തിരുവനന്തപുരം: പാചകവാതകവിലവർധനയെ തുടർന്ന് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടുമെന്നും, എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.
19 കിലോ സിലണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് ഇന്ന് കൂട്ടിയത്. 3085 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. കൊല്‍ക്കത്തയില്‍ 3355 രൂപയും ചെന്നൈയില്‍ 3259 രൂപയുമാണ് സിലിണ്ടറിന് വേണ്ടി നല്‍കേണ്ടി വരിക. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
"ചായ മുതല്‍ എല്ലാത്തിനും വില കൂടും"; വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകളെ ബാധിക്കുമെന്ന് ഹോട്ടല്‍ അസോസിയേഷൻ പ്രസിഡൻ്റ്ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില മൂന്ന് തവണ വർധിപ്പിച്ചിട്ടുണ്ട്. മാർച്ചില്‍ 144 രൂപയും തുടർന്ന് ഏപ്രില്‍ 1ന് ഏകദേശം 200 രൂപയുമാണ് വർധിപ്പിച്ചത്. എല്‍പിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എല്‍പിജിയുടെ വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വില വർധന കൂടി വന്നിരിക്കുന്നത്. എല്‍പിജി ലഭ്യതക്കുറവ് ഹോട്ടല്‍ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.
ചായ മുതല്‍ എല്ലാത്തിനും വില വർധിക്കുമെന്നും, വിലകൂട്ടുക അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഹോട്ടല്‍ അസോസിയേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് അസീസ് മൂസ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. പൊതുജനം പോക്കറ്റ് കാലിയാകാതിരിക്കാൻ വില വിവര പട്ടികനോക്കി ഭക്ഷണം കഴിക്കണമെന്നും അസീസ് മൂസ ചൂണ്ടിക്കാട്ടിയിരുന്നു.

