Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇത് ടീസര്‍ മാത്രം! ഏഴ് സംവിധായകര്‍ക്കൊപ്പം, ഏഴ് ശൈലികള്‍ക്കൊപ്പം  മോഹൻലാല്‍

ഇത് ടീസര്‍ മാത്രം! ഏഴ് സംവിധായകര്‍ക്കൊപ്പം, ഏഴ് ശൈലികള്‍ക്കൊപ്പം മോഹൻലാല്‍

News Malayalam 4 days ago

രൊറ്റ സമൂഹമാധ്യമ പോസ്റ്റിലൂടെ സിനിമാപ്രേമികളുടെ ആവേശം വാനോളം ഉയർത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാല്‍.

പുതിയ തലമുറ സംവിധായകർക്കും തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം താൻ ഏഴ് പുതിയ പ്രോജക്ടുകളുടെ ഭാഗമാകുന്നതായിട്ടാണ് നടൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലൈനപ്പ് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് - ഈ കളി അയാള്‍ ജയിക്കാൻ വേണ്ടി കളിക്കുന്നതാണ്.

വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുമായാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവർ മലയാളി എക്കാലവും ഓർത്തിരിക്കുന്ന എവർഗ്രീൻ മോഹൻലാല്‍ ചിത്രങ്ങള്‍ സമ്മാനിച്ചവരാണ്. പട്ടികയിലെ ബാക്കി നാല് സംവിധായകരുമായി ആദ്യമായാണ് താരം സിനിമ ചെയ്യുന്നത് (ജൂഡ് ആന്തണി ജോസഫിന്റെ 'തുടക്കം' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു).

100ാം ചിത്രത്തിലേക്ക് കടക്കുന്ന പ്രിയദർശനും രണ്ട് സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മോഹനും ഉള്‍പ്പെട്ട ഈ പട്ടിക മോഹൻലാല്‍ തന്നെ കുറിച്ചിരിക്കുന്നത് പോലെ - ഒരു ഗ്ലിംപ്സ് മാത്രമാണ്. വരാനിരിക്കുന്ന നിരവധി ചിത്രങ്ങളില്‍ ചിലതിലേക്കുള്ള എത്തിനോട്ടം.

വലിയ കാൻവാസ്, വലിയ പ്രതീക്ഷ

'L367' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന മോഹൻലാല്‍-വിഷ്ണു മോഹൻ ചിത്രം ബ്രഹ്മാണ്ഡ കാൻവാസിലാണ് ഒരുങ്ങുന്നത്. സിനിമയുടെ രചനയും വിഷ്ണുവാണ്. 'മേപ്പടിയാൻ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

വിദേശത്ത് നിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉള്‍പ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ഒരുങ്ങുന്നത്.

പുത്തൻ അന്തിക്കാടൻ വൈബ്!

ഒരു ക്വേർക്കി കോമഡി- ആക്ഷൻ ത്രില്ലർ മോഹൻലാല്‍ പടവുമായാണ് അനൂപ് സത്യൻ എത്തുന്നത്. ഇതൊരു അന്തിക്കാടൻ ഴോണർ പടമാകില്ല എന്ന് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ വ്യക്തമാക്കി കഴിഞ്ഞു. ഈ 'കോക്ടൈല്‍ ഴോണറി'ല്‍ മൂന്ന് വിഭാഗങ്ങളിലും മികവ് തെളിയിച്ച നടനാണ് മോഹൻലാല്‍. എങ്ങനെയാകും ഈ ഴോണറിനേയും സംവിധായകൻ പരിചരിക്കുക എന്നതിലാണ് ഈ സിനിമയുടെ വിജയം കിടക്കുന്നത്.

ഇതിഹാസ കൂട്ടുകെട്ട്; പ്രിയദർശന്റെ നൂറാം ചിത്രം

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 100ാം ചിത്രം എന്നതാണ് ഈ പ്രോജക്ടിന്റെ മുഖ്യ സവിശേഷത. മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സംവിധായകൻ നല്‍കുന്ന സൂചന. ആക്ഷന് പ്രാധാന്യമുള്ള ഒരു കൊമേഴ്ഷ്യല്‍ എന്റർടെയ്നറായിട്ടാകും സിനിമ ഒരുങ്ങുക എന്ന് അടുത്തിടെ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ 12 ഗാനങ്ങള്‍ ഉണ്ടാകുമെന്നും പ്രിയദർശൻ പറഞ്ഞിട്ടുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമാണം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിർമാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പോത്തേട്ടന്റെ 'നെടുങ്കണ്ടം മിറാക്കിള്‍'

പോത്തേട്ടൻ- ലാലേട്ടൻ ചിത്രത്തിനായി സിനിമാപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. റിയലിസ്റ്റിക്കായി സിനിമയെ പരിചരിക്കുന്ന ദിലീഷിന്റെ 'നെടുങ്കണ്ടം മിറാക്കിള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹൻലാല്‍ എന്ന അഭിനേതാവിനെ എങ്ങനെയാകും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ആകാംക്ഷയ്ക്ക് കാരണം. എന്തായാലും പൊടിപാറിക്കുന്ന, മീശ പിരിക്കുന്ന ചിത്രമാകുമിതെന്ന് തോന്നുന്നില്ല.

ശ്യാം പുഷ്കരൻ, പോള്‍സണ്‍ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'നെടുങ്കണ്ടം മിറാക്കിള്‍'. ശ്യാം പുഷ്കരന്റെ രചനയില്‍ ദിലീഷ് പൊത്തൻ സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം', 'ജോജി' എന്നിവ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍?

'ഹൃദയപൂർവം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാല്‍-സത്യൻ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. പക്കാ അന്തിക്കാടൻ വൈബിലുള്ള ഒരു പടമാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും കടന്നുവരുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മോഹൻലാല്‍ കഥാപാത്രങ്ങള്‍ ഇന്നും സിനിമാപ്രേമികള്‍ നെഞ്ചേറ്റുന്നവയാണ്. ഇനി സത്യൻ അന്തിക്കാട് റൂട്ട് അല്‍പ്പം മാറ്റിയാലും ആരും നെറ്റിചുളിക്കില്ല, അത്ഭുതപ്പെടില്ല. 'പിൻഗാമി' എടുത്ത കൂട്ടുകെട്ടാണേ!

ഫാൻ ബോയി സംഭവം!

"കഴിഞ്ഞ 12 കൊല്ലമായി കാത്തിരുന്ന നിമിഷം, നന്ദി ലാലേട്ടാ" - എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാല്‍ പടം സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം ജൂഡ് ആന്തണി ജോസഫ് പ്രകടിപ്പിച്ചത്. ഈ വാക്കുകളില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം - ഇതൊരു ഫാൻ ബോയി പടമാകും.

അടുത്ത വർഷമാകും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. സിനിമയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മോഹൻലാലിനെ 'സെക്കൻഡറി കാസ്റ്റ്' എന്ന് വിശേഷിപ്പിച്ചതിന് ഹിന്ദി പടം വേണ്ടെന്ന് വച്ച ആള്‍ പല സർപ്രൈസുകളും കാത്തുവച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ദൃശ്യം 4? അതോ...

ജീത്തു ജോസഫും മോഹൻലാലും കൈകോർക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും ചിന്ത ഒരു ത്രില്ലർ സിനിമയിലാകും ചെന്നുനില്‍ക്കുക. 'ദൃശ്യം' സംവിധായകൻ വീണ്ടുമൊരു മോഹൻലാല്‍ ചിത്രം ചെയ്യുമ്പോള്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം. എന്നാല്‍, ഇതേ സംവിധായകനാണ് 'മൈ ബോസ്', 'നുണക്കുഴി' പോലുള്ള ചിത്രങ്ങളും ഒരുക്കിയിരിക്കുന്നതെന്ന വസ്തുത മറക്കരുത്.

ഇത്തവണ മോഹൻലാലിന് ഒപ്പം ഒരു കോമഡി ചിത്രവുമായിട്ടാണ് ജീത്തുവിന്റെ വരവെങ്കിലോ? ഇനി പാതിവഴിയില്‍ നില്‍ക്കുന്ന ജീത്തു-മോഹൻലാല്‍ ചിത്രം 'റാം' ആകുമോ വരുന്നത്? എന്തും പ്രതീക്ഷിക്കണം. ജീത്തുവാണ്; ട്വിസ്റ്റുണ്ടാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam