Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തൂക്ക്: വിജയ് ജയിച്ചത് ഇങ്ങനെയാണ് !

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തൂക്ക്: വിജയ് ജയിച്ചത് ഇങ്ങനെയാണ് !

News Malayalam 3 weeks ago

മിഴകത്ത് പുതിയൊരു രാഷ്ട്രീയ ചരിത്രം ആരംഭിച്ചിരിക്കുകയാണ് മെയ് 4ലെ നിയമസഭ വോട്ടെണ്ണലിന് ശേഷം. ജോസഫ് വിജയ് എന്ന സിനിമ താരം വെറും രണ്ട് കൊല്ലത്തിനിടെ പുതുതായി രൂപീകരിച്ച പാര്‍ട്ടിയുമായി തമിഴകത്തിന്‍റെ അധികാരം ഏറാന്‍ പോകുന്നു.

സിനിമ സ്റ്റെലില്‍ പറഞ്ഞാല്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തൂക്ക്. തമിഴകം ആയതിനാല്‍ തീര്‍ച്ചയായും വിജയ്‍യുടെ ഈ വിജയം എംജിആറിന്‍റെ വിജയവുമായി നടത്തുന്ന താരതമ്യങ്ങള്‍ ഒഴിവാക്കാനാകാത്തതാണ്.

കാരണം, സ്ക്രീനില്‍ ഒരു മാസ് എന്‍ട്രി നടത്തി പ്രതീക്ഷകള്‍ക്ക് അപ്പുറം ശോഭിക്കുന്ന താരം തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ തകർത്തിരിക്കുകയാണ്. 108 സീറ്റുകളാണ് ടിവികെ നേടിയിരിക്കുന്നത് മത്സരിച്ചത് 233 സീറ്റില്‍. പുതുച്ചേരിയിലും നേടി രണ്ട് സീറ്റുകള്‍. തുടര്‍ഭരണം പ്രതീക്ഷിച്ച എംകെ സ്റ്റാലിന്‍റെ ഡിഎംകെയുടെ മോഹങ്ങള്‍ ശരിക്കും തകര്‍ത്തു വിജയ്. എന്തിന് ടിവികെ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ വീണത് സാക്ഷാല്‍ സ്റ്റാലിന്‍ തന്നെ. കുളത്തൂരില്‍ വന്‍ പരാജയം.

2021-ല്‍ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇത്തവണ സ്വന്തം കോട്ടയില്‍ കാലിടറി. ഡിഎംകെയുടെ തട്ടകത്തില്‍ സ്റ്റാലിനെ മുട്ടുകുത്തിച്ച്‌ ചരിത്രം കുറിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി.എസ്.ബാബു എന്ന 75-കാരനാണ്. മുന്‍ ഡിഎംകെ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.

ഇത് എങ്ങനെ സംഭവിച്ചു?

ടിവികെ വിജയത്തിന് എളുപ്പത്തില്‍ പറയാവുന്ന ചില കാരണങ്ങള്‍ മുന്‍പ് തന്നെ പറഞ്ഞ് കേട്ടതാണ്. ഒന്നാമത് സിനിമാതാരങ്ങളെ ആരാധിക്കുകയും അവരെ തങ്ങളുടെ രാഷ്ട്രീയ നേതൃത്വമായി അംഗീകരിക്കുകയും ചെയ്തിട്ടുള്ള ചരിത്രമുള്ള തമിഴ്നാട് വീണ്ടും ആ തീരുമാനം എടുത്തതായിരിക്കാം. തമിഴ്നാട്ടിന് പുറത്തുള്ളവർക്കിടയില്‍ ഈ കാരണമാണ് വിജയ്‍യുടെ വിജയത്തിന് കാരണമായി പ്രചരിക്കുന്നത്. തമിഴ്നാട്ടിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചുള്ള പൊതുവായതും ലളിതവുമായ ധാരണയാണ് ഇത്. എംജിആര്‍ 1977-ല്‍ അധികാരത്തിലെത്തിയപ്പോള്‍ അത് തെളിഞ്ഞു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജെ. ജയലളിത 1991-ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഈ ട്രെന്‍റാണ് പ്രവര്‍ത്തിച്ചത് എന്നാണ് നാം മനസിലാക്കിയതും.

എന്നാല്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഘടന ഈ ഒരു രീതിയില്‍ മാത്രം ഉള്ളതല്ല. വിജയിച്ച എംജിആര്‍ ആയാലും ജയലളിത ആയാലും അതില്‍ ഒരു ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ശൈലിയും പാരമ്പര്യവും ഉണ്ട്. പിന്നീട് ഇരുവരുടെയും ശൈലിയും പ്രത്യയശാസ്ത്രവും വച്ച്‌ അതില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആ രാഷ്ട്രീയ പാരമ്പര്യത്തോട് ലയിക്കുകയും അതിനോടുള്ള പ്രതിബദ്ധത പുലർത്തുകയും തമിഴകത്തിന്‍റെ പ്രത്യേക സാംസ്കാരിക സ്വഭാവത്തെ ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു ഇവരുടെ രാഷ്ട്രീയം. അതായത് ഇത് മനസിലാക്കാതെ ഏറ്റവും ജനപ്രിയമായ സിനിമാതാരത്തിനും പോലും അത്രയും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ സാധിക്കണമെന്നില്ല.

ഉദാഹരണമായി രജനീകാന്തിന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് സംഭവിച്ച കാര്യം നോക്കൂ. ഏറെക്കാലമായി ചർച്ചയായിരുന്ന പാർട്ടി രൂപീകരണം യാഥാർത്ഥ്യമാകാതെ പോയി. പിന്നീട് അദ്ദേഹം സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്റെ രാഷ്ട്രീയ പദ്ധതികള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാർട്ടി രൂപീകരിച്ചു. എങ്കിലും, തമിഴ്നാട്ടിലെ മൂന്നാം ശക്തിയാകാം എന്ന മോഹത്തില്‍ തുടങ്ങിയ രാഷ്ട്രീയ ശ്രമത്തിന് 2019 ലോക്സഭ തിരഞ്ഞെടുപ്പിലും 2021 നിയമസഭ തിരഞ്ഞെടുപ്പിലും ഒരു സീറ്റും നേടാൻ കഴിഞ്ഞില്ല. ഒടുക്കം പാര്‍ട്ടി രൂപീകരണത്തിന്‍റെ തുടക്കത്തില്‍ എതിര്‍ത്ത ഡിഎംകെ പാളയത്തില്‍ ചേര്‍ന്ന് രാജ്യസഭ എംപിയായി.

എന്നാല്‍ അത്തരത്തില്‍ ഒരു രീതിയല്ല വിജയ് സ്വീകരിച്ചത്. വിജയ്‍യുടെ പാര്‍ട്ടിക്ക് സംഘടന ശരീരം ഉണ്ടോ എന്ന സംശയമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള തടസ്സമായി രാഷ്ട്രീയ നിരീക്ഷകര്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ താനാണ് സംഘടന, താരപ്രഭയാണ് പാര്‍ട്ടി, ഭരണവിരുദ്ധ വികാരമാണ് വോട്ട് എന്ന രീതിയിലാണ് വിജയ് പ്രചാരണം നടത്തിയത്. തന്‍റെ ആരാധക സംഘങ്ങളെ പാര്‍ട്ടിയാക്കി മാറ്റി. ഒപ്പം സെങ്കോട്ടയ്യന്‍ പോലുള്ള സീനിയര്‍ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ചും ശ്രമം നടത്തി. പ്രശാന്ത് കിഷോര്‍ ആണ് വിജയ്‍ക്ക് വേണ്ടി തന്ത്രം മെനഞ്ഞത്. ആദവ് അര്‍ജ്ജുന്‍ ആയിരുന്നു തമിഴകത്തെ അതിന്‍റെ നടത്തിപ്പുകാരന്‍. ഡിഎംകെ നേതൃനിര ഒരു പേര് പറഞ്ഞ് പോലും സ്റ്റാലിനെ പരാമര്‍ശിക്കാത്ത സമയത്തും അതാണ് പ്രവര്‍ത്തനം എന്ന നിലയില്‍ വിജയ്‍ നടത്തിയത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വിജയ് വിക്രം വണ്ടിയിലെ ആദ്യത്തെ പൊതുസമ്മേളനത്തിന് ശേഷം എത്ര മണിക്കൂര്‍ പൊതുജനമധ്യത്തില്‍ പ്രചാരണത്തിന് എത്തി എന്നത് കണക്കാക്കിയിരുന്നു ചില തമിഴ് മാധ്യമങ്ങള്‍. രണ്ട് കൊല്ലത്തിനിടെ വിജയ് ഇത്തരത്തില്‍ ഒന്നര മാസത്തില്‍ താഴെയാണ് പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്ന് കണ്ടെത്തി. അതായത് രണ്ട് കൊല്ലത്തോളം പഴക്കുള്ള പാര്‍ട്ടി ഒറ്റ താരപ്രചാരകന്‍, പ്രചാരണ കാലയളവ് ഇളക്കി മറിച്ചത് തമിഴക രാഷ്ട്രം ശരിക്കും അത്ഭുതകരമായ വിജയം. ആക്സിസ് മൈ ഇന്ത്യയുടെ സര്‍വേ തമിഴ്നാട്ടില്‍ വിജയ് കേവല ഭൂരിപക്ഷത്തിന് അടുത്ത് എത്തും എന്ന് പ്രവചിച്ചപ്പോള്‍ പരിഹസിച്ച രാഷ്ട്രീയ വൃത്തങ്ങള്‍ ശരിക്കും ഞെട്ടി.

ഡിഎംകെയുടെ പരാജയം

ഡിഎംകെയുടെ പരാജയം ഒരു സാധാരണ ഭരണവിരുദ്ധ വികാരത്തിന്‍റെ പുറത്താണ് എന്ന വിശകലനം തീര്‍ച്ചയായും വരും. അതിന് പ്രാധാന്യമുണ്ടെങ്കിലും, എം.കെ. സ്റ്റാലിൻ നയിച്ച സർക്കാർ ചില ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്കുള്ള പ്രതിമാസ ധനസഹായം പോലുള്ള പ്രധാന സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി തമിഴ്നാട് മാറിയതോടൊപ്പം സംസ്ഥാനത്തിന്റെ ശക്തമായ ഇരട്ട അക്ക വളർച്ചയും ഡിഎംകെ ഉയർത്തിക്കാട്ടിയ "ദ്രാവിഡ മോഡല്‍" എന്ന നറേറ്റീവിന് ശക്തിപകർന്നു.

എന്നാല്‍ പരാജയങ്ങളും ഗൗരവമുള്ളവയായിരുന്നു. പ്രത്യേകിച്ച്‌ അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളും. മുന്‍പുള്ളതിനേക്കാള്‍ കുറവാണെങ്കിലും ഭൂമി കൈയ്യേറ്റം പോലുള്ള പ്രശ്നങ്ങള്‍ ഡിഎംകെയോടുള്ള ജനത്തിന്‍റെ അഭിമുഖ്യം കുറച്ചിരുന്നു. ഒപ്പം പൊലീസ് അതിക്രമങ്ങളും ഗുണ്ട ആക്രമണങ്ങളും പ്രധാന പരാതി ആയിരുന്നു.

എന്നാല്‍ ഭരണരംഗത്തെ ഈ പരാതികളെ വേണ്ട രീതിയില്‍ ഡിഎംകെ കൈകാര്യം ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഫെഡറലിസവും തമിഴ് ഐഡന്റിറ്റിയും പോലുള്ള വലിയ രാഷ്ട്രീയ ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഡിഎംകെ പോയത്. അത് പ്രധാന വിഷയങ്ങള്‍ ആണെങ്കിലും അതിന് കീഴിലായി പോയ ഭരണവിരുദ്ധ വികാരം ആളികത്തുന്നുണ്ടായിരുന്നു. അത് വിജയ് നന്നായി വിനിയോഗിക്കുകയും ചെയ്തു.

ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍, ഹിന്ദി നിർബന്ധന ഭീഷണിയും മണ്ഡല പുനർനിർണയവും പോലുള്ള വിഷയങ്ങള്‍ സ്റ്റാലിൻ സർക്കാരിന് രാഷ്ട്രീയമായി അനുകൂലമായ അവസരങ്ങളായി ലഭിച്ചുവെന്നായിരുന്നു രാഷ്ട്രീയ വിലയിരുത്തല്‍. പുതിയ വിദ്യാഭ്യാസ നയത്തെയും (NEP) നീറ്റ് പരീക്ഷയെയും ചുറ്റിപ്പറ്റിയ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പോലും തമിഴ് താല്‍പര്യങ്ങളെ തകർക്കുന്ന നടപടികളായി അവതരിപ്പിക്കപ്പെട്ടു.

എന്നാല്‍ ഇതൊന്നും ആത്യന്തികമായി സ്റ്റാലിനെയോ ഡിഎംകെയോ തുണച്ചില്ല. സംസ്ഥാന ജനങ്ങള്‍ക്ക് യഥാർത്ഥത്തില്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഡിഎംകെ അകന്നുപോയെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തിയാക്കുന്നതായിരുന്നു ഈ ക്യംപെയിനുകള്‍ എന്നാണ് ഫലം നല്‍കുന്ന സൂചന. എന്നാല്‍ എന്തെങ്കിലും ബദല്‍ പറഞ്ഞല്ല വിജയ് ജയിച്ചത് എന്ന രാഷ്ട്രീയ വിമര്‍ശനം ഉണ്ട്. സ്റ്റാലിന്‍ ഭരണത്തെയാണ് വിജയ് ആക്രമിച്ചത്. പകരം പതിവ് പോലെ ഫ്രീബിസ് പ്രഖ്യാപിച്ചു. ഒപ്പം യുവാക്കളുടെ വിശ്വാസം നേടി. ഡിഎംകെയോട് ജനത്തിന് തോന്നിയ മടുപ്പ് അവര്‍ക്ക് എവിടെയങ്കിലും വോട്ട് ചെയ്ത് തീര്‍ക്കണമായിരുന്നു. അതിന് ഏറ്റവും നല്ല ഓപ്ഷനായി വിജയ് എത്തി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കാണാത്ത വികാരം, വിജയ് കണ്ടു !

വിജയിയുടെ അതിശയിപ്പിക്കുന്ന വിജയം ഒടുവില്‍ കാണിച്ചുതരുന്നത് തമിഴ്നാട്ടിലെ ഭരണവിരുദ്ധ വികാരം പല രാഷ്ട്രീയ നിരീക്ഷകരും വിദഗ്ധരും കരുതിയതിലുപരി ആഴത്തിലുള്ളതായിരുന്നു എന്നതാണ്. ഒരു വശത്ത് ദീർഘകാലമായി മാറി മാറി വരുന്ന ഡിഎംകെ എഡിഎംകെ രാഷ്ട്രീയ മത്സരത്തോടുള്ള ജനങ്ങളുടെ മടുപ്പും വിജയ്‍യുടെ വിജയത്തിന് ഘടകമായതായി കാണാം. മറ്റൊരു വശത്ത് പുതിയ പ്രതീക്ഷയായും വിജയ്‍യെ യുവാക്കള്‍ അടക്കം പരിഗണിച്ചിട്ടുണ്ട്. കൂടാതെ 21-ാം നൂറ്റാണ്ടില്‍ സാമൂഹ്യനീതി രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന ചോദ്യത്തെ ഗൗരവമായി പരിഗണിക്കാതെ, ഇപ്പോഴും ദ്രാവിഡ പ്രസ്ഥാനത്തിന്റെ പഴയ രാഷ്ട്രീയ ഭാഷയിലൂടെ സംസാരിക്കുന്ന തമിഴ് രാഷ്ട്രീയത്തില്‍ വിജയ് പുതിയ മുഖമായി ജനത്തിന് തോന്നി.

എംജിആറും വിജയ്‍യും

എംജിആറുമായുള്ള വിജയ്‍യുടെ താരതമ്യത്തില്‍ വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. ദളപതിയുടെ ഈ വമ്പൻ വിജയം ചരിത്രപരമായിരിക്കാം, പക്ഷേ "പുരൈച്ചി തലൈവര്‍" എംജിആറുമായുള്ള സാമ്യം അവിടെത്തന്നെ അവസാനിക്കുന്നുവെന്നതാണ് വാസ്തവം. എംജിആർ, എല്ലാത്തിനുമുപരി, ഉറച്ച ആശയധാരയുള്ള നേതാവായിരുന്നു. സി.എൻ. അണ്ണാദുരൈയുടെ മാർഗനിർദേശത്തില്‍ വളർന്ന അദ്ദേഹം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചൂടുപിടിച്ച സാഹചര്യങ്ങളിലൂടെയാണ് രൂപംകൊണ്ടത്.

1977-ല്‍ അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നത് ദീർഘകാല രാഷ്ട്രീയ-സാമൂഹിക പ്രവർത്തന പാരമ്പര്യമായിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകളിലെ സന്ദേശങ്ങളും അതിന് വലിയ പിന്തുണയായി. വിജയ് തന്‍റെ മാസ് മസാല ചിത്രങ്ങളില്‍ പ്രയോഗിക്കുന്ന കാര്യങ്ങള്‍ അത്തരത്തില്‍ ഒരു പിന്തുണ നല്‍കിയേക്കാം. എന്നാല്‍ രണ്ട് വർഷം മുമ്പാണ് വിജയ് ടിവികെ ആരംഭിച്ചത്. അദ്ദേഹത്തിന് രാഷ്ട്രീയമോ ഭരണപരമോ ആയ അനുഭവസമ്പത്ത് ഒന്നുമില്ല. ഡിഎംകെയെ ടിവികെയുടെ "രാഷ്ട്രീയ എതിരാളി"യെന്നും ബിജെപിയെ "പ്രത്യയശാസ്ത്ര എതിരാളി"യെന്നും വിജയ് വിശേഷിപ്പിച്ചിട്ടുണ്ട്.

ഗ്രാമീണ വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച്‌ അത് നിരോധിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ചില പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട് വിജയ്. ഡിഎംകെയും പിന്തുണയ്ക്കുന്ന ഒരു നിലപാടാണത്. എന്നാല്‍ ചില സൗജന്യ പ്രഖ്യാപനത്തിന് അപ്പുറം സത്യസന്ധമായ ഒരു ഭരണകൂടം എന്ന അവ്യക്തമായ ആശയത്തിന് അപ്പുറം, തമിഴ്നാടിനായി വിജയ് കൃത്യമായി എന്താണ് ലക്ഷ്യമിടുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

എംജിആറിനൊപ്പം എത്താന്‍ ഭരണത്തിലും മികവ് തെളിയിക്കേണ്ടി വരും വിജയ്. അതേസമയം വിജയ് കുറഞ്ഞത് ഒരു മുന്നറിയിപ്പായെങ്കിലും എടുക്കേണ്ട മറ്റൊരു രാഷ്ട്രീയ നേതാവായ താരത്തിന്‍റെ കഥയുണ്ട് തമിഴകത്ത്. 2005-ല്‍ ദേശിയ മുന്‍പ്പോക്ക് ദ്രാവിഡ കഴകം രൂപീകരിച്ച ക്യാപ്റ്റൻ വിജയകാന്ത്, അഴിമതിവിരുദ്ധ വികാരം മുതലെടുത്ത് 2011-ല്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയ്ക്ക് പിന്നില്‍ രണ്ടാമത്തെ വലിയ പാർട്ടിയായി ഉയർന്നു.

"കറുപ്പ് എംജിആർ" എന്നറിയപ്പെട്ടിരുന്ന ക്യാപ്റ്റൻ തന്നെ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹവും വിജയകാന്തിനുണ്ടായിരുന്നു. 2011-ന് ശേഷം അദ്ദേഹം തന്നെ ഒരു കിംഗ്‌മേക്കറായി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ, നേതാവിനെ ചുറ്റിപ്പറ്റിയ വ്യക്തിപൂജയും പാർട്ടിക്കുള്ളില്‍ രണ്ടാംനിര നേതൃത്വത്തിന്റെ അഭാവവും കാരണം ഡിഎംഡികെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു ചെറുകക്ഷിയായി ചുരുങ്ങി. സ്ഥാപകന്‍റെ ആകർഷണശക്തിയെയും ആരാധകവൃന്ദത്തെയും മാത്രം ആശ്രയിക്കുന്നതായി തോന്നുന്ന വിജയ്‍യുടെ ടിവികെയ്ക്കും, ആഘോഷങ്ങള്‍ അവസാനിച്ച്‌ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും യഥാർത്ഥ പരീക്ഷണം ആരംഭിക്കുമ്പോള്‍ ഇതില്‍ നിന്ന് മനസിലാക്കുവാന്‍ കാര്യങ്ങളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam