കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്മഭൂഷണ്‍ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.
നിലവില്‍ അദ്ദേഹത്തിനെതിരെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ പുരസ്കാരത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസുകള്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശനെതിരായ കേസുകളിലൊന്നിലും ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചില കേസുകളിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവിയില്‍ നിയമപരമായ നടപടികളിലൂടെ വെള്ളാപ്പള്ളി കുറ്റക്കാരനാണെന്ന് തെളിയുകയോ, പുരസ്കാരം പിൻവലിക്കേണ്ട സാഹചര്യം രൂപപ്പെടുകയോ ചെയ്താല്‍, പത്മ പുരസ്കാരം റദ്ദാക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇത്തരം സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പുരസ്കാരം റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

