Dailyhunt
പ്രചാരണമൊടുങ്ങി... പെയ്തുതീരാതെ വിവാദങ്ങള്‍

പ്രചാരണമൊടുങ്ങി... പെയ്തുതീരാതെ വിവാദങ്ങള്‍

News Malayalam 1 week ago

കേരളത്തെ ഇളക്കിമറിച്ച നിയമസഭാ പ്രചാരണത്തിന് കൊട്ടിക്കലാശമായിരിക്കുന്നു. മാര്‍ച്ച്‌ 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതല്‍ അവകാശവാദങ്ങളും ഭരണനേട്ടങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ച്‌ വിജയതീരമണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ തന്നെ പാര്‍ട്ടികള്‍ക്ക് ഏറ്റവും കുറവു സമയം പ്രചാരണത്തിനു കിട്ടിയ തിരഞ്ഞെടുപ്പുകളൊന്നാണെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവിന്റെ വിസ്മയ പ്രഖ്യാപനം മുതല്‍ രേവന്ത് റെഡ്ഡിക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി വരെ നിരവധി മാസ് ഡയലോഗുകളും വിവാദങ്ങളും അടങ്ങിയ 2026ലെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വിലയിരുത്താം

പ്രചാരണമൊടുങ്ങി; പെയ്തുതീരാതെ വിവാദങ്ങള്‍

പത്തുവര്‍ഷത്തെ ഭരണനേട്ടം മുന്‍നിര്‍ത്തി മൂന്നാംവട്ടവും അധികാരത്തിലെത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. സകലരംഗത്തും ഭരണവിരുദ്ധവികാരം പ്രകടമാണെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രവര്‍ത്തനമികവ് കേരളത്തില്‍ വീണ്ടും അക്കൗണ്ടു തുറക്കാനും കരുത്തുകാട്ടാനും അവസരമൊരുക്കുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎയ്ക്കുള്ളത്. മലബാറില്‍ വന്‍ തിരിച്ചുവരവും മധ്യകേരളത്തില്‍ മുന്‍തൂക്കവും തെക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനവും യു.ഡി.എഫ് കണക്കുകൂട്ടുന്നു...മലബാറിലെ കരുത്ത് ചോരില്ലെന്നും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മികച്ച പ്രകടനം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന ബിജെപി അഞ്ചിലേറെ സീറ്റുകളില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ്.

അവസാനിക്കാത്ത ഡീല്‍ വിവാദങ്ങള്‍

ജി. സുധാകരന്‍, പി. ആയിഷ പോറ്റി ,സി.സി. മുകുന്ദന്‍ , പി.കെ. ശശി, എ. സുരേഷ് എന്നീ പ്രമുഖരെ യു. ഡി.എഫിലെത്തിച്ച്‌ 'വിസ്മയം' കാട്ടിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് 'ഡീല്‍ വിവാദം' പ്രചാരണകാലഘട്ടത്തിലുടനീളം സജീവമായി നിലനിറുത്താനായി. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്താന്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും കൈ കോര്‍ത്തു എന്ന ആരോപണത്തുടര്‍ച്ചയായി എല്‍.ഡി.എഫ്- എസ്‌ഡിപിഐ ബന്ധവും അദ്യാന്തം ചര്‍ച്ചയാക്കാനും പ്രതിപക്ഷത്തിനായി. ഇങ്ങോട്ടു പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് എല്‍ഡിഎഫ് പറഞ്ഞില്ല. അതേസമയം ഒരു ബന്ധവും എസ്‌ഡിപിഐയുമായി ഇല്ലെന്ന് മുഖ്യമന്ത്രിയടക്കം വിശദീകരിച്ചു. പ്രതിപക്ഷനേതാവിനോട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ വേണ്ടെന്ന് പറയാന്‍ തയ്യാറുണ്ടോ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരിച്ചടിച്ചു. മഞ്ചേശ്വരത്ത് എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കുമെന്ന് ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപിച്ചതും നാം കണ്ടു.

വയനാട് ദുരന്ത ഫണ്ട് വിവാദം

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങള്‍ ഒതുക്കിത്തീര്‍ത്ത് കളത്തിലിറങ്ങിയ കോണ്‍ഗ്രസില്‍ പല ഘട്ടങ്ങളിലും മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവെങ്കിലും വിവാദങ്ങളിലേക്കു പോകാതെ നേതൃത്വം ശ്രദ്ധിച്ചു. അവര്‍ക്ക് പ്രധാന തലവേദനയായത് വയനാട് വീട് വിവാദമായിരുന്നു. മുണ്ടക്കൈ- ചൂരല്‍ മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി തറക്കല്ലിട്ടെങ്കിലും മുന്നോട്ടുപോയില്ലെന്നത് സിപിഐഎം വന്‍ വിവാദമാക്കി. കെപിസിസി ഫണ്ട് പിരിവ് സുതാര്യമായല്ലെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി അടക്കം ഉന്നയിച്ചു. ഫെബ്രുവരി 26നാണ് മേപ്പാടി കുന്നമ്പറ്റയിലെ ഭൂമിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് വീടുകള്‍ക്ക് തറക്കല്ലിട്ടത്. ഒരാഴ്ചക്കകം 100 വീടുകള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നിലം ഒരുക്കി നിര്‍മാണ വേലി കെട്ടിയതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും നടന്നില്ല. സര്‍ക്കാര്‍ കൈമാറിയ ടൗണ്‍ഷിപ്പിലെ വീടുകള്‍ താമസ യോഗ്യമായില്ലെന്ന് ആരോപിച്ച്‌ യുഡിഎഫും രംഗത്തുവന്നു.

ശബരിമല വിവാദവും സി.പി.ഐ.എം പ്രതിരോധവും

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയ ശബരിമല സ്വര്‍ണക്കൊള്ള നിയമസഭാ തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ച വിഷയമായി തുടര്‍ന്നു. സ്വര്‍ണക്കവര്‍ച്ചയിലെ എല്‍ഡിഎഫ് ദേവസ്വം ബോര്‍ഡുകളുടെയും നേതാക്കളുടെയും പങ്ക് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെയും സിപിഐഎമ്മിനെയും കോണ്‍ഗ്രസ് നേതൃത്വം ആക്രമിച്ചു. യുഡിഎഫ് പിന്തുണയോടെയുള്ള ജി. സുധാകരന്റെ സ്ഥാനാര്‍ഥിത്വം, പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനും പാര്‍ട്ടിവിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാന്‍ വന്നത്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തില്‍ പരിഗണിച്ചത് എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി.. അതേസമയം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഇടഞ്ഞത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയെങ്കിലും ഒടുവില്‍ അനുനയിപ്പിക്കാന്‍ നേതൃത്വത്തിനായി.

വര്‍ഗീയത വിഷയം തന്നെയാണ്

യുഡിഎഫും എല്‍ഡിഎഫും അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് ഉണ്ടാകുമെന്ന് പറഞ്ഞത് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആയിരുന്നു. ഗുരുവായൂരില്‍ 50 വര്‍ഷമായിട്ടും എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഇല്ല എന്നു ചോദിച്ചതാകട്ടെ, ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും. ഈ പ്രസ്താവനകള്‍ ഇടതുവലതുമുന്നണികള്‍ ആയുധമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവാദമായ എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരെ എല്ലാ സഭകളും രംഗത്തുവന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി പ്രചാരണം അവസാനത്തോടടുക്കുമ്പോള്‍ തൃശൂര്‍ ജില്ലയില്‍ മണലൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്കെതിരായി കിറ്റ് വിവാദവും ഉയര്‍ന്നു. പേരാമ്പ്ര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയ മതം പറഞ്ഞ് വോട്ടുചോദിക്കുന്നു എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടന വാഹന അനൗണ്‍സ്‌മെന്റ് വിവാദമായിരുന്നു. ഒരു സമുദായത്തെ അവഹേളിക്കുന്നതാണ് അനൗണ്‍സ്‌മെന്റ് എന്ന വാദം ശക്തമാക്കി വ്യപക പ്രചാരണത്തിലാണ്, യുഡിഎഫ്. സിപിഐഎം നേതാവ് സി.എസ്. സുജാത, താന്‍ നായര്‍ സമുദായത്തില്‍പ്പെട്ട ആളാണെന്ന് കാണിക്കാനാണ് മുല്ലപ്പൂവും തുളസിപ്പൂവും ചൂടി വോട്ട് ചോദിക്കാന്‍ പോകുന്നതെന്ന് ജി.സുധാകരന്‍ ആരോപിച്ചത് വിവാദമായി.

കൈവിട്ട വാക്കുകള്‍

മുഖ്യമന്ത്രിയുടെ പല പരാമര്‍ശങ്ങളും പ്രചാരണവേളയില്‍ വിവാദമായി. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'പോ മോനേ വിജയാ' എന്ന പരാമര്‍ശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ -ഡാഷ് മോനേ രേവന്താ. എന്ന് തിരിച്ചടിച്ചത് ചര്‍ച്ചയായിട്ടുണ്ട്. ജി. സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത് രാഷ്ട്രീയ ചെറ്റത്തരം ആണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രചാരണയോഗത്തില്‍ 'ഒരുചോദ്യം' എന്ന് പറഞ്ഞയാളോട് വീട്ടില്‍ പോയി ചോദിക്ക് എന്ന് മുഖ്യമന്ത്രി പറഞ്ഞതും ചര്‍ച്ചക്ക് തിരികൊളുത്തി.

പ്രളയാരോപണവും ആത്മഹത്യയും

കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണല്‍ ലോബിക്ക് വേണ്ടി മന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണെന്നും ആരോപണം ഉന്നയിച്ച മുവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്‍നാടന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടതാണ് ഒടുവില്‍ ഉയര്‍ന്ന വിവാദം. മന്ത്രി മാത്യൂ ടി. തോമസിനെതിരെ ആയിരുന്നു ആരോപണം. കോട്ടയം വൈക്കം തലയാഴത്തെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ചതും കൊട്ടിക്കലാശ ദിവസം പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫ്, ബിജെപി മുന്നണികള്‍.

പ്രളയാരോപണവും ആത്മഹത്യയും

കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണല്‍ ലോബിക്ക് വേണ്ടി മന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണെന്നും ആരോപണം ഉന്നയിച്ച മുവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്‍നാടന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടതാണ് ഒടുവില്‍ ഉയര്‍ന്ന വിവാദം. മന്ത്രി മാത്യൂ ടി. തോമസിനെതിരെ ആയിരുന്നു ആരോപണം. കോട്ടയം വൈക്കം തലയാഴത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ചതും കൊട്ടിക്കലാശ ദിവസം പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫ്, ബിജെപി മുന്നണികള്‍.

ആത്മവിശ്വാസത്തില്‍ മുന്നണികള്‍

ഭരണവിരുദ്ധ വികാരം ഇല്ലെന്നുറപ്പിച്ച്‌ ഹാട്രിക്ക് ഭരണത്തിന് ഇടതുമുന്നണി ഒരുങ്ങുമ്പോള്‍ അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നുറപ്പിക്കുകയാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചാരണ കലായളവില്‍ ഉയര്‍ന്ന വിഷയങ്ങള്‍ ജനം സജീവമായി ചര്‍ച്ചചെയ്യുന്നുണ്ട്. വളരെ ചെറിയ ശതമാനം പേരുടെ നിഷ്പക്ഷ വോട്ടുകളിലെങ്കിലും ഈ അവസാന പ്രചാരണങ്ങള്‍ പ്രതിഫലിച്ചേക്കും. ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ വോട്ടായി മാറുമോ അതോ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. ജനവിധി എന്തായാലും കേരള രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാകുമെന്നുറപ്പാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam