തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്-ഇറാൻ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ പശ്ചിമേഷ്യയില്‍ പുതിയ സംഘർഷാവസ്ഥ.
ഇസ്രായേല്‍ ലെബനനില്‍ തുടരുന്ന സൈനികാക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ആഗോള ഇന്ധന ഗതാഗതത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകവ്യാപകമായി എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വെടിനിർത്തല്‍ കരാറിന്റെ ഭാഗമായി ഈ കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാൻ മുൻപ് സമ്മതിച്ചിരുന്നുവെങ്കിലും, ലെബനനിലെ സാഹചര്യം ചൂടുപിടിച്ചതോടെ ഇറാൻ നിലപാട് കടുപ്പിച്ചതായാണ് സൂചന.
ഫാർസ് ന്യൂസ് ഏജെൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ ഈ നീക്കം സ്വീകരിച്ചത്. ഇതിനിടെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്- ഇറാൻ വെടിനിർത്തല്‍ കരാറിനെ പിന്തുണച്ചെങ്കിലും, അതില്‍ ലെബനൻ ഉള്‍പ്പെടുന്നില്ലെന്ന് വ്യക്തമാക്കി. "ഇറാൻ കടലിടുക്ക് തുറക്കുകയും മേഖലയിലെ ആക്രമണങ്ങള്‍ നിർത്തുകയും ചെയ്യുന്നുവെങ്കില്‍ ട്രംപിന്റെ തീരുമാനം ഇസ്രായേല്‍ പിന്തുണയ്ക്കുന്നു," എന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.
അതേസമയം, ലെബനനില്‍ ഇസ്രായേല്‍ സൈനിക നടപടി തുടരുകയാണ്. ഹെസ്ബൊല്ലക്കെതിരായ ആക്രമണങ്ങളില്‍ 112 പേർ കൊല്ലപ്പെടുകയും 837 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ആക്രമണങ്ങളാണ് ഇറാന്റെ പ്രതിഷേധത്തിന് ഇടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.
കടുത്ത മുന്നറിയിപ്പുമായി യുഎസ്
ഹോർമുസ് കടലിടുക്ക് അടച്ചെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ യുഎസ് ശക്തമായി പ്രതികരിച്ചു. "കടലിടുക്ക് അടയ്ക്കുന്നത് പൂർണ്ണമായും അംഗീകരിക്കാനാകാത്തതാണ്. അത് ഉടൻ തന്നെ, വേഗത്തില്‍, സുരക്ഷിതമായി തുറക്കണമെന്ന് പ്രസിഡന്റിന്റെ പ്രതീക്ഷയും ആവശ്യവും ആവർത്തിക്കുന്നു"- വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു
ഇതിനിടെ, പിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്ക് പിന്തുണയും അറിയിച്ചു. "ഹെസ്ബൊല്ല വെടിനിർത്തല്‍ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ല. അത് വേറിട്ട സംഘർഷമാണ്," എന്നാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചത് അന്താരാഷ്ട്ര എണ്ണവിലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. വെടിനിർത്തല്‍ നിലവിലുണ്ടെങ്കിലും, ലെബനൻ- ഇസ്രായേല്‍ സംഘർഷം തുടരുന്നതും ഇറാന്റെ കടുത്ത നിലപാടും പശ്ചിമേഷ്യയില്‍ സമാധാന സാധ്യതകളെ കൂടുതല്‍ സങ്കീർണ്ണമാക്കുകയാണ്.

