ഇടതുപക്ഷത്തിൻ്റെ മലബാറിലെ കരുത്തുറ്റ ചെങ്കോട്ടകളില്‍ ഒന്നാണ് പേരാമ്പ്ര. ദേശീയ പ്രസ്ഥാനത്തിൻ്റെയും കർഷക, ഭൂസമരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് പേരാമ്പ്രയിലേത്.
ഇത്തവണ പേരാമ്പ്രയിലെ ജനങ്ങള്‍ വിധിയെഴുതുക യുവത്വത്തിൻ്റെ ഊർജം കൈമുതലാക്കിയ ഫാത്തിമ തഹ്‌ലിയയ്ക്കും രാഷ്ട്രീയം അനുഭവസമ്പത്താക്കി നാലാം അങ്കത്തിന് ഇറങ്ങുന്ന ടി.പി. രാമകൃഷ്ണനും വേണ്ടിയാണ്.
പഞ്ചായത്തുകള്‍
പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, നൊച്ചാട്, ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ എന്നിങ്ങനെ പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
1970 ല്‍ കെ.ജി. അടിയോടിയും, 77ല്‍ കെ.സി. ജോസഫുമാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് എംഎല്‍എമാർ. ബാക്കിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനെ ജയിപ്പിച്ച ചരിത്രമാണ് പേരാമ്പ്രയ്ക്ക് ഉള്ളത്.
കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ തഹ്‌ലിയ?
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയ മുഖമായി മാറാൻ ഫാത്തിമ തഹ്‌ലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതല്‍ വലിയ ചലനമാണ് മണ്ഡലത്തില്‍ പ്രകടമാകുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കള്‍ക്കിടയിലുമുള്ള തഹ്‌ലിയയുടെ സ്വാധീനം വോട്ടായി മാറുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടല്‍. ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ഉള്‍പ്പെടെ ഫാത്തിമ തഹ്‌ലിയയുടെ ഇടപെടലുകള്‍ ചർച്ച വിഷയമായി മാറിയിട്ടുണ്ട്.
1996ല്‍ ഖമറുന്നിസ അൻവർ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു. പിന്നീട് 25 വർഷങ്ങള്‍ക്ക് ശേഷം 2021ല്‍ നൂർബിന റഷീദ് ലീഗ് സ്ഥാനാർഥിയായി ജനവിധി തേടി. എന്നാല്‍ ഇരുവരും സഭയയിലെത്താതെ മടങ്ങി. ഇത്തവണ രണ്ടും കല്‍പ്പിച്ച് മത്സരത്തിന് ഇറങ്ങുമ്പോള്‍ ഫാത്തിമ തഹ്‌ലിയയ്ക്ക് വിജയിക്കാനായാല്‍ ലീഗിനെ സംബന്ധിച്ച് അത് ചരിത്രമാകും.
നാലാം അങ്കത്തിന് ടി.പി. രാമകൃഷ്ണൻ
പേരാമ്പ്രയില്‍ നിന്ന് മൂന്ന് തവണ ജയിച്ച് സഭയിലെത്തിയ വ്യക്തിയാണ് ടി.പി. രാമകൃഷ്ണൻ. ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായിരുന്നു. ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയതും രാമകൃഷ്ണൻ്റെ സ്ഥാനാർഥിത്വത്തിന് ഗുണം ചെയ്തു.
നഗരത്തിൻ്റെ ഗതാതഗക്കുരുക്ക് അഴിച്ച പേരാമ്പ്ര ബൈപാസ് മുതല്‍ മേപ്പയ്യൂരിലെ സിന്തറ്റിക് ട്രാക്ക് വരെ ഒട്ടേറെ പദ്ധതികള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കാൻ കഴിഞ്ഞു എന്നത് പ്രധാന വികസന നേട്ടങ്ങളാണ്. ഇവ ഉയർത്തി കാട്ടിയാണ് രാമകൃഷ്ണൻ ഇത്തവണ ജനവിധി തേടുന്നത്. അര നൂറ്റാണ്ടിലേറെയായി പേരാമ്പ്രയിലെ ജനങ്ങള്‍ക്കൊപ്പം തുടരുന്ന രാമകൃഷ്ണനെ പേരാമ്പ്രക്കാർ ഇത്തവണയും സഭയിലെത്തിക്കുമോ എന്ന് കാണാം.

