കൊച്ചി: മെൻസ്ട്രല്‍ കപ്പിനുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്.
വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് പിടിച്ചെടുത്തു.
എറണാകുളം സൗത്ത് ഭാഗത്തെ ഒരു ലോഡ്ജില്‍നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍നിന്ന് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ എത്തിച്ച് എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
മെൻസ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് ഒരു ഭാഗം അടച്ചശേഷം ശരീരത്തില്‍ ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. ബെംഗളൂരുവില്‍നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ ഷാഫി കൈവശമുണ്ടായിരുന്ന ലഹരിവസ്തു ഉപേക്ഷിച്ചെങ്കിലും സരിത ഒളിപ്പിച്ചിരുന്ന ലഹരി കണ്ടെത്താനായില്ല.
തുടർന്ന് ലഹരിയുമായി ഇരുവരും എറണാകുളത്ത് വില്‍പ്പനയ്ക്കായി എത്തുകയായിരുന്നു. എറണാകുളത്തെ ലോഡ്ജില്‍ എക്സൈസ് പരിശോധന നടത്തുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാൻ പോയിരിക്കുകയായിരുന്നു. സരിത തിരിച്ചെത്തുന്നതിനായി കാത്തുനിന്ന എക്സൈസ് സംഘം രാത്രി 10.30ഓടെ ഇവരെ പിടികൂടി.
ചോദ്യം ചെയ്യലില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം സരിതയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി.
ഇരുവരില്‍നിന്നുമായി ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 17,770 രൂപയും പിടിച്ചെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്നും എക്സൈസ് വ്യക്തമാക്കി.
മുൻപ് ഹോം നഴ്സായി ജോലി ചെയ്തിരുന്നയാളാണ് സരിത. മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഇവരില്‍നിന്ന് എംഡിഎംഎ വാങ്ങിയിരുന്നവരെക്കുറിച്ചും എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ നിലവില്‍ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവില്‍ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് എസ്., അമല്‍, അർജുൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പ്രിൻസി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവർ പങ്കെടുത്തു.

