Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ് ഭരിക്കുമോ പൊന്‍ തമിഴകം?

വിജയ് ഭരിക്കുമോ പൊന്‍ തമിഴകം?

News Malayalam 3 weeks ago

മിഴക വെട്രി കഴകം എന്ന ടിവികെ തമിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നു.

ഡിഎംകെ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുമ്പോഴും, എഐഎഡിഎംകെയെ പിന്തള്ളി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയോ നിര്‍ണ്ണായക ശക്തിയോ ആയി വിജയ് മാറുമെന്നാണ് ആക്സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എംജിആറും ജയലളിതയും ഇരുന്ന കസേരയില്‍ അടുത്തത് ദളപതി വിജയ് ഇരിക്കും എന്ന പ്രവചനം കൂടി നടത്തുകയാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.

ഇതോടെ അരനൂറ്റാണ്ടിലേറെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടയായ തമിഴ്‌നാട്ടില്‍ ഡിഎംകെ, എഐഎഡിഎംകെ ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യമാകുമോ എന്ന ആകാംക്ഷയിലാണ് തമിഴക മണ്ണ്. എക്‌സിറ്റ് പോളുകള്‍ പലപ്പോഴും സത്യമാകാറില്ലെങ്കിലും പ്രവചനങ്ങളില്‍ വിശ്വാസ്യത കല്‍പ്പിക്കുന്ന ഏജന്‍സിയായ ആക്സിസ് മൈ ഇന്ത്യ, മറ്റാരും കണക്ക് കൂട്ടാത്ത, ആരും പ്രതീക്ഷിക്കാത്ത ഫല പ്രവചനത്തിലെത്തിയത് എങ്ങനെയെന്ന് തല പുകഞ്ഞ് ചിന്തിക്കുകയാണ് രാഷ്ട്രീയ ലോകം.

വിജയ് ഭരിക്കുമോ പൊന്‍ തമിഴകം?

എക്കാലത്തും സിനിമയുടെ ആഴങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചാണ് തമിഴ് രാഷ്ട്രീയത്തിന്റെ വേരുകള്‍ വെള്ളവും വളവും സ്വീകരിച്ചിട്ടുള്ളത്. സിനിമയില്‍ നിന്ന് ലഭിച്ച ജനസമ്മതി അധികാര രാഷ്ട്രീയത്തിന്റെ മൂലധനമാക്കി മാറ്റുകയായിരുന്നു തമിഴിലെ നേതാക്കളായി വളര്‍ന്നവര്‍. എല്ലാ ജാതിവിഭാഗങ്ങളുടെയും സമ്മതിയുള്ള, പൊതുസ്വീകാര്യതയുള്ള വ്യക്തികള്‍ സിനിമക്കാരാണെന്നതാണ്, അവര്‍ക്ക് രാഷ്ട്രീയത്തില്‍ ലഭിക്കുന്ന സ്വീകാര്യത. എം. ഭക്തവത്സലത്തിന്റെ കാലത്തോടെ കോണ്‍ഗ്രസ് അപ്രസക്തമായതിനു ശേഷം ദ്രാവിഡ സ്വത്വവാദത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനാണ് തമിഴ്‌നാട്ടില്‍ വേരോട്ടം. അണ്ണാദുരൈ മുതല്‍ സ്റ്റാലിന്‍ വരെയെത്തി നില്‍ക്കുന്ന മുഖ്യമന്ത്രിമാരില്‍ ഏറെക്കുറെ എല്ലാവരും ഏതെങ്കിലും തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടവരാണ്. കരുണാനിധിയും എം.ജി.ആറും ജയലളിതയും തമിഴ് സിനിമയെ കൈകാര്യംചെയ്യുന്ന അതേ ലാഘവത്തോടെ രാഷ്ട്രീയത്തിലും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അതേ ഗൗരവത്തോടെ സിനിമയിലും ഇടപെട്ടു. കെ. കാമരാജും സി. രാജഗോപാലാചാരിയും സി. ഷണ്‍മുഖവും മോഹന്‍ കുമാരമംഗലവുമുള്‍പ്പെടെയുള്ള അതികായരെ മറികടന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ കടിഞ്ഞാണേന്തിയ കലൈഞ്ജര്‍ കരുണാനിധി, എംജിആര്‍ എന്ന താരത്തിന് മുന്നില്‍ നിഷ്പ്രഭനാവുന്നത് കൗതുകത്തോടെയാണ് തമിഴകം നോക്കിനിന്നത്. പിന്നീട് ജെ. ജയലളിതയുടെ സിനിമാ പൊലിമയ്ക്ക് മുന്നിലും അടിതെറ്റിയ ചരിത്രം ഡിഎംകെയ്ക്കുണ്ട്.

അവസാനിക്കുമോ ദ്വന്ദ രാഷ്ട്രീയ പോര് ?

50 വര്‍ഷത്തിലേറെയായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന തമിഴ്നാട്, ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള ദ്വന്ദ്വരാഷ്ട്രീയ പോരിനായിരുന്നു സാക്ഷ്യം വഹിച്ചത്...എന്നാല്‍ കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷം, ദേശീയ പാര്‍ട്ടിയായ ബിജെപി സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതും നടന്‍ വിജയ്യെപ്പോലുള്ളവരുടെ രാഷ്ട്രീയ പ്രവേശനം പുതിയൊരു മാറ്റത്തിന് വഴിതെളിക്കുന്നതുമാണ് ഇന്ന് കാണുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം 159 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു; എഐഎഡിഎംകെ സഖ്യം 75 സീറ്റുകളിലൊതുങ്ങി. കോണ്‍ഗ്രസ്, ഡിഎംഡികെ, വിസികെ എന്നിവരടങ്ങുന്ന ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സും, ബിജെപിയും പിഎംകെയും സഖ്യകക്ഷികളായ എഐഎഡിഎംകെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം.

വിജയുടെ രാഷ്ട്രീയ പ്രവേശം അപ്രതീക്ഷിതമായിരുന്നില്ല. വളരെ നാളായി ഉയര്‍ന്നുകേള്‍ക്കുന്ന അഭ്യൂഹങ്ങളുടെ, ചര്‍ച്ചകളുടെ ഒടുവിലായിരുന്നു രാഷ്ട്രീയ പ്രഖ്യാപനം. ടിവികെ പാര്‍ട്ടി അധ്യക്ഷനായ വിജയ്, 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ തന്നെയാണ് മത്സരത്തിനിറങ്ങിയത്. ഈ തിരഞ്ഞെടുപ്പില്‍ മറ്റു രാഷ്ട്രീയ കക്ഷികളുമായി സഖ്യത്തിനില്ലെന്നും, ഭരണകക്ഷിയായ ഡിഎംകെയുമായി നേരിട്ടുള്ള പോരാട്ടത്തിനാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്നും വിജയ് വ്യക്തമാക്കിയത് സഖ്യം കാത്തിരുന്ന ബിജെപി-എഐഎഡിഎം.കെ കൂട്ടുകെട്ടിന് നിരാശ സമ്മാനിച്ചു. 53 വര്‍ഷത്തിനിപ്പുറം, ആരാധകരുടെ ഇളയ ദളപതി വിജയ്യിലൂടെ സിനിമ-രാഷ്ട്രീയ ബന്ധത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്ക വിജയുടെ രാഷ്ട്രീയ രംഗപ്രവേശം തൊട്ടേ ഡിഎംകെയ്ക്കുണ്ട്.

ആക്സിസ് മൈ ഇന്ത്യ പറയുന്നത്

തമിഴ്നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ വിജയുടെ ടിവികെയെ പോലും അമ്പരപ്പിക്കുന്ന പ്രവചനവുമായി ആദ്യം എത്തിയത് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശൈശവ ദിശയിലുളള ടിവികെ ആദ്യ പോരാട്ടത്തില്‍ തന്നെ സംസ്ഥാനത്ത് അധികാരം പിടിക്കും എന്നാണ് സര്‍വ്വേ പ്രവചിച്ചത്. 117 സീറ്റാണ് തമിഴ്നാട് നിയമസഭയില്‍ വേണ്ട കേവല ഭൂരിപക്ഷം എന്നിരിക്കേ, വിജയുടെ പാര്‍ട്ടി 98 മുതല്‍ 120 സീറ്റുകള്‍ നേടി സര്‍ക്കാരുണ്ടാക്കാനാണ് സാധ്യത. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 92 മുതല്‍ 110 വരെ സീറ്റുകള്‍ ലഭിച്ചേക്കും. പ്രതിപക്ഷത്തിരിക്കുന്ന എഐഎഡിഎംകെ സഖ്യത്തിന് വന്‍ തിരിച്ചടി ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും സര്‍വേ പ്രവചിക്കുന്നു. വിജയ്‌യുടെ പാര്‍ട്ടി ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതോടെ എന്‍ഡിഎ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം. 22 മുതല്‍ 32 സീറ്റുകള്‍ വരെ മാത്രമേ എന്‍ഡിഎയ്ക്ക് ലഭിക്കുകയുളളൂ എന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നു.

ടുഡേയ്‌സ് ചാണക്യ ഫലം

234 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യം 125 സീറ്റുകള്‍ നേടുമെന്നാണ് 'ടുഡേയ്‌സ് ചാണക്യ'യുടെ പ്രവചനം. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ എഐഎഡിഎംകെക്ക് ആദ്യമായി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന ടിവികെയെക്കാള്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. എഐഎഡിഎംകെ സഖ്യം 45 സീറ്റുകളില്‍ വിജയിക്കുമെന്നും വിജയ് നയിക്കുന്ന ടിവികെ 63 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ചാണക്യ പറയുന്നു. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍, എഐഎഡിഎംകെ സഖ്യത്തിന് 27 ശതമാനവും, ഡിഎംകെ സഖ്യത്തിന് 39 ശതമാനവും, ടിവികെയ്ക്ക് 30 ശതമാനവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകളിലെല്ലാം 3 ശതമാനത്തിന്റെ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam