വത്തിക്കാന് സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ഉത്തരവുകളെ പരസ്യമായി ലംഘിച്ചതിനെത്തുടര്‍ന്ന്, തീവ്ര യാഥാസ്ഥിതിക കത്തോലിക്കരുടെ രഹസ്യ വിമത സംഘടനയായ 'സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്' (SSPX) ആഗോള ശ്രദ്ധയിലേക്ക്.
മാര്‍പ്പാപ്പയുടെ വിലക്ക് മറികടന്ന് സംഘടന നാല് പുതിയ മെത്രാന്മാരെ (ബിഷപ്പുമാരെ) വാഴിച്ചതാണ് നിലവിലെ കടുത്ത നടപടികള്‍ക്ക് കാരണം. ചടങ്ങുകള്‍ രഹസ്യമായി നടത്തുന്നതിന് പകരം, വത്തിക്കാന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇവര്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. ഇതോടെ വത്തിക്കാനും ഈ വിവാദ സംഘടനയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് എത്തിയത്.
മെത്രാന്‍ വാഴിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത എസ്‌എസ്പിഎക്‌സിലെ വൈദികരെയും മറ്റ് അംഗങ്ങളെയും വത്തിക്കാന്‍ ഔദ്യോഗികമായി സഭയില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കിനി കത്തോലിക്കാ സഭയുടെ യാതൊരുവിധ മതപരമായ ചടങ്ങുകളിലും പങ്കെടുക്കാന്‍ അനുവാദമുണ്ടാകില്ല. കൂടാതെ, ഈ സംഘടന 'ശീശ്മയില്‍' (സഭാഭേദം) ആണെന്നും വത്തിക്കാന്‍ പ്രഖ്യാപിച്ചു. അതായത്, ഈ ഗ്രൂപ്പ് ഇനി മുതല്‍ വത്തിക്കാന്റെയോ മാര്‍പ്പാപ്പയുടെയോ അധികാര പരിധിക്ക് കീഴിലല്ല. 1988-ല്‍ അന്നത്തെ മാര്‍പ്പാപ്പയുടെ അനുമതിയില്ലാതെ മെത്രാനായി വാഴിക്കപ്പെട്ട ബിഷപ്പ് അല്‍ഫോന്‍സോ ഡി ഗലാരെറ്റയാണ് വത്തിക്കാന്റെ കണ്ണിലെ ഈ അനധികൃത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
എന്താണ് എസ്‌എസ്പിഎക്‌സ്?
1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കാ സഭയില്‍ കൊണ്ടുവന്ന ഉദാരമായ ആധുനിക പരിഷ്‌കരണങ്ങളോടുള്ള കടുത്ത എതിര്‍പ്പില്‍ നിന്നാണ് ഈ സംഘടന ജനിക്കുന്നത്. 1970-ല്‍ ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പ് മാര്‍സെല്‍ ലെഫെബ്വെര്‍ ആണ് ഇതിന് തറക്കല്ലിട്ടത്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ കീഴില്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായ സമ്മേളനമാണെങ്കിലും, സഭയെ ആധുനികവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ പരമ്പരാഗത കത്തോലിക്കരെ പ്രകോപിപ്പിച്ചു. തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതെന്നാണ് എസ്‌എസ്പിഎക്‌സിന്റെ വാദം.
1991-ല്‍ ലെഫെബ്വെര്‍ അന്തരിച്ചെങ്കിലും മറ്റ് അംഗങ്ങള്‍ സംഘടനയെ മുന്നോട്ട് നയിച്ചു. ഇന്ന് ആഗോളതലത്തില്‍ 140 കോടിയോളം അംഗങ്ങളുള്ള ഔദ്യോഗിക കത്തോലിക്കാ സഭയുമായി താരതമ്യം ചെയ്യുമ്പോള്‍, എസ്‌എസ്പിഎക്‌സിന് ആറ് ലക്ഷത്തോളം അനുയായികള്‍ മാത്രമാണുള്ളത്. എങ്കിലും അമേരിക്ക, ഫ്രാന്‍സ്, അര്‍ജന്റീന എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇതിന് കീഴില്‍ നിരവധി ചാപ്പലുകളും പ്രയോറികളും മിഷനുകളും നൂറുകണക്കിന് വൈദികരും പ്രവര്‍ത്തിക്കുന്നുണ്ട്.
വത്തിക്കാനുമായുള്ള കടുത്ത വിയോജിപ്പുകള്‍
പതിറ്റാണ്ടുകളായി വിവിധ നയങ്ങളുടെ പേരില്‍ ഇവര്‍ വത്തിക്കാനുമായി നിരന്തരം കലഹത്തിലാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും ലക്ഷ്യമിട്ട് വത്തിക്കാന്‍ കൊണ്ടുവന്ന 'എക്യുമെനിസത്തെ' (ക്രൈസ്തവ ഐക്യപ്രസ്ഥാനം) ഇവര്‍ ശക്തമായി എതിര്‍ക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ ലത്തീന്‍ ഭാഷയ്ക്ക് പകരം പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നതിനെയും ഇവര്‍ അനുകൂലിക്കുന്നില്ല. കുര്‍ബാന ക്രമത്തിലടക്കം ഇവര്‍ക്കു വത്തിക്കാനുമായി വിയോജിപ്പുണ്ട്.
മുന്‍പും സമാനമായ രീതിയില്‍ സംഘടന വത്തിക്കാന്റെ കടുത്ത നടപടി നേരിട്ടിട്ടുണ്ട്. 1988-ല്‍ സംഘടനയുടെ സ്ഥാപകനായ ആര്‍ച്ച് ബിഷപ്പ് ലെഫെബ്വെര്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അനുമതിയില്ലാതെ നാല് മെത്രാന്മാരെ വാഴിച്ചപ്പോള്‍, ബ്രിട്ടീഷ് ബിഷപ്പായ റിച്ചാര്‍ഡ് വില്യംസണ്‍ ഉള്‍പ്പെടെയുള്ള എല്ലാ അംഗങ്ങളെയും മാര്‍പ്പാപ്പ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ 2009-ല്‍ ബെനഡിക്റ്റ് മര്‍പ്പാപ്പ ഈ പുറത്താക്കല്‍ ഉത്തരവ് പിന്‍വലിക്കുകയുണ്ടായി. നിലവിലെ പുതിയ സംഭവവികാസങ്ങളോടെ, കത്തോലിക്കാ സഭയില്‍ എസ്‌എസ്പിഎക്‌സിന് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് വത്തിക്കാന്‍ വീണ്ടും വ്യക്തമാക്കി കഴിഞ്ഞു.

