ജമ്മു കശ്മീർ: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം കടുക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ നഗരത്തിലെ പ്രശസ്തമായ ജംബു സൂവിലെ മൃഗങ്ങളെയും പക്ഷികളെയും ചൂടില്‍ നിന്ന് രക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. നഗരം കടുത്ത വേനലില്‍ വെന്തുരുകുമ്പോള്‍, ജംബു മൃഗശാലയിലും താപനില വൻ തോതില്‍ ഉയരുകയാണ്.
വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍, മൃഗങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര പ്രതിരോധ നടപടികളാണ് മൃഗശാലയില്‍ ഒരുക്കിയിരിക്കുന്നത്. ചൂട് വേഗത്തില്‍ ബാധിക്കാൻ സാധ്യതയുള്ള ജീവികള്‍ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കരടികള്‍ക്കായി കൃത്രിമ മഴ പോലെ പെയ്യുന്ന വാട്ടർ സ്പ്രിങ്ക്ലറുകളും, കൂളറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ചൂടില്‍ നിന്ന് രക്ഷനേടാൻ സിംഹങ്ങള്‍ക്ക് കുളവും ഉണ്ട്.
മൃഗങ്ങളുടെ ഭക്ഷണ ക്രമത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സസ്യഭുക്കുകള്‍ക്ക് തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ നാരുകളടങ്ങിയ ജലാംശം അധികമുള്ള ഫലങ്ങളും, മാംസഭുക്കുകള്‍ക്ക് നിർജ്ജലീകരണം തടയാൻ ഗ്ലൂക്കോസ് വെള്ളവുമാണ് നല്‍കുന്നത്. ചൂട് വർധിക്കുന്ന ഉച്ചസമയങ്ങളില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ജീവനക്കാർ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

