കൊച്ചി: സിഎംആർഎല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വരെ കരിമണല്‍ കമ്പനിക്കെതിരെ തുടർനടപടികള്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിർദേശം.
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സിഎംആർഎല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് പുതിയ നിർദേശം മുന്നോട്ടു വച്ചത്. അപ്പീലിന്മേല്‍ വെള്ളിയാഴ്ച വിധി പറയാമെന്നും അതുവരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നുമാണ് ഇഡിക്ക് കോടതിയുടെ നിർദേശം.
ഇഡിയുടെ അന്വേഷണം അധികാരപരിധി മറികടന്നുള്ളതാണെന്നാണ് സിഎംആർഎല്‍ കോടതിയില്‍ വാദിച്ചത്. തെളിവു ശേഖരണത്തിനായി സമൻസ് അയയ്ക്കാൻ ഇഡിക്ക് കഴിയില്ല. ഷെഡ്യൂള്‍ഡ് കുറ്റകൃത്യം അന്വേഷിക്കാൻ ഇഡിക്ക് നിയമാധികാരമില്ല. എന്താണ് കുറ്റകൃത്യം എന്നതില്‍ പോലും വ്യക്തതയില്ലെന്ന് സിഎംആർഎല്‍ വാദിച്ചു.
മാത്രമല്ല കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് 2 സത്യവാങ്മൂലങ്ങള്‍ക്കു മറുപടി സമർപ്പിക്കാൻ അവസരം നല്‍കിയില്ല. അതുകൊണ്ടു തന്നെ സ്വാഭാവികനീതിയുടെ ലംഘനം നടന്നിട്ടുണ്ട്. ആദായനികുതിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ഷെഡ്യൂള്‍ഡ് കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലെന്നും സിഎംആർഎല്‍ വാദിച്ചു. എന്നാല്‍ മറ്റ് ഏജൻസികള്‍ കേസ് അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം തങ്ങള്‍ നേക്കേണ്ട കാര്യമില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകർ വാദിച്ചു. മാത്രമല്ല, കള്ളപ്പണ കേസ് അന്വേഷിക്കുന്നത് എസ്‌എഫ്‌ഐഒ അന്വേഷണം തുടങ്ങിയ കേസിലാണ്.
അത് 2024 ജനുവരിയില്‍ തന്നെ എസ്‌എഫ്‌ഐഒ അന്വേഷണം തുടങ്ങിയിരുന്നു. തങ്ങള്‍ മാർച്ചില്‍ മാത്രമാണ് കേസ് അന്വേഷിച്ചു തുടങ്ങിയത്. തെളിവു ശേഖരിക്കുക മാത്രാണ് ഇപ്പോള്‍ ചെയ്യുന്നത്. ആ നടപടിക്രമങ്ങള്‍ നടത്താൻ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഇഡി വാദിച്ചു. തുടർന്നാണ് വെള്ളിയാഴ്ച അപ്പീലില്‍ വിധി പറയാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഇതിനിടയില്‍ ഹർജിക്കാർക്കെതിരെ തുടർ നടപടികള്‍ പാടില്ലെന്നും കോടതി നിർദേശിച്ചു. ഹർജിക്കാർക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ സിഎംആർഎല്ലിനൊപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണയും പ്രതിയാണെങ്കിലും സിഎംആർഎല്ലിന്റെ ഹർജി മാത്രമാണ് കോടതി മുമ്പാകെയുള്ളത്.

