തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഷ്‌കർ കൊടും ക്രിമിനലെന്ന് ആദ്യയുടെ കുടുംബം.
ആദ്യ ഭാര്യ ആമിനയേയും അഷ്‌കർ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്താൻ വരെ ശ്രമിക്കുകയും ചെയ്തു. അഷ്കറും ഉമ്മയും സഹോദരിയും ചേർന്ന് ക്രൂരമായി മർദിക്കുമായിരുന്നു, തല ചുവരില്‍ ഇടിപ്പിക്കുകയും രണ്ട് ചെവിയും അടച്ച് മർദ്ദിക്കുകയും ചെയ്തു. നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. അബോധാവസ്ഥയിലായപ്പോള്‍ ഫാനില്‍ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അഷ്‌കറിന്റെ ക്രൂര മർദനത്തില്‍ ആമിന പതിനെട്ടാം വയസില്‍ കോമയിലായി. രണ്ട് വർഷമായി ചികിത്സയിലാണ് ആമിനയുള്ളതെന്നും ഉമ്മ പറയുന്നു.
ആമിനയുടെ 'വയറ്റില്‍ ചവിട്ടുമായിരുന്നു. തല ഭിത്തിക്കിട്ട് ഇടിപ്പിക്കും. ഇതെല്ലാം ചെയ്യുന്നത് അഷ്‌കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്നായിരുന്നു. ശാരീരികവും മാനസികവുമായ കൊടിയ പീഡനമാണ് മകള്‍ 18-ാം വയസില്‍ നേരിട്ടത്. മരണശയ്യയിലായപ്പോള്‍ അവളെ ബാപ്പ പോയി കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയില്‍ എത്തിച്ചു. വീട്ടില്‍ കൊണ്ടുവന്ന ദിവസം മൂക്കില്‍ ഇടിച്ച് രക്തം ഒഴുകുന്ന നിലയിലായിരുന്നു. 2024ലെ ചെറിയ പെരുന്നാളിനാണ് ഈ സംഭവം.
അതിന് രണ്ട് ദിവസം മുൻപ് മകള്‍ വീട്ടില്‍ വന്നിരുന്നു. രണ്ട് ദിവസം നില്‍ക്കാൻ പറഞ്ഞപ്പോള്‍ 'പോയില്ലെങ്കില്‍ അവർ അടിക്കും' എന്നാണ് പറഞ്ഞത്. അവള്‍ പേടിച്ചാണ് ആ വീട്ടിലേക്ക് പോയത്. പിന്നെ മകളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതോടെ വാപ്പ അന്വേഷിക്കാൻ പോകുകയായിരുന്നുവെന്നും ആമിനയുടെ മാതാവ് പറഞ്ഞു. അതേസമയം അഷ്‌കറിനെ തങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നു മാതാവ് റിപ്പോർട്ടറോട് പറഞ്ഞു. പ്ലസ് ടു പഠനം കഴിഞ്ഞ് ഡിഗ്രിക്ക് വിടാൻ ഇരിക്കുകയായിരുന്നു. ഇതിനിടെ അവർ വന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
മകളെ അവർ വിളിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ തങ്ങള്‍ വീട്ടില്‍ ഇല്ലായിരുന്നു. പിന്നീട് നിവൃത്തിയില്ലാതെ വന്നതോടെ നിക്കാഹ് നടത്തിക്കൊടുക്കുകയായിന്നുവെന്നും മാതാവ് പറഞ്ഞു. കുറച്ചു നാള്‍ അവർ ഒരുമിച്ച് ജീവിച്ചു. അത് ജീവിതമാണെന്ന് പറയാൻ കഴിയില്ല. മകളുടെ ജീവിതം തകർക്കുകയാണ് അവർ ചെയ്തത്. മർദ്ദനത്തെപ്പറ്റി ചോദിച്ചാല്‍ താനൊന്നും ചെയ്തില്ലെന്നാണ് അഷ്‌കർ പറഞ്ഞിരുന്നത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ നിരവധി തവണ പരാതി നല്‍കി. എന്നാല്‍ അവന് അനുകൂലമായ നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. ആറോളം തവണ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും മാതാവ് പറഞ്ഞു.
അതേസമയം ടാക്‌സി ഓടിക്കുന്ന ജോലിയാണ് അഷ്‌കറിന്. പലപ്പോഴും പുലർച്ചെയാണ് അവൻ വീട്ടില്‍ വന്നിരുന്നത്. രാവും പകലും മകള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. ഒരിക്കല്‍ വീട്ടിലാക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ അവളെ അഷ്‌കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്ന് വലിച്ചിഴച്ച് ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി. ക്ലോസറ്റില്‍ കൊണ്ടുപോയി തലയിപ്പിച്ചു. കുറേ ഡാൻസുകാരികളുമായാണ് അവന്റെ കൂട്ട്. മകള്‍ വെന്റിലേറ്ററിലായിരുന്ന സമയത്ത് അവരില്‍ ഒരാള്‍ ആശുപത്രിയില്‍ വന്നിരുന്നുവെന്നും പരിസരം നോക്കി പോയെന്നും മാതാവ് പറഞ്ഞു.
അതുപോലെ അഷ്‌കറിന് മുൻപ് തങ്ങള്‍ അൻപതിനായിരം രൂപ നല്‍കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി പണം തിരിച്ചു ചോദിച്ചപ്പോള്‍ തന്നെ മർദ്ദിക്കുകയാണ് ചെയ്തത്. ആശുപത്രിയില്‍വെച്ചായിരുന്നു മർദ്ദനം. തന്നെ അവിടെ നിലത്തിട്ട് ചവിട്ടി. ആ സമയം മകൻ മരിച്ചിട്ട് ദിവസങ്ങള്‍ മാത്രമായതേയുള്ളായിരുന്നു.
പിന്നീട് ഓപ്പറേഷന് ശേഷം മകള്‍ നടന്നിട്ടില്ല, സംസാരിച്ചിട്ടില്ല. പതിമൂന്ന് മാസം കോമയിലായിരുന്നു. തലച്ചോറില്‍ രക്തം കട്ടയായി ട്യൂമറായി മാറിയതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആമിന വീണിരുന്നോ എന്ന് ഡോക്ടർമാർ ചോദിച്ചിരുന്നു. ആമിനയുടെ വാപ്പയ്ക്കും വയ്യാത്ത സാഹചര്യമാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അഷ്‌കറുമായുള്ള ആമിനയുടെ ബന്ധം ഇതുവരെ വേർപെടുത്തിയിട്ടില്ലെന്നും മകളുടെ ഈ അവസ്ഥയില്‍ അതിന് കഴിയില്ലെന്നും മാതാവ് പറഞ്ഞു.

