മോജാവേ മരുഭൂമി (കാലിഫോർണിയ): ആകാശരാജാക്കന്മാരായ എയർബസിനും ബോയിങ്ങിനും ശക്തമായ ഭീഷണി ഉയർത്തിക്കൊണ്ട് കാലിഫോർണിയൻ സ്റ്റാർട്ടപ്പ് കമ്പനിയായ 'ജെറ്റ്സീറോ' (JetZero) പുത്തൻ സാങ്കേതികവിദ്യയിലുള്ള യാത്രാവിമാനം നിർമ്മിക്കുന്നു.
മോജാവേ മരുഭൂമിയിലെ കൂറ്റൻ വര്‍ക്ക്‌ഷോപ്പില്‍ (ഹാംഗർ), ഭാവി വ്യോമയാന വിപണിയില്‍ കോടികളുടെ വരുമാനം വാഗ്ദാനം ചെയ്യുന്ന 200-ലധികം സീറ്റുകളുള്ള വലിയൊരു ജെറ്റ് വിമാനത്തിന്റെ പൂർണ്ണ വലിപ്പത്തിലുള്ള പരീക്ഷണ മാതൃകയാണ് കമ്പനി ഒരുക്കുന്നത്.
അടുത്ത വർഷം അവസാനത്തോടെ പരീക്ഷണ പറക്കല്‍ നടത്താൻ ലക്ഷ്യമിടുന്ന ഈ വിമാനം, വ്യോമയാന ചരിത്രത്തിലെ തന്നെ വലിയൊരു നാഴികക്കല്ലാകും. വിമാനത്തിന്റെ ഉള്‍ഭാഗവും (ഫ്യൂസ്‌ലേജ്) ചിറകുകളും ഒരൊറ്റ ലിഫ്റ്റിംഗ് ഉപരിതലമായി ലയിച്ചുചേരുന്ന ലോകത്തിലെ ആദ്യത്തെ 'ബ്ലെൻഡഡ്-വിംഗ്' (Blended-wing) വാണിജ്യ ജെറ്റ് വിമാനമാണിത്.
ഇന്ധനച്ചെലവ് പകുതിയാകും; യു.എസ് എയർഫോഴ്‌സിന്റെ പിന്തുണ
'മന്താ റേ' കടല്‍മത്സ്യത്തിന്റെ ആകൃതിയിലുള്ള ഈ വിമാനത്തിന് നിലവിലുള്ള വിമാനങ്ങളേക്കാള്‍ ഇന്ധന ഉപഭോഗം പകുതിയോളം കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതോടെ പ്രമുഖ വിമാനക്കമ്പനികളായ യുണൈറ്റഡ് എയർലൈൻസും അലാസ്ക എയർലൈൻസും പദ്ധതിയില്‍ ആദ്യഘട്ട നിക്ഷേപം നടത്തിക്കഴിഞ്ഞു. യു.എസ് എയർഫോഴ്‌സിന്റെ ഭാഗിക ധനസഹായത്തോടെ നിർമ്മിക്കുന്ന ഈ പരീക്ഷണ വിമാനം, നോർത്ത്‌റോപ്പ് ഗ്രമ്മന്റെ ഉടമസ്ഥതയിലുള്ള 'സ്കെയില്‍ഡ് കോമ്പോസിറ്റ്സ്' ആണ് രൂപകല്‍പ്പന ചെയ്യുന്നത്. ബോയിങ് 757 വിമാനങ്ങളില്‍ ഉപയോഗിക്കുന്ന അതേ 'പ്രാറ്റ് ആൻഡ് വിറ്റ്നി' എഞ്ചിനുകളാണ് ഇതിലും ഘടിപ്പിക്കുന്നത്.
ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകർഷിക്കാൻ ജെറ്റ്സീറോയ്ക്ക് സാധിക്കും. നോർത്ത് കരോലിനയിലെ ഗ്രീൻസ്ബോറോയില്‍ പുതുതായി ആരംഭിച്ച നിർമ്മാണ കാമ്പസില്‍ നിന്ന് 2030-ഓടെ വാണിജ്യ ഉല്‍പ്പാദനം തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ രൂപകല്‍പ്പന ഭാവിയില്‍ സൈനിക ഗതാഗതത്തിനോ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നതിനോ (ഏരിയല്‍ റീഫ്യൂവലിംഗ്) ഉപയോഗിക്കാനാകും.
നാസ (NASA) 30 വർഷത്തിലേറെയായി നടത്തിയ ഗവേഷണങ്ങളും നിലവിലുള്ള സാങ്കേതികവിദ്യയും ചേർത്താണ് തങ്ങള്‍ ഇത് നിർമ്മിക്കുന്നതെന്നും ചരിത്രത്തില്‍ ഇന്നേവരെ ആരും ഇത്തരമൊരു പൂർണ്ണ വലിപ്പത്തിലുള്ള ബ്ലെൻഡഡ്-വിംഗ് വിമാനം നിർമ്മിച്ചിട്ടില്ലെന്നും ജെറ്റ്സീറോ സിഇഒ ടോം ഒലിയറി പറഞ്ഞു. വായു പ്രതിരോധം കുറച്ച് കൂടുതല്‍ ഉയർച്ച (ലിഫ്റ്റ്) നല്‍കാൻ ഈ ആകൃതിക്ക് കഴിയുമോ എന്ന് തെളിയിക്കുകയാണ് പരീക്ഷണ ലക്ഷ്യം. പരീക്ഷണ വിമാനത്തില്‍ കോക്ക്പിറ്റില്‍ മാത്രമേ മർദ്ദം ക്രമീകരിക്കുകയുള്ളൂ (പ്രഷറൈസ്ഡ്), യാത്രക്കാരുടെ ക്യാബിൻ വരേണ്ട ഭാഗത്തായിരിക്കും ഇന്ധന ടാങ്കുകള്‍ സ്ഥാപിക്കുക.
വിശാലമായ ഉള്‍ഭാഗം; വെല്ലുവിളികളും ഏറെ
ഒരുകാലത്ത് ബോയിങ് 757, 767 മോഡലുകള്‍ വാണിരുന്ന, ഇടത്തരം-ദീർഘദൂര റൂട്ടുകളിലെ 200 മുതല്‍ 270 വരെ സീറ്റുകളുള്ള വിപണിയാണ് ജെറ്റ്സീറോയുടെ 'Z4' വിമാനം ലക്ഷ്യമിടുന്നത്. പരമ്പരാഗത ട്യൂബ് ആകൃതിയിലുള്ള വിമാനങ്ങള്‍ക്ക് പകരം വീതിയുള്ളതും പരന്നതുമായ കാബിനാണ് ഇതിനുള്ളത്. ഇത് പുത്തൻ സീറ്റിംഗ് ലേഔട്ടുകള്‍ക്കും വലിയ ജനാലകള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ അടുക്കളകള്‍ക്കും ശുചിമുറികള്‍ക്കും ഇടം നല്‍കും. വിമാനത്തിന്റെ പിൻഭാഗത്ത് മുകളിലായി എഞ്ചിൻ ഘടിപ്പിക്കുന്നതിനാല്‍ ഭൂമിയിലുണ്ടാകുന്ന ശബ്ദമലിനീകരണം കുറയ്ക്കാനും സാധിക്കും.
അതേസമയം, കമ്പനി വലിയ പ്രതിബന്ധങ്ങളെയാണ് നേരിടുന്നതെന്ന് ഏറോഡൈനാമിക് അഡ്വൈസറി മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് അബൗലാഫിയ പറഞ്ഞു. അവകാശപ്പെടുന്ന ഇന്ധനക്ഷമത തെളിയിക്കുക, കോടിക്കണക്കിന് ഡോളറും വർഷങ്ങളും ആവശ്യമായ സർട്ടിഫിക്കേഷൻ പ്രക്രിയകള്‍ പൂർത്തിയാക്കുക എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. എങ്കിലും യാത്രക്കാർ ഉടൻ ഇതില്‍ പറക്കുമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പേസ് എക്‌സ് തരംഗവും ഓഹരി വിപണിയും
2020-ല്‍ ആരംഭിച്ച ഈ സ്റ്റാർട്ടപ്പിനെ തുടക്കത്തില്‍ വ്യോമയാന മേഖല സംശയത്തോടെയാണ് കണ്ടത്. എന്നാല്‍ 2023 ഓഗസ്റ്റില്‍ യു.എസ് എയർഫോഴ്‌സ് വിമാനം നിർമ്മിക്കാനായി 235 മില്യണ്‍ ഡോളറിന്റെ നാല് വർഷത്തെ കരാർ നല്‍കിയതോടെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. കാർഗോയ്ക്കും ഇന്ധന സംഭരണത്തിനും സ്റ്റെല്‍ത്ത് (Stealth) സാങ്കേതികവിദ്യയ്ക്കും ഈ രൂപകല്‍പ്പന സൈനിക വിമാനങ്ങള്‍ക്കാണ് കൂടുതല്‍ അനുയോജ്യമെന്ന് ലീഹാം ന്യൂസ് അനലിസ്റ്റ് ബ്യോണ്‍ ഫെഹ്‌ം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ജനുവരിയില്‍ ബി കാപ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ടിംഗില്‍ കമ്പനി 175 മില്യണ്‍ ഡോളർ സമാഹരിച്ചിരുന്നു. ഇതില്‍ യുണൈറ്റഡ് എയർലൈൻസിന് 100 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമുണ്ട്. കഴിഞ്ഞ മാസം എലോണ്‍ മസ്കിന്റെ റോക്കറ്റ്-എഐ കമ്പനിയായ സ്‌പേസ് എക്‌സ് (SpaceX) നടത്തിയ റെക്കോർഡ് ഐപിഒയ്ക്ക് ശേഷം (2 ട്രില്യണ്‍ ഡോളർ മൂല്യം) എയ്‌റോസ്‌പേസ് മേഖലയിലെ നിക്ഷേപകരുടെ താല്‍പ്പര്യം വർദ്ധിച്ചിട്ടുണ്ടെന്നും, 2028-ഓടെ ജെറ്റ്സീറോ ഓഹരി വിപണിയില്‍ പ്രവേശിക്കാൻ (പബ്ലിക് ലിസ്റ്റിംഗ്) ആലോചിക്കുന്നുണ്ടെന്നും സിഇഒ ടോം ഒലിയറി വ്യക്തമാക്കി. വരാനിരിക്കുന്ന പരീക്ഷണ പറക്കല്‍ വിജയകരമാകുന്നതോടെ ആഗോള എയർലൈൻ വ്യവസായത്തില്‍ നിന്ന് വലിയ തോതില്‍ ഓർഡറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

