"അർജൻ്റീന-ഈജിപ്ത് പ്രീ ക്വാർട്ടർ മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന് വ്യക്തമാണ്... ലോകം മുഴുവൻ അത് കണ്ടതാണ്.
ലിയോ മെസ്സി ഈ ലോകകപ്പ് ടൂർണമെൻ്റില്‍ തുടരണമെന്ന് അവർ ആഗ്രഹിക്കുന്നു. അർജൻ്റീന ജയിക്കണമെന്ന് അവർക്ക് നിർബന്ധമാണെങ്കില്‍ മറ്റെല്ലാവരേയും ഇവിടെ പങ്കെടുക്കാൻ ക്ഷണിച്ചത് എന്തിനാണ്?" ചോദ്യം ഈജിപ്ഷ്യൻ പരിശീലകൻ ഹൊസ്സാം ഹസൻ്റേതാണ്...
ഇനി ഈ ടൂർണമെൻ്റിലെ ഒരു മത്സരം പോലും കാണില്ലെന്നും ഞങ്ങളോട് ചെയ്തത് നീതിയല്ലെന്നും ഹുസ്സാം പറയുന്നതിലും ചില കാര്യങ്ങളൊക്കെയുണ്ട്. ഇന്നലത്തെ മത്സരത്തില്‍ ഈജിപ്തിൻ്റെ താരങ്ങളെ മാനസികമായി തളർത്തുന്ന രീതിയിലാണ് റഫറിയും വാറും മത്സരത്തില്‍ ഇടപ്പെട്ടു കൊണ്ടിരുന്നത്. ലോകകപ്പില്‍ അർജൻ്റീനയ്ക്ക് മാത്രം ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥ നേരത്തെയുള്ളതാണ്. ലോകകപ്പില്‍ അർജൻ്റീനയ്ക്ക് വേണ്ടി നിയമങ്ങള്‍ വളച്ചൊടുക്കുന്ന രീതി ഇപ്പോള്‍ പ്രകടമായി കാണാനാകുന്നുണ്ട്.
മത്സരത്തിന്റെ 60ാം മിനിറ്റില്‍ ഈജിപ്തിൻ്റെ സ്കോർ ബോർഡില്‍ ഉണ്ടാകേണ്ടിയിരുന്ന രണ്ടാമത്തെ ഗോള്‍ റഫറി ഒഴിവാക്കിയ നടപടിയാണ് ആദ്യം വിമർശിക്കേണ്ടത്. മത്സരത്തില്‍ 1-0ന് ഈജിപ്‌ത് മുന്നിട്ടു നില്‍ക്കുന്നതിനിടെ 60-ാം മിനിറ്റിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൊസ്‌തഫ സിക്കോ അർജൻ്റീനൻ വല കുലുക്കിയെങ്കിലും റഫറി വി.എ.ആർ പരിശോധനയ്ക്ക് ശേഷം ഗോള്‍ നിഷേധിച്ചു. പന്ത് വലയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏതാണ്ട് 70 യാർഡ് അകലെ വെച്ച് നടന്ന ഒരു ഫൗള്‍ ചൂണ്ടിക്കാട്ടിയായിരുന്നു റഫറിയുടെ ഈ തീരുമാനം.
കൗണ്ടർ അറ്റാക്കിൻ്റെ തുടക്കത്തില്‍ അർജൻ്റീനൻ സെൻ്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിനെ ഫൗള്‍ ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗോള്‍ നിഷേധിച്ചത്. ടാഗ്ലിയാഫിക്കോയേയും മാർട്ടിനസിനേയും റൊമേരോയേയും പരേഡെസിനേയുമൊക്കെ മറികടന്ന് വലകുലുക്കിയ ഈജിപ്തിൻ്റെ മുന്നേറ്റനിര മത്സരത്തില്‍ അർഹിച്ച പോലെ ലീഡ് ഉയർത്തിയതുമാണ്. എന്നാല്‍ ഉടനെ അർജൻ്റൈൻ താരങ്ങളുടെ അപ്പീലില്‍ റഫറി "കാര്യക്ഷമമായി" ഇടപെടുകയും... ഒപ്പം കാര്യങ്ങള്‍ വാറിലേക്ക് നീങ്ങുകയും ഗോള്‍ അസാധുവാകുകയും ചെയ്തു. ഇതാണ് ഈജിപ്‌ത് ക്യാമ്പിനെ ആദ്യം ചൊടിപ്പിച്ചത്.
അർജൻ്റൈൻ താരത്തിൻ്റെ കാലുകളില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കാൻ ഈജിപ്ഷ്യൻ ഡിഫൻഡർമാർ ശ്രമിച്ചത് തികച്ചും സ്വാഭാവികമായ രീതിയാണ്. അവിടെ കടുത്ത ഫൗള്‍ സംഭവിച്ചിട്ടില്ലെന്ന് കളി കണ്ട ആർക്കും വ്യക്തമാകും. പന്ത് വീണ്ടെടുത്ത ശേഷം എത്ര മനോഹരമായാണ് ഈജിപ്തിൻ്റെ വിങ്ങർ ഹെയ്സെം ഹസൻ അത് മുന്നോട്ടേക്ക് എത്തിച്ചത്. മെസ്സി ആവശ്യപ്പെടുമ്പോള്‍ എതിർ ടീമുകാർക്ക് കാർഡ് കൊടുക്കാനും അവരുടെ ഗോളുകള്‍ നിഷേധിക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ മാത്രമാണോ ഫിഫയുടെ റഫറിമാരും വി.എ.ആർ സംവിധാനവും?
അർജൻ്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കെതിരെയും റഫറിയിങ്ങിനെതിരെയും കടുത്ത ആരോപണങ്ങളുമായി ഈജിപ്‌ത് താരം മെസ്‌തഫ സിക്കോയും രംഗത്തെത്തി. ഫിഫയുടെ കള്ളക്കളിയാണ് ടൂർണമെൻ്റിലുടനീളം നടക്കുന്നതെന്ന് സിക്കോ ആരോപിക്കുന്നു. "റഫറി ഒട്ടും നീതി പുലർത്തിയില്ല. ഇത് വ്യക്തമായ അനീതിയാണ്. ഒരു രാജ്യത്തിൻ്റെ മുഴുവൻ കഠിനാധ്വാനമാണ് അദ്ദേഹം ഇല്ലാതാക്കിയത്. മത്സരത്തിൻ്റെ തുടക്കം മുതല്‍ റഫറി ഞങ്ങള്‍ക്ക് എതിരായിരുന്നു. ഇതൊരു മുൻകൂട്ടി നിശ്ചയിച്ച ടൂർണമെൻ്റാണ്. അർജൻ്റീനയെപ്പോലൊരു വൻശക്തിക്കെതിരെ ഞങ്ങള്‍ 2-0ന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താല്‍പ്പര്യമില്ലായിരുന്നു. എല്ലാത്തിനും മുകളില്‍ അല്ലാഹുവുണ്ട്, അവൻ കാര്യങ്ങള്‍ നോക്കിക്കൊള്ളും. എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജൻ്റീനയ്ക്ക് ഇപ്പോള്‍ത്തന്നെ എൻ്റെ അഭിനന്ദനങ്ങള്‍. അവർക്ക് കപ്പ് കൊടുക്കൂ. ഞങ്ങള്‍ക്ക് ഇനി ഒന്നും പറയാനില്ല," സിക്കോ തുറന്നടിച്ചു.
വീണ്ടും പെനാല്‍റ്റി പാഴാക്കി; നാണക്കേടിന്റെ ആ റെക്കോഡും മെസിക്ക് സ്വന്തംമത്സരത്തിൻ്റെ ഇഞ്ച്വറി ടൈമില്‍ എൻസോ ഫെർണാണ്ടസ് അർജൻ്റീനയുടെ വിജയഗോള്‍ നേടിയതിന് പിന്നാലെ ഈജിപ്ഷ്യൻ ബെഞ്ച് കടുത്ത അമർഷത്തിലായിരുന്നു. തുടർന്നുണ്ടായ തർക്കങ്ങള്‍ക്കൊടുവില്‍ ഹസൻ്റെ സപ്പോർട്ട് സ്റ്റാഫിലെ ഒരു അംഗത്തിന് റഫറി ചുവപ്പ് കാർഡും കാണിച്ചു. എൻസോയുടെ ഗോളിന് ശേഷം ഇഞ്ചുറി ടൈമില്‍ റഫറിയുമായി ഹസ്സൻ ദീർഘനേരം തർക്കിക്കുന്നത് കാണാമായിരുന്നു. ആ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, "ഇത് തികച്ചും അനീതിയാണെന്നാണ് ഞാൻ റഫറിയോട് പറഞ്ഞത്. ഒരുപക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും മുൻവിധികള്‍ കാണും അല്ലെങ്കില്‍ എന്തെങ്കിലും ഒളിച്ചുവയ്ക്കാൻ ഉണ്ടാകും എന്ന് ഞാൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും ഒളിച്ചുവയ്ക്കാൻ ശ്രമിച്ചാല്‍, അവർക്ക് പലപ്പോഴും പരാജയപ്പെടേണ്ടി വരും,"ഈജിപ്ത് കോച്ച് വ്യക്തമാക്കി.
"എന്തായാലും ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി ഈ ടൂർണമെൻ്റിലെ ഒരു മത്സരം പോലും ഞാൻ കാണില്ല. ഞങ്ങളോട് ചെയ്തത് നീതിയല്ല. ഞങ്ങള്‍ക്ക് ഒരു പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു, കൂടാതെ ഞങ്ങളുടെ ഒരു ഗോള്‍ റദ്ദാക്കുകയും ചെയ്തു. അത് എന്തുകൊണ്ടാണ് റദ്ദാക്കിയതെന്ന് എനിക്കറിയില്ല," എന്നും ഈജിപ്ത് കോച്ച് അമർഷത്തോടെ പറയുന്നു.
"ഈ ജയം ഞങ്ങള്‍ അർഹിച്ചതായിരുന്നു. എങ്കിലും ഏറെ അഭിമാനത്തോടെയാണ് ഞങ്ങള്‍ മടങ്ങുന്നത്. കാരണം ഇവിടെ ഫെയർ പ്ലേയോ ബഹുമാനമോ ഉണ്ടായിരുന്നില്ല," എന്നും " മത്സര ശേഷം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. "ഈ മത്സരത്തില്‍ ഫെയർ പ്ലേ ഉണ്ടായിരുന്നില്ല. ഞാൻ ഇതില്‍ ഒട്ടും സന്തുഷ്ടനുമല്ല. ഞങ്ങള്‍ അനീതിക്ക് ഇരയായി. ഫിഫ 'ഫെയർ പ്ലേ' എന്ന മുദ്രാവാക്യം ഉയർത്തുന്നുണ്ടെങ്കിലും അതൊന്നും മൈതാനത്ത് കാണാനാകുന്നില്ല. ആ റഫറിയിങ് പിഴവുകള്‍ ഇല്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു," ഈജിപ്ത് കോച്ച് കൂട്ടിച്ചേർത്തു.
ഈജിപ്തിൻ്റെ ഗോള്‍ എന്തുകൊണ്ട് നിരസിക്കപ്പെട്ടു?
ഈജിപ്തിന് ഗോള്‍ നിഷേധിച്ചതിനുള്ള ഫിഫയുടെ വിശദീകരണങ്ങള്‍ കൂടി പരിശോധിക്കാം. വി.എ.എആർ നിയമം അനുസരിച്ച് ഒരു ടീമിൻ്റെ ഗോളിലേക്ക് നയിക്കുന്ന മുഴുവൻ മുന്നേറ്റവും വാറിലൂടെ അവലോകനം ചെയ്യണം. ഗോളിന് മുന്നോടിയായി ആക്രമണം നടത്തുന്ന ടീം പന്ത് തട്ടിയെടുക്കുന്ന സമയത്ത് ശിക്ഷിക്കപ്പെടാത്ത ഫൗള്‍ കാരണം മുന്നേറ്റം തുടർന്നതായി കണ്ടെത്തിയാല്‍ ആ ഗോള്‍ നിലനില്‍ക്കില്ല. ഈജിപ്തിൻ്റെ പകുതിയില്‍ ഈജിപ്ത് ഡിഫൻഡർ മർവാൻ ആറ്റിയ മാർട്ടിനസിനെതിരെ നടത്തിയ ഫൗളിനെ തുടർന്ന് അർജൻ്റീനയ്ക്ക് പന്തിലുള്ള പൊസഷൻ നഷ്ടമായി. ഇക്കാരണങ്ങളാണ് ഈജിപ്തിൻ്റെ ഗോള്‍ റഫറി നിഷേധിച്ചത്.
സലയുടെ അപ്പീല്‍ എന്തുകൊണ്ട് നല്‍കിയില്ല?
ഫുട്ബോളില്‍ ഒരു ഡ്യുവല്‍ ചലഞ്ചില്‍ ഒരു ഡിഫൻഡർ ആദ്യം പന്ത് സ്വന്തമാക്കിയാല്‍, അതില്‍ അമിതമായതോ അപകടകരമോ ആയ ബലപ്രയോഗം ഉള്‍പ്പെടുന്നില്ലെങ്കില്‍, തുടർന്നുള്ള ശാരീരിക സമ്പർക്കം ഫൗളായി കണക്കാക്കില്ല. ഡിഫൻഡർ അപകടകരമായി ഫൗള്‍ ചെയ്യാതെ വിജയകരമായി പന്തില്‍ ടച്ച് ചെയ്തെന്നും ഡ്യുവല്‍ വിജയിച്ചുവെന്നുമാണ് വിശദീകരണം. നിയമം ഇങ്ങനെയായിരിക്കെ അർജൻ്റൈൻ ഡിഫൻഡർ സലയുടെ കാലില്‍ കൊളുത്തി വലിക്കുന്നത് വ്യക്തമായിരുന്നു. ബോക്സിനകത്ത് വച്ച് നടന്ന ഈ ഫൗള്‍ റഫറി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

