Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയത്തില്‍ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു; 29 പേര്‍ പിടിയില്‍, പ്രതികളില്‍ നിന്ന് 57 ലക്ഷം രൂപ കണ്ടെടുത്തു!! പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി

പ്രളയത്തില്‍ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു; 29 പേര്‍ പിടിയില്‍, പ്രതികളില്‍ നിന്ന് 57 ലക്ഷം രൂപ കണ്ടെടുത്തു!! പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി

Newsthen.com 1 week ago

കാഠ്മണ്ഡു: നേപ്പാളില്‍ വൻ നാശം വിതച്ച പ്രളയത്തിനിടെ ഒഴുകിപ്പോയ ബാങ്കിന്റെ സേഫ് പൊളിച്ച്‌ അകത്തുണ്ടായിരുന്ന പണം കവർന്ന സംഭവത്തില്‍ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സേഫില്‍ നിന്ന് കണ്ടെടുത്ത ഏകദേശം 92,68,505 നേപ്പാള്‍ രൂപയാണ് പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇത് ഏകദേശം ഇന്ത്യൻ രൂപയില്‍ ഏകദേശം 57 ലക്ഷം രൂപ വരും.

സെപ്റ്റംബർ 10ന് റസുവ ജില്ലയിലെ ഭോട്ടെകോശി മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിലാണ് ബാങ്കിന്റെ സേഫ് ഒഴുകിപ്പോയത്. പിന്നീട് ധാദിങ് ജില്ലയിലെ ഗല്‍ച്ചി റൂറല്‍ മുനിസിപ്പാലിറ്റി നാലാം വാർഡിലെ ബെല്‍ഖുഖോലക്ക് സമീപം ത്രിശൂലി നദിയില്‍ നിന്നാണ് സേഫ് കണ്ടെത്തിയത്.

സെപ്റ്റംബർ 12ന് പ്രദേശവാസികള്‍ സേഫ് പൊളിച്ച്‌ അതിനുള്ളിലെ പണം എടുത്തതായി ധാദിങ് പോലീസിന് വിവരം ലഭിച്ചു. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയില്‍ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ കൈവശത്തുനിന്ന് 92,68,505 നേപ്പാള്‍ രൂപ കണ്ടെത്തുകയും ചെയ്തു.

കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും ഗല്‍ച്ചി-4ലെ മാസ്റ്റർ മേഖലയിലുള്ളവരാണ്. ഗല്‍ച്ചി-6ലെ ആദംഗട്ടില്‍ നിന്നും സിദ്ധലേഖ്-7ലെ ആദംതാറില്‍ നിന്നുമുള്ളവരും സംഘത്തിലുണ്ട്. ചിലർ ചിത്വാൻ, പർസ ജില്ലകളില്‍ നിന്നുള്ളവരാണെങ്കിലും നിലവില്‍ ധാദിങ്ങിലാണ് താമസിക്കുന്നത്. 19നും 49നും ഇടയില്‍ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.

കണ്ടെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും സേഫില്‍ ഉണ്ടായിരുന്ന യഥാർത്ഥ തുക എത്രയാണെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ നേപ്പാളില്‍ പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു ഞെട്ടിക്കുന്ന മോഷണക്കേസിലും രണ്ട് പേർ അറസ്റ്റിലായി. നാരായണി നദിയില്‍ പ്രളയത്തില്‍ ഒഴുകിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വർണ കമ്മലുകള്‍ മോഷ്ടിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. മൃതദേഹത്തില്‍ നിന്ന് സ്വർണാഭരണങ്ങള്‍ നീക്കം ചെയ്യുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.

അതേസമയം, നേപ്പാളിലെ പ്രളയദുരന്തത്തിലെ മരണസംഖ്യയും കാണാതായവരുടെ എണ്ണവും കുത്തനെ ഉയർന്നിരിക്കുകയാണ്. ശനിയാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം 626 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. 2,426 പേരെയാണ് നിലവില്‍ കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട കണക്കില്‍ കാണാതായ നേപ്പാള്‍ പൗരന്മാരുടെ എണ്ണം 1,924 ആയിരുന്നു. പുതിയ കണക്കില്‍ ഇത് 2,426 ആയി ഉയർന്നു. അതേസമയം കാണാതായ വിദേശ പൗരന്മാരുടെ എണ്ണം 517 ആയി തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com