തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രാ വിവാദത്തില്‍ വിശദീകരണമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിലരെ രഹസ്യമായി കാണേണ്ടി വരുമെന്നും അങ്ങോട്ട് ചെന്ന് കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിനിടയില്‍ ഇതുപോലെയുള്ള കാര്യങ്ങളെ വിവാദമാക്കാനാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് യാത്ര പോകുന്നു. അതൊരു രഹസ്യ യാത്രയാണോ? എന്തുകൊണ്ട് നിക്ഷേപകർക്ക് മുഖ്യമന്ത്രി ഉള്ളിടത്ത് വന്ന് കാണാൻ കഴിയുന്നില്ലെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.
ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്:
'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാൻ അന്ന് വൈകുന്നേരം എറണാകുളത്ത് ഉള്ളതുകൊണ്ട് അവിടെ കാണാമെന്ന് പറഞ്ഞതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളുള്ളപ്പോള്‍ ഇതുപോലുള്ള കുറേ കാര്യങ്ങളെ വിവാദമാക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. വിഷയത്തെക്കുറിച്ച് കഴിഞ്ഞ പ്രാവശ്യം വ്യക്തമാക്കിയതാണ്. ഇനി വേണ്ട.'
നിക്ഷേപകരെ കാണാനാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയതെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കൊച്ചിയിലേക്ക് പോയപ്പോള്‍ നിക്ഷേപകരെ കണ്ടെന്നാണ് പറഞ്ഞത്. ഇതില്‍ ഏതാണ് ശരിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
'ഞാൻ എല്ലാം വ്യക്തമായി പറഞ്ഞു, ഇനി ഒന്നുമില്ല' എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.

