തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. സംവിധായകന്റെ പരിചരണമാണ് അതിന്റെ തലച്ചോറ്. അഭിനേതാക്കളുടെ പ്രകടനമാണ് ആ ചലച്ചിത്രത്തിന്റെ ജീവശ്വാസം.
'മഞ്ഞുമ്മല്‍ ബോയിസ്' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജിത്തു മാധവന്റെ തിരക്കഥയില്‍ ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാണികള്‍ക്ക് മുന്നില്‍ നട്ടെല്ല് നിവർത്തി, തലയുയർത്തി, ആത്മവിശ്വാസത്തോടെ ജീവവായു ശ്വസിക്കുന്നു. പുതിയ രീതിയില്‍ പറഞ്ഞ ഒരു അമ്മ - മകൻ കഥ. ഒരമ്മയുടേയും മകന്റേയും രഹസ്യ ജീവിതം. അവരുടെ സാഹസികയാത്ര!
ഊരുംപേരുമില്ലാത്ത ഒരു അമ്മയേയും മകനേയുമാണ് ചിദംബരം തന്റെ മൂന്നാം ചിത്രത്തില്‍ പിന്തുടരുന്നത്. അവരുടെ ഭൂതകാലം വ്യക്തമാണ്. എന്നാല്‍, അത് നീട്ടിവലിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എഴുത്തുകാരനും സംവിധായകനും വയ്ക്കുന്നില്ല. വരികള്‍ക്കിടയില്‍ എന്നപോലെ സിനിമയില്‍ അതിങ്ങനെ കിടക്കുന്നു. കഥയുടെ ഒഴുക്കില്‍ ആ അടര് സ്വാഭാവികമായി നമുക്ക് മുന്നില്‍ ചുരുള്‍ നിവരുന്നു.
അമ്മയുടെ കൈപിടിച്ച് അവർ പറഞ്ഞുകൊടുക്കുന്ന കഥയിലെ കഥാപാത്രമായാണ് 'ബാലൻ' നമ്മളിലേക്ക് എത്തുന്നത്. അവരിങ്ങനെ പലയിടങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ പുതിയ ഇടത്തെത്തുമ്പോഴും അവൻ തങ്ങളുടെ പുതിയ കഥയേതെന്ന് അമ്മയോട് തിരക്കുന്നു. അവർ അവനോട് സ്വകാര്യമെന്നോണം ആ കഥ പറഞ്ഞുകൊടുക്കുന്നു. ആ രഹസ്യം പങ്കിടാൻ തങ്ങള്‍ക്കിടയില്‍ ആരും കടന്നുവരാൻ ആ അമ്മ അവസരമുണ്ടാക്കുന്നില്ല. അമ്മ അല്ലാതെ മറ്റൊന്നും അവനും ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് അവന് അറിയില്ല എന്ന് പറയുന്നതാകും ശരി. പക്ഷേ, കഥാവഴിയില്‍ അമ്മയുടെ കയ്യെത്തും ദൂരത്ത് നിന്ന് അവൻ അകന്നുപോകുന്നു. അമ്മ പറഞ്ഞുകൊടുക്കാത്ത ഒരു കഥയിലേക്ക്. പക്ഷേ, അപ്പോഴും - കാത്തിരിക്കണം, അമ്മ വരും എന്ന ഉറപ്പ് ആ ബാലനില്‍ അവശേഷിക്കുന്നുണ്ട്. ആ ഉറപ്പാണ് ഈ സിനിമയുടെ കാതല്‍.
"മുരളി ഗോപിയുടെ തിരക്കഥയില്‍ ഓരോ വാക്കും പ്രധാനമാണ്" | ഇന്ദ്രൻസ്, ആര്യ അഭിമുഖംഫർസാന പാലത്തിങ്കല്‍ ആണ് സിനിമയിലെ അമ്മ വേഷം ചെയ്യുന്നത്. ആദിശേഷൻ കെ.ആർ, മുഹമ്മദ് സിനാൻ എന്നിവർ രണ്ട് വ്യത്യസ്ത പ്രായങ്ങളില്‍ ബാലനായി എത്തുന്നു. ഇവരുടെ പ്രകടനം വളരെ മിനിമല്‍ ആണ്. അവരുടെ കണ്ണുകളില്‍ കഥാപാത്രത്തിന്റെ ഉള്ളുലയുന്നത് അറിയാൻ സാധിക്കും. സ്വാഭാവികമായി പെരുമാറുമ്പോള്‍ തന്നെ അതാര്യമായി നില്‍ക്കുകയാണ് സ്ക്രീനില്‍ അവർ. ഷൈജു ഖാലിദ് വച്ച ഫ്രെയിമുകളില്‍ ദുരൂഹത നിറയ്ക്കുന്നത് ഫർസാനയുടെ മുഖമാണ്. ആദിശേഷന്റെ നിഷ്കളങ്കതയാണ്. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ജീൻ പോള്‍ ലാല്‍ അവതരിപ്പിച്ച പൊലീസുകാരന്റേതാണ്, പവിത്രൻ. വെറുപ്പിച്ചാല്‍ വെറിയോടെ പിന്തുടരുന്നവൻ. ഒരു വേട്ട നായ. ചെറുതും വലുതുമായ വേഷങ്ങളില്‍ ചിത്രത്തില്‍ വന്നുപോയവരെല്ലാം ഒരു നേഴ്സറി റൈമിലെന്ന പോലെ പ്രാസത്തിനൊപ്പിച്ച് ചിദംബരം നയിച്ച വഴിയെ നടക്കുന്നു. പലതും പറയാതെ പറഞ്ഞ്. എന്നാല്‍, വൈകാരികമായി തങ്ങള്‍ വന്നുപോയതിന്റെ അടയാളം അവശേഷിപ്പിച്ച്.
ഈ സിനിമയ്ക്കൊരു താളമുണ്ട്. പാകത വന്നൊരു സംവിധായകന് നേടിയെടുക്കാൻ സാധിക്കുന്ന റിഥം. തനിക്കൊപ്പം പ്രവർത്തിച്ച എല്ലാവരേയും ഒരൊറ്റ നൊട്ടേഷനിലേക്ക് ചിദംബരം എത്തിക്കുന്നു. എന്താണ് ഈ താളം? ഒരമ്മയ്ക്കും മകനും ഒപ്പമുള്ള സാറ്റ് കളിയുടെ താളം. നമ്മള്‍ എണ്ണിത്തിരിയുമ്പോള്‍ അവർ എവിടെയോ ഒളിക്കുന്നു. കാറ്റുപോലെയോ, കാറുപോലെയോ എങ്ങോട്ടോ പോകുന്നു. അപ്പോള്‍ നമ്മുടെ ഹൃദയം ഇങ്ങനെ ഇടിക്കില്ലേ. ആ ബീറ്റ് ഈ സിനിമയിലുണ്ട്. സുഷിൻ ശ്യാം എന്ന സംഗീത സംവിധായകൻ ആ ഒളിച്ചുകളിക്കാണ് ഇവിടെ സംഗീതം നല്‍കിയിരിക്കുന്നത്. അൻവർ അലിയുടെ വരികള്‍ ഈ കളിയെ, കഥയെ വാക്കുകളില്‍ കുറുക്കുന്നു. കുട്ടിത്തം ചോരാതെ. താക്കോല്‍ തിരഞ്ഞിറങ്ങുന്ന തവളയില്‍ ബാലനുണ്ട്. എങ്ങോട്ടാ എന്ന പാട്ടില്‍ അവന്റെ അമ്മയ്ക്കൊപ്പമുള്ള യാത്രയും.
നെറ്റിയിലൊരു ഭസ്മക്കുറി, സംശയം നിഴലിക്കുന്ന കണ്ണുകള്‍; തങ്കരാജ് പൊന്നപ്പനായി മുരളി ഗോപി, 'അനന്തൻ കാട്' ക്യാരക്ടർ പോസ്റ്റർചിദംബരത്തിന്റെ മാസ്റ്റർപീസ് ആണ് 'ബാലൻ' എന്ന് പറയാൻ തോന്നിയേക്കാം. പക്ഷേ, ആ തോന്നലിനെ സകല കരുത്തും എടുത്ത് ചെറുക്കണം; സ്വാർഥനായ ഒരു സിനിമാപ്രേമിയെ പോലെ. അയാളുടെ മാസ്റ്റർപീസ് വരാൻ പോകുന്നതേയുള്ളൂ. ഇതിലും മികച്ചത് പ്രതീക്ഷിക്കാനുള്ള ആത്മവിശ്വാസം ഈ ചിത്രം നല്‍കുന്നുണ്ട്. ചിദംബരത്തില്‍ നിന്ന് മാത്രമല്ല. എല്ലാ നല്ല സിനിമകളേയും പോലെ ഈ ചിത്രം കാണികളേയും പ്രചോദിപ്പിക്കുകയാണ്.

