"ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത ദൃശ്യങ്ങളാണിത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
മീഡിയവണ്‍ ലോഗോയോടുകൂടിയ വീഡിയോയില്‍ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുന്നതും പിടിച്ചെടുക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. “ഓപ്പറേഷൻ തൂഫാൻ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, " എന്ന വിവരണത്തോടെയാണ് പ്രചാരണം.
Evidence
മീഡിയവണ്‍ 2025-ല്‍ പ്രസിദ്ധീകരിച്ച അതേ വീഡിയോ കണ്ടെത്തി
വൈറല്‍ വീഡിയോയില്‍ മീഡിയവണ്‍ ലോഗോ ഉണ്ടായിരുന്നതിനാല്‍ മീഡിയവണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചു. അവിടെ 2025 മെയ് 28-ന് പ്രസിദ്ധീകരിച്ച അതേ വീഡിയോ കണ്ടെത്താനായി.
വീഡിയോയുടെ വിവരണത്തില്‍:
“കഞ്ചാവ് സൂക്ഷിച്ചത് ‘പ്രത്യേക അറ’കളില്‍; വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചാക്കയിലെ വീട്ടില്‍ നിന്നാണ് പ്രതി അനീഫ് ഖാനെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്”
എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിലൂടെ വീഡിയോ ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് സ്ഥിരീകരിക്കാനായി.

24 ന്യൂസ് റിപ്പോർട്ടും അതേ സംഭവത്തെ സ്ഥിരീകരിക്കുന്നു
വീഡിയോയിലെ പ്രധാന ഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2025 മെയ് 28-ന് പ്രസിദ്ധീകരിച്ച 24 ന്യൂസ് റിപ്പോർട്ടില്‍ സമാന ദൃശ്യങ്ങള്‍ കണ്ടെത്തി.
റിപ്പോർട്ടില്‍ പറയുന്നത്:
“ചാക്കയില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എംഡിഎംഎയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രതിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചാക്ക സ്വദേശിയായ അനീഫ് ഖാനാണ് പിടിയിലായത്.”
കൂടാതെ, വീടിനുള്ളില്‍ രണ്ട് രഹസ്യ അറകള്‍ കണ്ടെത്തിയതായും പരിശോധന സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയതായും റിപ്പോർട്ടില്‍ പറയുന്നു.
ഇത് വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ 2025-ലെ ചാക്ക റെയ്ഡില്‍ നിന്നുള്ളതാണെന്ന് വീണ്ടും സ്ഥിരീകരിക്കുന്നു.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത് 2026-ല്‍
കേരള പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, വിദ്യാഭ്യാസ, ആരോഗ്യ, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് "ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്" പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ 2026 ജൂണ്‍ 2-ന് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചുവെന്നും കേരള പോലീസിന്റെ വെബ്‌സൈറ്റ് പറയുന്നു.
,ദി ഹിന്ദു 2026 ജൂണ്‍ 2-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്.
വീഡിയോ ഓപ്പറേഷൻ തൂഫാനിനും മുൻപുള്ളത്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങള്‍ പ്രകാരം കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ 9-ന് നടന്നു. വോട്ടെണ്ണല്‍ മെയ് 4-ന് പൂർത്തിയായതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി.
എന്നാല്‍ വൈറല്‍ വീഡിയോയില്‍ കാണുന്ന റെയ്ഡ് നടന്നത് 2025 മെയ് 28-നാണ്. അന്ന് സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്നത് സിപിഎം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സർക്കാരായിരുന്നു.
അതായത്, വീഡിയോയില്‍ കാണുന്ന കഞ്ചാവ് വേട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നതിനും "ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്" ആരംഭിക്കുന്നതിനും ഏകദേശം ഒരു വർഷം മുമ്പാണ് നടന്നത്.
Verdict
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിച്ചെടുത്ത കഞ്ചാവിന്റെ ദൃശ്യങ്ങളാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ 2025 മെയ് മാസത്തില്‍ തിരുവനന്തപുരം ചാക്കയില്‍ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിന്റെതാണ്. ഓപ്പറേഷൻ തൂഫാൻ ആരംഭിക്കുന്നതിനും നിലവിലെ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നതിനും മുൻപുള്ള സംഭവത്തെ പുതിയ നടപടിയെന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
FAQ
1. വൈറല്‍ വീഡിയോ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള റെയ്ഡിന്റേതാണോ?
അല്ല. വീഡിയോ 2025 മെയ് മാസത്തില്‍ തിരുവനന്തപുരം ചാക്കയില്‍ നടന്ന എക്സൈസ് റെയ്ഡിന്റെതാണ്.
2. വീഡിയോയില്‍ കാണുന്ന കഞ്ചാവ് എവിടെ നിന്നാണ് പിടിച്ചെടുത്തത്?
തിരുവനന്തപുരം ചാക്കയിലെ ഒരു വീട്ടില്‍ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
3. വീഡിയോ ആദ്യം എപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടു?
മീഡിയവണ്‍ 2025 മെയ് 28-ന് ഈ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.
4. ഓപ്പറേഷൻ തൂഫാൻ എപ്പോള്‍ ആരംഭിച്ചു?
2026-ല്‍ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് "ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്" ആരംഭിച്ചത്.
5. വൈറല്‍ പ്രചാരണത്തിലെ അവകാശവാദം ശരിയാണോ?
അല്ല. പഴയ വീഡിയോയെ പുതിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന നടപടിയെന്ന് തെറ്റായി അവതരിപ്പിക്കുകയാണ്.

