ഹരിപ്പാട്: കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി അധികൃതരെ അറിയിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതി.
ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് അതു ഉപേക്ഷിച്ചുവെന്നും താൻ ഗർണിയായതും പ്രസവിച്ചതുമൊന്നും കാമുകൻ അറിഞ്ഞിട്ടുണ്ടാവില്ലെന്നും യുവതി പറഞ്ഞു. നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അധികൃതർ സന്ദർശിച്ചപ്പോഴാണ് യുവതി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് 19 കാരിയുടെ മൊഴി. വയറ്റില്‍ കൊഴുപ്പടിയുന്നതാണെന്നാണ് കരുതിയത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെ വച്ചാണ് ഇതര സംസ്ഥാനക്കാരനുമായി അടുപ്പത്തിലായത്.
യുവതിയുടെ അമ്മ മാനസീകാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ്, അച്ഛനും അനിയത്തിയുമാണ് വീട്ടിലുള്ളത്. മൂന്നു മാസമായി യുവതി വീട്ടിലുണ്ട്. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് മരുന്നു വാങ്ങിയിട്ടുണ്ടെന്നും മരുന്ന് കഴിക്കാനാണ് താൻ വീട്ടില്‍ വന്നു നില്‍ക്കുന്നതെന്നുമാണ് ബന്ധുക്കളോട് യുവതി പറഞ്ഞതെന്നാണ് വിവരം.
കടുത്ത വയറുവേദനയെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപതുകാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ യുവതി ഗർഭിണിയാണോ എന്ന് ഡോക്റ്റർമാർക്ക് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും യുവതി ഇക്കാര്യം നിരസിക്കുകയാണുണ്ടായത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയില്‍ കയറി യുവതി പ്രസവിക്കുകയായിരുന്നു. കുഞ്ഞിന്‍റെ പൊക്കിള്‍ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചില്‍ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.
കുഞ്ഞിന് പരിക്കൊന്നുമില്ല. 2.9 കിലോ ഭാരമുണ്ട്. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

