കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നല്‍കി മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനർജി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് നാലിന് കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ 24 മണിക്കൂറും 'കാവല്‍ നില്‍ക്കാൻ' മമത പ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ നടക്കുന്ന മുഴുവൻ സമയത്തും ജാഗ്രത പാലിക്കണം. 294 നിയമസഭാ മണ്ഡലങ്ങളിലെയും കൗണ്ടിംഗ് കേന്ദ്രങ്ങള്‍ സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും നേരിട്ട് നിരീക്ഷിക്കണമെന്നും അവർ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ ആഹ്വാനം.
മാത്രമല്ല ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മമത തള്ളിക്കളയുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണ് എക്‌സിറ്റ് പോളെന്നും മമത ആരോപിച്ചു. 'നമ്മള്‍ 226 സീറ്റുകള്‍ കടക്കുമെന്ന് അവർക്കറിയാം, തൃണണൂല്‍ മുന്നേറ്റം തടയാൻ ബിജെപിക്ക് കഴിയില്ലെന്ന് അവർക്ക് അറിയാം' മമത പറഞ്ഞു.
അതുപോലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു. 'പകല്‍ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, എന്നാല്‍ രാത്രികാലങ്ങളില്‍ നിങ്ങള്‍ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവല്‍ നില്‍ക്കൂ! എനിക്ക് കാവല്‍ നില്‍ക്കാൻ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക' മമത നേതാക്കളോടായി പറഞ്ഞു.
2021-ലെ തെരഞ്ഞെടുപ്പിലും എക്‌സിറ്റ്‌പോളുകള്‍ ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നുവെന്നും അത് എപ്പോഴും ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു. '2016 ലും ഇത് സംഭവിച്ചു, 2021 ലും ഇത് ആവർത്തിച്ചു. അവർ പുറത്തിറക്കിയ എക്‌സിറ്റ് പോളുകള്‍ എപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു' മമത പറഞ്ഞു.
ബിജെപിയുടെ മീഡിയ പ്രചാരണം തടയാനാകില്ലെന്ന് പറഞ്ഞ മമത ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും പ്രർത്തകരെ ഓർമ്മപ്പെടുത്തി. ഇവിഎമ്മുകളുടെ കൈകാര്യം ചെയ്യല്‍, പ്രത്യേകിച്ച് സ്‌ട്രോങ്ങ് റൂമുകളില്‍ നിന്ന് വോട്ടെണ്ണല്‍ ഹാളുകളിലേക്ക് കൊണ്ടുപോകുന്ന സമയത്ത്, സൂക്ഷ്മമായി നിരീക്ഷിക്കണം.'ഇവിഎം മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളിലേക്ക് കൊണ്ടുപോകുന്ന നിർണ്ണായക സമയത്ത്, അവർ (ബിജെപി) മെഷീനുകള്‍ മാറ്റാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്' എന്നും അവർ ആരോപിച്ചു.
ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. എന്നാല്‍ പീപ്പിള്‍സ് പള്‍സ്, ജൻമാത് എന്നീ രണ്ട് ഏജൻസികള്‍ തൃണമൂല്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് പ്രവചിച്ചിരുന്നു. അതേസമയം ബംഗാളില്‍ 294 നിയമസഭാ സീറ്റുകളാണ് ഉള്ളത്.

