Dailyhunt
പ്രവാസികള്‍ ജനസംഖ്യ കണക്കിന്  പുറത്താകുമോ?

പ്രവാസികള്‍ ജനസംഖ്യ കണക്കിന് പുറത്താകുമോ?

News Malayalam 4 days ago

നികുതി ചുമത്തുന്നതിനും സംസ്ഥാന നയം നടപ്പിലാക്കുന്നതിനുമായി പൗരാണിക ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നിരുന്നുവെന്ന് കൗടില്യന്റെ അർഥശാസ്ത്രത്തില്‍ പറയുന്നുണ്ട്.

മുഗള്‍ ചക്രവർത്തി അക്ബറിന്റെ ഭരണകാലത്തും ജനസംഖ്യ, വ്യവസായം, സമ്പത്ത്, മറ്റ് സാമൂഹിക ഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചിരുന്നതായി 'ഐൻ-ഇ-അക്ബരി'യിലും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രീട്ടിഷ് കോളോണിയല്‍ കാലത്ത് തുടർച്ചയായ ഇടവേളകളില്‍ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സെൻസസ് എടുത്തിരുന്നു. സ്വതന്ത്ര്യാനന്തരം, ഇന്ത്യയില്‍ സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സെൻസസിന്റെ നടപടിക്രമങ്ങളും നടന്നു.. എന്നാല്‍ കോവിഡ് മഹാമാരിയില്‍ കുടുങ്ങി പത്തുവർഷത്തിലൊരിക്കല്‍ നടന്നുവരാറുള്ള ജനസംഖ്യ കണക്കെടുപ്പ് 2021ല്‍ നടന്നില്ല. അഞ്ച് വർഷം വൈകിയ കണക്കെടുപ്പ് ഇപ്പോഴിതാ ജൂണ്‍ 16 മുതല്‍ തുടങ്ങുകയാണ്. വൈകാതെ ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം പുന:ക്രമീകരണങ്ങളും ഉണ്ടാകും. ഇതിനിടെയാണ്, പ്രവാസികള്‍ ജനസംഖ്യ കണക്കെടുപ്പില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്ക ഉയരുന്നത്. ഈ പശ്ചാത്തലമാണ് ഇന്നത്തെ സ്‌പോട്ട്‌ലൈറ്റ് പരിശോധിക്കുന്നത്.

പ്രവാസികള്‍ ജനസംഖ്യ കണക്കിന് പുറത്താകുമോ?

രണ്ട് ഘട്ടമായുള്ള 2027ലെ സെൻസസ് നടപടികളില്‍ ആദ്യഘട്ടം സ്വയം കണക്കെടുപ്പും വീടുകളുടെ പട്ടിക തയാറാക്കലും ആണ്. ജാതി ഉള്‍പ്പെടെ, വിവിധ ജനവിഭാഗങ്ങളുടെ സാമൂഹിക, സാംസ്‌കാരിക സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരശേഖരണമാണ് രണ്ടാംഘട്ടം. കേരളത്തില്‍ ജൂണ്‍ 16 മുതല്‍ 30 വരെയുള്ള 15 ദിവസം ഓണ്‍ലൈൻ പോർട്ടല്‍ വഴി സെല്‍ഫ് എന്യൂമറേഷൻ നടക്കും. വീടു കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി, വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനമാണിത്. 34 ചോദ്യങ്ങള്‍ക്കാണ് ഇതില്‍ ഉത്തരം നല്‍കേണ്ടത്. ഓണ്‍ലൈനായി ചെയ്യാൻ കഴിയാത്തവർ, എന്യൂമറേറ്റർമാർ വീട്ടിലെത്തുമ്പോള്‍ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയാലും മതി. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രില്‍ ഒന്നിനും ആഗസ്റ്റ് 31നുമിടയില്‍ 15 ദിവസമാണ് സെല്‍ഫ് എന്യൂമറേഷന് അനുവദിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത കാലയളവാണ്.

പൂട്ടിക്കിടക്കുന്ന വീടുകള്‍ പുറത്താകും

വീട്, വീട്ടുകാർ , ആസ്തി എന്നീ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ എന്യൂമറേറ്റർ തേടുക. ഈ ഘട്ടത്തില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉണ്ടെങ്കില്‍ സെൻസസില്‍ ഉള്‍പ്പെടുത്താനാകില്ല എന്ന് സെൻസസ് കമീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. സെൻസസ് സാധാരണ താമസക്കാർക്ക് ഉള്ളതാണെന്നും എന്യൂമറേറ്റർമാർ പരിശോധനക്കെത്തുമ്പോള്‍ വീടുകളിലുള്ളവർ മാത്രമാണ് സെൻസസില്‍ ഉള്‍പ്പെടുക എന്നുമാണ് അധികൃതരുടെ വിശദീകരണം. എല്ലാ പ്രവാസികളും പുറത്തുപോവില്ല, മറിച്ച്‌ ജോലി ആവശ്യത്തിനും മറ്റും വീടുകള്‍ അടച്ചുപൂട്ടി രാജ്യത്തിന് പുറത്തുപോയ പ്രവാസികള്‍ ഉള്‍പ്പെടെ ഉള്ളവർ കണക്കെടുപ്പില്‍ നിന്ന് പുറത്താകും. വീടുകളില്ലാത്ത ഭവനരഹിതരുടെയും നാടോടികളുടെയും സന്യാസികളുടെയും കാര്യത്തില്‍ എന്ത് നടപടിക്രമം സ്വീകരിക്കുമെന്ന് ആദ്യഘട്ടം കഴിഞ്ഞേ തീരൂമാനമുണ്ടാകൂ എന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

മാറുന്ന കാലം, മാറുന്ന മാനദണ്ഡങ്ങള്‍

കടലാസുകണക്കുകള്‍ക്ക് പകരം സ്മാർട്ട് ഫോണുകളും പ്രത്യേക പോർട്ടലുകളും വഴിയാണ് ഇത്തവണ വിവരശേഖരണം നടക്കുന്നത്. ജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യുമറേഷൻ' സൗകര്യമാണ് ഇതിന്റെ പ്രധാന ആകർഷണം. ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ പോർട്ടലില്‍ ലോഗിൻ ചെയ്ത് വിവരങ്ങള്‍ നല്‍കാം. സാമൂഹിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന ചില പുതിയ പരിഷ്‌കാരങ്ങളും ഇത്തവണത്തെ സെൻസസിലുണ്ട്. വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ പങ്കാളികളുടെ ബന്ധം സ്ഥിരതയുള്ളതാണെങ്കില്‍ അവരെ വിവാഹിതരായ ദമ്പതികളായി തന്നെ കണക്കാക്കാൻ സെൻസസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിനായി പ്രസിദ്ധീകരിച്ച ചോദ്യങ്ങളില്‍ വീട്ടിലെ വിവാഹിതരായവരുടെ എണ്ണത്തില്‍ ലിവ് ഇൻ റിലേഷൻഷിപ്പില്‍ ഉള്ളവരെയും ചേർത്താണ് മറുപടി നല്‍കേണ്ടത്.

ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തില്‍ ആശങ്ക

സെൻസസിന് പിന്നാലെ ജനസംഖ്യാടിസ്ഥാനമാക്കിയുള്ള ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമുണ്ടാകും . ഇത് 2028-ഓടെ പൂർത്തിയാകുമെന്നും കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണ്ണയമാണ് ബിജെപിയുടെ ലക്ഷ്യം. ജനസംഖ്യ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യ കുറവായതിനാല്‍ സീറ്റുകള്‍ നഷ്ടപ്പെടുമോ എന്ന് ആശങ്ക ഉയരുന്നുണ്ട്. ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന രീതിയില്‍ മണ്ഡലം പുനർനിർണയം നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ജനസംഖ്യ കണക്കെടുപ്പ് വൈകിപ്പിച്ചതോ

കോവിഡ് മഹാമാരിയാണ് നമ്മുടെ രാജ്യത്ത് 2021ല്‍ നടക്കേണ്ട ജനസംഖ്യ കണക്കെടുപ്പ് അഞ്ച് വർഷം വൈകിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോവിഡ് മഹാമാരിക്കപ്പുറം ചില കാരണങ്ങള്‍ കൂടി ഇതിന് പിന്നിലുണ്ട്. 2021 ലെ ജനസംഖ്യ കണക്കെടുപ്പിന് തയാറെടുക്കുന്ന വേളയില്‍ തന്നെ, വീടുകളുടെ വിവര ശേഖരണത്തിനിടെ ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനിടെ അസമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ജനസംഖ്യ കണക്കെടുപ്പ് നടപടികളില്‍ കേന്ദ്രവുമായി സഹകരിക്കില്ലെന്ന് അന്ന് ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു സെൻസസ് നടപടികള്‍ വൈകിപ്പിച്ചതെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്.

വൈകിയതില്‍ ഇരയായത് ലക്ഷക്കണക്കിന് പേർ

നിലവില്‍ 2011-ലെ സെൻസസ് വിവരങ്ങള്‍ ഉപയോഗിച്ചാണ് പല സർക്കാർ പദ്ധതികളും നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ജനസംഖ്യയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതിനാല്‍ സെൻസസ് വൈകിയത് രാജ്യത്തെ സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. പഴയ സെൻസസ് അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സൂചകങ്ങള്‍, പണപ്പെരുപ്പ നിരക്ക്, തൊഴില്‍ കണക്കുകള്‍ എന്നിവ തയ്യാറാക്കുന്നത്. അതിനാല്‍ പഴയ ഡാറ്റയില്‍ ഉള്‍പ്പെടാതെ ലക്ഷക്കണക്കിന് പേർ ആനുകൂല്യങ്ങള്‍ക്ക് പുറത്തായി. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട ഏകദേശം 10 കോടിയിലധികം പേർക്ക് നിലവില്‍ ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കണക്കാക്കപ്പെടുന്നു.

ജനസംഖ്യ കണക്കെടുപ്പിലെ ചില വെല്ലുവിളികള്‍

മെട്രോപൊളിറ്റൻ നഗരങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വൻതോതില്‍ ആളുകള്‍ കുടിയേറിപ്പാർക്കുന്നുണ്ട്. ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവർ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തേണ്ടിവരും. പലരും കുടുംബത്തോടൊപ്പമല്ല താമസം. അത് കൊണ്ട് തന്നെ ഇവരുടെ കുടുംബത്തിന്റെ കണക്കെടുക്കുമ്പോള്‍ അവിടെയും ഇവർ ഉള്‍പ്പെടുന്നു, അവർ ജീവിക്കുന്ന സ്ഥലങ്ങളില്‍ അടയാളപ്പെടുത്തപ്പെടുന്നത് കൊണ്ട് സ്വന്തം നാട്ടില്‍ രേഖപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇത് കൂടാതെ പ്രവാസികളെ എങ്ങിനെ ഉള്‍പ്പെടുത്തും എന്നത് ഉള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് സെൻസസ് നടപടികളിലേക്ക് കടക്കുമ്പോള്‍ അധികൃതർക്ക് മുന്നിലുള്ളത്. ഇതിന്റെ ഭാഗമായി മണ്ഡലം പുന:ക്രമീകരണം ഉള്‍പ്പെടെ വിഷയങ്ങളില്‍ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലും ആവശ്യമാണ്. സെൻസസ് എന്നത് വെറും കണക്കെടുപ്പല്ല. നമ്മുടെ ആനുകൂല്യങ്ങളുടെയും അവകാശങ്ങളുടെയും രേഖപ്പെടുത്തല്‍ കൂടിയാണത്. അതിനാല്‍ നീതിപൂർവമായ കണക്കെടുപ്പില്‍ ആരെങ്കിലും പുറത്തുപോകുന്നുണ്ടെങ്കില്‍ ആ സാഹചര്യം ഒഴിവാക്കിയേ തീരൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam