Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇതാണ് തീക്കളി... !! സ്പെയിനിന് പിന്നാലെ യുറുഗ്വെയേയും വിറപ്പിച്ച്‌ കാബോ വെര്‍ഡെയുടെ ചുണക്കുട്ടികള്‍!

ഇതാണ് തീക്കളി... !! സ്പെയിനിന് പിന്നാലെ യുറുഗ്വെയേയും വിറപ്പിച്ച്‌ കാബോ വെര്‍ഡെയുടെ ചുണക്കുട്ടികള്‍!

News Malayalam 2 days ago

മിയാമി: ലോകകപ്പില്‍ വമ്പൻ ടീമുകള്‍ക്ക് മാരകമായ ഷോക്കേല്‍പ്പിക്കുന്ന പതിവ്, മിയാമിയില്‍ വച്ച്‌ നടന്ന തുടർച്ചയായ രണ്ടാം മത്സരത്തിലും തുടർന്ന് കാബോ വെർഡെയുടെ പുലിക്കുട്ടികള്‍!

ആദ്യ മത്സരത്തില്‍ കരുത്തരായ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ടീം ഇക്കുറി വെള്ളം കുടിപ്പിച്ചത് ലാറ്റിനമേരിക്കയിലെ പ്രബല ശക്തികളായ യുറുഗ്വെയെ ആയിരുന്നു. സ്കോർ യുറുഗ്വെ 2- കാബോ വെർഡെ 2.

എച്ച്‌ ഗ്രൂപ്പിലെ ആവേശപ്പോരാട്ടത്തില്‍ മുൻതൂക്കം യുറുഗ്വെയ്ക്ക് തന്നെയായിരുന്നു. കാബോ വെർഡെ ഗോള്‍പോസ്റ്റിന് നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തിയ വാല്‍വെർഡെയും സംഘവും ആദ്യ മിനിറ്റുകളില്‍ ഗോളിനടുത്ത് വരെയെത്തിയതാണ്. എന്നാല്‍ ഭാഗ്യം അവരെ തുണച്ചില്ല. അതേസമയം, എതിർവശത്ത് കാബോ വെർഡെ ഡിഫൻസ് മികവുറ്റ പ്രതിരോധമാണ് പുറത്തെടുത്തത്.

 കാബോ വെർഡെയുടെ ആദ്യ ലോകകപ്പ് ഗോള്‍ നേടിയ കെവിൻ പിനയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

മത്സരത്തിൻ്റെ 21ാം മിനിറ്റില്‍ യുറുഗ്വെയുടെ ബോക്സിന് പുറത്തുവച്ച്‌ ആഫ്രിക്കൻ ദ്വീപ് രാജ്യത്തിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത കെവിൻ പിന യുറുഗ്വായ് പ്രതിരോധ മതിലിനേയും ഗോളിയേയും കാഴ്ചക്കാരാക്കി പോസ്റ്റിൻ്റെ വലത്തേമൂലയില്‍ പന്തടിച്ചുകയറ്റി. ലോകകപ്പ് ചരിത്രത്തില്‍ കാബോ വെർഡെ എന്ന രാജ്യം നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്.

ഗോള്‍ വീണതോടെ ഇരു ടീമുകളും ഉണർന്നെണീറ്റു. പിന്നാലെ കാബോ വെർഡെയുടെ ഗോള്‍മുഖത്തേക്ക് യുറുഗ്വായ് മുന്നേറ്റനിര ഇരമ്പിയാർത്തു. എങ്കിലും ആദ്യമായി ലോകകപ്പ് കളിക്കുന്ന ആഫ്രിക്കൻ കരുത്തരുടെ പ്രതിരോധ മതിലിനെ മറികടക്കാൻ യുറുഗ്വേയ്ക്ക് 44ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മാക്സിമിലിയാനോ അരാജോയാണ് സമനില ഗോള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ അഗസ്റ്റിൻ കനോബിയോ (45+6) യൂറോപ്യൻ ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. സ്കോർ യുറുഗ്വെ 2 - കാബോ വെർഡെ 1.

രണ്ടാം പകുതിയിലും യുറുഗ്വെ ആക്രമണം കടുപ്പിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധം ഉറച്ചതായിരുന്നു. എന്നാല്‍ 61ാം മിനിറ്റില്‍ യുറുഗ്വേയുടെ പ്രതിരോധ താരം മത്യാസ് ഒലിവേരയ്ക്ക് പിണഞ്ഞ ഒരമളി ടീമിനെ ഗോള്‍ വഴങ്ങുന്നതിലേക്ക് നയിച്ചു. താരം നല്‍കിയ മൈനസ് പാസ് എതിർ ടീമിൻ്റെ സ്ട്രൈക്കറുടെ കാലുകളിലേക്കാണ് പോയത്. പന്ത് മുന്നോട്ടേക്ക് ഓടിയെത്തി തടയാൻ ശ്രമിച്ച ള്‍ കീപ്പർ ഫെർണാണ്ടോ മുസ്ലേരയ്ക്കും പിഴച്ചു.

58ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ കാബോ വെർഡെയുടെ സ്ട്രൈക്കർ ഹെലിയ വരേല അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. ലോകകപ്പിലെ രണ്ടാം ഗോളും നേടി കാബോ വെർഡെ ചരിത്രമെഴുതിയിരിക്കുന്നു. പിന്നാലെ സ്റ്റേഡിയത്തെ ഇളക്കിമറിക്കുന്ന രാജകീയമായ സെലിബ്രേഷനാണ് സഹതാരങ്ങള്‍ക്കൊപ്പം ഹെലിയ വരേല ഗ്രൗണ്ടില്‍ നടത്തിയത്. സ്കോർ യുറുഗ്വെ 2 - കാബോ വെർഡെ 2.

 ടീം സ്പിരിറ്റ്... ജര്‍മനിയുടെ താളംതെറ്റിച്ച ക്യൂറസാവോ

പിന്നീടുള്ള 29 മിനിറ്റുകളില്‍ വിജയഗോള്‍ നേടാൻ ഇരു ടീമുകളും അധ്വാനിച്ച്‌ കളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ യുറുഗ്വേക്ക് എതിരെ നേടിയ ഈ സമനില പോലും കാബോ വെർഡെ എന്ന പുതുമോടിക്കാർക്ക് ചരിത്രവിജയമായി കണക്കിലെടുക്കാം. രണ്ട് സമനില മാത്രം നേടിയ യുറുഗ്വെയ്ക്ക് അവസാന മത്സരത്തില്‍ സ്പെയിനാണ് എതിരാളികള്‍. കാബോ വെർഡെ സൗദി അറേബ്യയേയും നേരിടും. 27ന് രാവിലെ 5.30നാണ് രണ്ട് മത്സരങ്ങളും നടക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam