ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള ആപ്പുകളെന്ന വ്യാജേന പ്രചരിക്കുന്ന ആൻഡ്രോയ്ഡ് ആപ്പുകള്‍ വഴി സാമ്പത്തിക തട്ടിപ്പുകള്‍ വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളും ലിങ്കുകളും വഴിയാണ് ഇത്തരം ആപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന് കീഴിലെ നാഷണല്‍ സൈബർക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് അറിയിച്ചു.
നൈറ്റ്പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്സോ, വിക്സ് തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവമുള്ള മറ്റ് ആപ്പുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല പരസ്യങ്ങളിലൂടെയും ലിങ്കുകളിലൂടെയും ഉപയോക്താക്കളെ ആദ്യം ആകർഷിക്കും. തുടർന്ന് അശ്ലീല വെബ്സൈറ്റുകളിലേക്ക് എത്തിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുനിന്ന് ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ.) ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് രീതി.
ആപ്പ് ഇൻസ്റ്റാള്‍ ചെയ്തശേഷം അപ്ഡേറ്റിന്റെ പേരില്‍ രണ്ടാമതൊരു പാക്കേജ് കൂടി ഡൗണ്‍ലോഡ് ചെയ്യിക്കാനും സാധ്യതയുണ്ട്. നേരത്തെ നല്‍കിയ അനുമതികള്‍ ദുരുപയോഗം ചെയ്താണ് ഇതിനുള്ള സാഹചര്യമൊരുക്കുന്നത്. പിന്നാലെ ഫോണിലെ സുപ്രധാന വിവരങ്ങളിലേക്കുള്ള അനുമതികള്‍ ആവശ്യപ്പെടും. ഇവ അനുവദിച്ചാല്‍ ഫോണിന്റെ നിയന്ത്രണം വരെ തട്ടിപ്പുകാർക്ക് ലഭിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
ചില ആപ്പുകള്‍ ഫോണില്‍ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ.) ഇൻസ്റ്റാള്‍ ചെയ്യാനും ശ്രമിക്കും. ഇതുവഴി ഉപയോക്താവിന്റെ ഇന്റർനെറ്റ് ട്രാഫിക് തട്ടിപ്പുകാർ നിയന്ത്രിക്കുന്ന സെർവറുകളിലൂടെ തിരിച്ചുവിടാൻ കഴിയും. വ്യക്തിഗത വിവരങ്ങള്‍ ചോർത്തുന്നതിനും മറ്റ് സൈബർ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനും ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

