വകുപ്പ് ഇടപെടുന്നതിന്റെ കൂടുതല്‍ തെളിവുകളാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.
"പാരിസ്ഥിതിക അനുമതിയില്ലെന്ന ഹർജികള്‍ സുപ്രീം കോടതി പോലും തള്ളി"; വയനാട് തുരങ്കപായുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളെന്ന് ദേശാഭിമാനിവിവിധ വകുപ്പുകളുടെ യോഗങ്ങളും നിർദേശങ്ങളും പരിഗണിച്ച് 2025 ജൂണ്‍ 13നാണ് കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. അതിനു മുൻപ് നടന്ന സർവേയിലും പരിശോധനകളിലും യോഗങ്ങളിലും പങ്കെടുത്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അഭിപ്രായം കേട്ടശേഷമായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ പിന്നീട് രേഖാമൂലം എതിർത്ത വനംവകുപ്പ് നടപടിയെ ആദിവാസികള്‍ കോടതിയില്‍ ചോദ്യം ചെയ്തു . മാർച്ച് 18ന് പരാതിക്കാർ നല്‍കിയ കേസില്‍ കോടതി നോട്ടീസ് അയച്ചതോടെയാണ് പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ വനവകുപ്പ് ശ്രമിച്ചതിൻ്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത് .
കേസില്‍ കക്ഷികളായ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വനംവകുപ്പിന് നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി നല്‍കിയിട്ടില്ലെന്ന് കോടതിയെ ധരിപ്പിച്ചു. വന നിയമങ്ങളുടെ പരിധിയില്‍ നിന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചെങ്കിലും പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ അടക്കം ഇത് അവഗണിച്ചതായും രേഖകളിലൂടെ വ്യക്തമാകുന്നു.
ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂണ്‍ 6ന് വനം വകുപ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മുലത്തിലാണ് അട്ടിമറി കൂടുതല്‍ വ്യക്തമായി പുറത്തുവന്നത്. ആദിവാസികള്‍ സംരക്ഷിത വനഭൂമി കയ്യേറി എന്നും ഇവിടെ താമസിച്ചാല്‍ വനമേഖലയുടെ സ്വഭാവം മാറുമെന്നും സത്യവാങ്മൂലത്തിലൂടെ വനംവകുപ്പ് പറയുന്നു. പരാതിക്കാരായ 44 കുടുംബങ്ങളുടെ വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ജൂലൈ 13ന് കേസ് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവിലൂടെ അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ പെരുവഴിയില്‍ നിർത്തിയിരിക്കുന്ന ആ മനുഷ്യരത്രയും.

