തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും ശക്തമായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നബിദിന റാലിയുടെ ഭാഗമായി എത്തിയ ആള്‍ക്കൂട്ടത്തില്‍ പലയിടത്തും സ്ത്രീ സാന്നിധ്യമുണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹം നേതൃത്വം നല്‍കുന്ന പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നതടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുല്‍ ഉലമയുടെ സർക്കുലറില്‍ ഉണ്ടായിരുന്നത്.
അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തില്‍ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. കോണ്‍ഗ്രസ് മന്ത്രിമാർ ഉള്‍പ്പെടെയുള്ളവർ കാന്തപുരത്തെ തള്ളിപ്പറഞ്ഞെങ്കിലും വിഷയത്തില്‍ ലീഗ് തന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവനയാകാമെന്നും വർത്തമാനകാലത്ത് സ്ത്രീകള്‍ വേട്ടയാടപ്പെടുന്നുവെന്നുമാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. സാമൂഹിക അവസ്ഥയെയാകാം കാന്തപുരം ഉദ്ദേശിച്ചതെന്നും മതപണ്ഡിതന്റെ അഭിപ്രായമാണതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്നുനില്‍ക്കുക എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

