Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഖര്‍ഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് ജാതീയ അധിക്ഷേപം; പ്രധാനമന്ത്രി ഇടപെട്ട് കേസെടുക്കണം; ദളിതര്‍ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആര്‍എസ്‌എസും ആഗ്രഹിക്കുന്നില്ല': രാഹുല്‍ ഗാന്ധി

'ഖര്‍ഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് ജാതീയ അധിക്ഷേപം; പ്രധാനമന്ത്രി ഇടപെട്ട് കേസെടുക്കണം; ദളിതര്‍ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആര്‍എസ്‌എസും ആഗ്രഹിക്കുന്നില്ല': രാഹുല്‍ ഗാന്ധി

Newsthen.com 1 week ago

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്നും ഖർഗെയ്ക്ക് നീതി ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ ഇന്നും നേരിടുന്ന വിവേചനത്തിന്റെ വലിയൊരു യാഥാർഥ്യമാണ് ഖർഗെയ്ക്കെതിരായ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്കൂളുകളില്‍ ദളിത് വിദ്യാർഥികളെക്കൊണ്ട് ശുചീകരണ ജോലികള്‍ ചെയ്യിക്കുന്നതും ചായക്കടകളില്‍ ദളിതർക്ക് പ്രത്യേക പേപ്പർ കപ്പുകളില്‍ ചായ നല്‍കുന്നതുമെല്ലാം വിവേചനം തുടരുന്നതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖർഗെയുടെ മാത്രം പ്രശ്നമല്ല ഇതെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നതെന്നും രാഹുല്‍ പറഞ്ഞു. ഖർഗെ പങ്കെടുത്ത കോണ്‍ഗ്രസ് റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ച നടപടി ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്‌എസും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വിമർശിച്ചു.

സംഭവത്തില്‍ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി നിർദേശം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും സമാനമായ അവഗണനകള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളില്‍നിന്ന് വിഷയത്തില്‍ പിന്തുണ ലഭിച്ചില്ലെന്ന ഖർഗെയുടെ പരാമർശത്തിലും രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കി. ചില വ്യക്തികളില്‍നിന്നുള്ള പിന്തുണയെക്കുറിച്ചായിരുന്നു ഖർഗെയുടെ പരാമർശമെന്നും താൻ നേരിട്ട് അദ്ദേഹവുമായി സംസാരിച്ച്‌ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന് പോലും ഇത്തരം അനുഭവം നേരിടേണ്ടിവരുന്നുണ്ടെങ്കില്‍ സാധാരണക്കാരായ ദളിതരുടെ അവസ്ഥ എന്തായിരിക്കുമെന്ന് രാഹുല്‍ ചോദിച്ചു. സംഭവത്തിനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും ഖർഗെയ്ക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 8ന് ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച ശേഷം മടങ്ങിയതിന് പിന്നാലെ വേദി ബിജെപി പ്രവർത്തകർ ശുദ്ധീകരിച്ചെന്നാണ് മല്ലികാർജുൻ ഖർഗെ രാജ്യസഭയില്‍ ആരോപിച്ചത്. താൻ ദളിതനായതിനാലാണ് വേദി ശുദ്ധീകരിച്ചതെന്നും ഇതിലൂടെ താൻ അപമാനിതനായെന്നും ഖർഗെ പറഞ്ഞിരുന്നു.

എന്നാല്‍ വേദി ശുദ്ധീകരിച്ച ശ്രീരാം സേനയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കിയിരുന്നു. സംഘടനയുടെ നടപടിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com