തെലങ്കാന: നിസാമാബാദ് ജില്ലയില്‍ ഭർത്താവിന്റെ ശരീരത്തില്‍ ടോയ്ലറ്റ് ക്ലീനർ ഐവി വഴി കുത്തിവെച്ച് കൊലപ്പെടുത്തി.
കൊല്ലാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി, നഴ്സായ ഭാര്യ ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് ഇൻട്രാവീനസ് (IV) ലൈൻ വഴി കുത്തിവെക്കുകയായിരുന്നു. സന്ധ്യയുടെ ഭർത്താവായ പ്രശാന്താണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭാര്യ സന്ധ്യ, കാമുകൻ അനില്‍, അനിലിന്റെ സുഹൃത്ത് വെങ്കട്ട് സായി എന്നിവർ അറസ്റ്റിലായി. ഇവർ മൂവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോലീസിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, സന്ധ്യയും പ്രശാന്തും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിനു പ്രധാന കാരണം സന്ധ്യയുടെ അനിലുമായുള്ള ബന്ധമായിരുന്നു. ഗള്‍ഫില്‍ നിന്ന് അടുത്തിടെ നാട്ടിലെത്തിയ പ്രശാന്ത് ഇവരുടെ ബന്ധത്തിന് തടസമാണെന്ന് കരുതി ഇയാളെ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയതായാണ് കണ്ടെത്തല്‍.
ഇതിന്റെ ആദ്യ ശ്രമമായി, പ്രശാന്തിനെ മദ്യം നല്‍കി മയക്കിയ ശേഷം അനിലും വെങ്കട്ട് സായിയും ചേർന്ന് മർദ്ദിക്കുകയും വീടിന്റെ മുകളില്‍ നിന്ന് തള്ളി താഴെയിടുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റെങ്കിലും പ്രശാന്ത് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മദ്യലഹരിയില്‍ നിന്നുള്ള അപകടമാണെന്ന് പറഞ്ഞ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്നു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ IV ലൈൻ ഉപയോഗിച്ച് സന്ധ്യ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചതായാണ് പോലീസ് ആരോപിക്കുന്നത്. വിഷ പദാർത്ഥം ശരീരത്തില്‍ പ്രവേശിച്ചതാണ് പ്രശാന്തിന്റെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. അതേസമയം പ്രശാന്തിന്റെ മരണത്തില്‍ സംശയം തോന്നിയ മാതാവ് ജൂലൈ ഒന്നിന് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അന്വേഷണത്തിനിടെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചന പുറത്തുവന്നതായി പോലീസ് വ്യക്തമാക്കി. ആദ്യ ആക്രമണത്തില്‍ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിടാൻ സഹായിച്ചതായി വെങ്കട്ട് സായി സമ്മതിച്ചതായും പറയുന്നു. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. ഫോറൻസിക് പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

