Dailyhunt
'വാരണാസി'യില്‍ പൃഥ്വിരാജിനൊപ്പം വില്ലനായി റാണയും? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടൻ

'വാരണാസി'യില്‍ പൃഥ്വിരാജിനൊപ്പം വില്ലനായി റാണയും? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടൻ

News Malayalam 1 week ago

'ആർആർആറി'ന് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവരെ കൂടാതെ, ഒരു പ്രധാന വില്ലനായി റാണ ദഗുബതിയും ചിത്രത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇത്തരം ഊഹാപോഹങ്ങള്‍ തള്ളി നടൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

താൻ ഒരിക്കലും ഈ സിനിമയുടെ ഭാഗമായിരുന്നില്ലെന്നും തന്നെ ആരും ഈ വേഷത്തിനായി സമീപിച്ചിട്ടില്ലെന്നും റാണ അറിയിച്ചു. "ഞാൻ ഈ സിനിമയുടെ ഭാഗമല്ല. ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അല്ല," എന്നാണ് ഒരു ന്യൂസ് പോർട്ടലിനോട് നടൻ പറഞ്ഞത്. 'ബാഹുബലി'ക്ക് ശേഷം നടൻ രാജമൗലിക്കൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്.

ടൈം ട്രാവല്‍ പ്രമേയമായി വരുന്ന 'വാരണാസി' 2027 ഏപ്രില്‍ ഏഴിനാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. 'രുദ്ര' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഹേഷ് ബാബു അവതരിപ്പിക്കുന്നത്. നായിക 'മന്ദാകിനി' ആയിട്ടാണ് പ്രിയങ്ക ചോപ്ര എത്തുന്നത്. വർഷങ്ങള്‍ക്ക് ശേഷം പ്രിയങ്ക അഭിനയിക്കുന്ന ഇന്ത്യൻ ചിത്രം കൂടിയാണ് 'വാരണാസി'. 'കുംഭ' എന്ന വില്ലൻ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്.

'ദൃശ്യം 3'യുടെ എല്ലാ ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കി ആമസോണ്‍; ആശിർവാദിന് ഇനി അതില്‍ റൈറ്റ്‌സില്ല!

കഴിഞ്ഞ വർഷം നവംബർ 15ന് ഹൈദരാബാദില്‍ നടന്ന ബ്രഹ്‌മാണ്ഡ പരിപാടിയിലാണ് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. തുടർന്ന് സിനിമയുടെ ടീസറും പുറത്തുവിട്ടിരുന്നു. പല കാലങ്ങളില്‍ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൈം ട്രാവല്‍ അഡ്വഞ്ചർ മൂവിയായിരിക്കും 'വാരണാസി' എന്നാണ് ടീസർ നല്‍കിയ സൂചന. ഐമാക്‌സില്‍ ഉള്‍പ്പെടെ ഫുള്‍ സ്‌ക്രീൻ ഫോർമാറ്റില്‍ ആകും ചിത്രം ഇറങ്ങുക എന്നാണ് രാജമൗലി അറിയിച്ചിരിക്കുന്നത്.

"അമ്മയുടെ വിശ്വാസത്തെ നിഷേധിക്കാൻ ഞാൻ ആരാണ്?" വിദ്വേഷ പ്രചാരണങ്ങളില്‍ പ്രകാശ് രാജ്

ശ്രീ ദുർഗ ആർട്ട്സ്, ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ.എല്‍. നാരായണ, എസ്.എസ്. കർത്തികേയ എന്നിവരാണ് 'വാരണാസി' നിർമിക്കുന്നത്. ഓസ്കാർ ജേതാവ് എം.എം. കീരവാണിയാണ് 'വാരണാസി'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam