ന്യൂഡല്‍ഹി: വിവാഹാനന്തരം സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയില്‍ വിമർശിച്ച് സുപ്രീം കോടതി.വിവാഹിതയായ സ്ത്രീകളെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണ് സുപ്രീം കോടതി ഇന്ന് നല്‍കിയത്.
2010-ല്‍ ചത്തീസ്ഗഢില്‍ വിവാഹവീട്ടില്‍ തൂങ്ങി മരിച്ച യുവതിയുടെ കേസില്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.
അതേസമയം ഭോപാലില്‍ നടന്ന ട്വിഷ ശർമ്മയുടെ ദുരൂഹ മരണം രാജ്യവ്യാപകമായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഛത്തീസ്ഗഢ് കേസില്‍, ഇന്ത്യൻ പീനല്‍ കോഡിലെ 498A വകുപ്പ് പ്രകാരം ക്രൂരതയും പീഡനവും നടത്തിയെന്ന കുറ്റത്തില്‍ ഭർത്താവിന്റെ സഹോദരന്റെ ശിക്ഷ സുപ്രീം കോടതി നിലനിറുത്തി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് ശിക്ഷയില്‍ ഇടപെടാൻ തയ്യാറായില്ല.
വിവാഹത്തിനു ശേഷം വധുവിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന പ്രവണതയെ കോടതി ശക്തമായി ചോദ്യം ചെയ്തു. "ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം എന്തുകൊണ്ട് അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നു? ഇത്തരത്തിലുള്ള പെരുമാറ്റം ഇനി സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പോകണം," കോടതി വ്യക്തമാക്കി.
2010-ല്‍ നടന്ന കേസില്‍, വിവാഹത്തിന് മൂന്ന് വർഷത്തിനകം യുവതി ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണം, കാർ എന്നിവ ആവശ്യപ്പെട്ട് തുടർച്ചയായ സമ്മർദ്ദം ചെലുത്തിയതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ട്രയല്‍ കോടതി കണ്ടെത്തി.
കേസില്‍ ഭർത്താവിന്റെ കുടുംബാംഗങ്ങളില്‍ പലരെയും ഐപിസി 304B (സ്ത്രീധന മരണം), 306 (ആത്മഹത്യ പ്രേരണ), 498A (ക്രൂരത) എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചിരുന്നു. പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ഈ ശിക്ഷ ശരിവെച്ചു. സുപ്രീം കോടതിയില്‍ ഹർജിക്കാരൻ താൻ 498A വകുപ്പില്‍ മാത്രം കുറ്റാരോപിതനാണെന്നും ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് സന്തോഷിക്കേണ്ട കാര്യമാണത് 498A മാത്രം, അതും മൂന്ന് വർഷം ശിക്ഷ- എന്ന് ജസ്റ്റിസ് നാഗരത്ന പരിഹസിച്ചുകൊണ്ട് മറുപടി നല്‍കി.
വിവാഹവീടുകളില്‍ വധുവിനെയും അവരുടെ കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള ശ്രമം പതിവാണെന്നും കോടതി നിരീക്ഷിച്ചു. "വധുവിനെയും അവരുടെ കുടുംബത്തെയും പിഴിഞ്ഞെടുക്കാനാണ് ശ്രമം,"- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
കേസിലെ ആരോപണങ്ങളെ ഉദ്ധരിച്ച്, നിങ്ങള്‍ ഭിക്ഷക്കാരാണ്, നിങ്ങള്‍ക്ക് പണം നല്‍കാൻ കഴിയില്ല എന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞത് എന്താണ്? മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്ന കുടുംബത്തെയാണ് ഭിക്ഷക്കാരെന്ന് വിളിച്ചത് എന്നും കോടതി വിമർശിച്ചു.
പ്രതിഭാഗ അഭിഭാഷകൻ വിശദീകരണം നല്‍കാൻ ശ്രമിച്ചപ്പോള്‍ കോടതി ഇടപെട്ട്, "മകളുടെ അച്ഛൻ 60,000 രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരെ ഭിക്ഷക്കാരെന്ന് വിളിക്കുമോ?" എന്ന് ചോദിച്ചു. എഫ്‌ഐആർ നല്‍കുന്നതില്‍ ഉണ്ടായ താമസം ചൂണ്ടിക്കാട്ടിയ പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. "ഇതാണ് വധുക്കള്‍ നേരിടുന്ന യാഥാർത്ഥ്യം. ഇത് സമൂഹം മനസിലാക്കണം," കോടതി പറഞ്ഞു. വിദ്യാഭ്യാസമുള്ളവരിലുപോലും ഇത്തരത്തിലുള്ള പെരുമാറ്റം സാധാരണമാകുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഭുയാൻ നിരീക്ഷിച്ചു. ഒടുവില്‍, ട്രയല്‍ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവെച്ച് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കളയുകയായിരുന്നു.

