കോട്ടയം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ നടക്കുന്ന ചർച്ചകളില്‍ വിമർശനവുമായി ഓർത്തഡോക്സ് സഭ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.
വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ വിമർശിച്ചാണ് ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് രംഗത്തെത്തിയത്.
യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നടക്കുന്ന ബഹളം കാണുന്നുണ്ട്. അത് ശരിയാണെങ്കില്‍, മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്. അതേ പ്രവണതയാണ് കാണുന്നത്. ജയിച്ചു എന്നതുകൊണ്ട് ഇത്തരത്തില്‍ ഓരോ വിഷയങ്ങള്‍ ഉണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന് ജയിച്ചവർ മനസിലാക്കണം, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. അതുപോലെ എംപിമാർ മുഖ്യമന്ത്രിയാകുന്നതില്‍ നിയമതടസമില്ല. എന്നാല്‍, എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എം.പി.യുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസമാണെന്ന് യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മിന്നും വിജയത്തിനുപിന്നാലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകള്‍ നടന്നുവരികയാണ്. മുതിർന്ന നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെയും തെരഞ്ഞെടുപ്പ് മുന്നില്‍ നയിച്ച നേതാവെന്ന നിലയില്‍ വി.ഡി. സതീശന്റേയും പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാല്‍, ഇതിനിടെയാണ് എംപികൂടിയായ കെ.സി. വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുവിഭാഗം ഉയർത്തിക്കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭ ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

