Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
27,000 കോടിയിലധികം രൂപയുടെ നഷ്ടം! ഇറാൻ യുദ്ധത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകര്‍ന്നു

27,000 കോടിയിലധികം രൂപയുടെ നഷ്ടം! ഇറാൻ യുദ്ധത്തില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകര്‍ന്നു

NRI Reporter 1 month ago

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 81 സൈനിക വിമാനങ്ങളും ഡ്രോണുകളും നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി പുതിയ കോണ്‍ഗ്രഷണല്‍ റിസർച്ച്‌ സർവീസ് (സി.ആർ.എസ്) റിപ്പോർട്ട്.

യുദ്ധത്തില്‍ അമേരിക്കയ്ക്ക് നേരിട്ട ആകെ നാശനഷ്ടം ഏകദേശം 3.3 ബില്യണ്‍ ഡോളറോളം (ഏകദേശം 27,000 കോടിയിലധികം രൂപ) വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ സ്റ്റെല്‍ത്ത് പോർവിമാനമായ എഫ്-35 എ, എഫ്-15 യുദ്ധവിമാനങ്ങള്‍, എം.ക്യു-9 റീപ്പർ ഡ്രോണുകള്‍ എന്നിവയും തകർന്നവയില്‍ ഉള്‍പ്പെടുന്നു.

ഓരോ എഫ്-15 വിമാനത്തിനും 30 മില്യണ്‍ ഡോളറിലധികവും, എം.ക്യു-9 റീപ്പർ ഡ്രോണുകള്‍ക്ക് 30 മുതല്‍ 50 മില്യണ്‍ ഡോളർ വരെയുമാണ് മതിപ്പുവില. 92 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന അത്യാധുനിക എഫ്-35 എ വിമാനവും നഷ്ടപ്പെട്ടവയിലുണ്ട്. മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങള്‍ക്കിടെ 12 എഫ്-15 ഇ വിമാനങ്ങള്‍, ഒരു എഫ്-35 എ ലൈറ്റ്‌നിംഗ് II, രണ്ട് എ-10 തണ്ടർബോള്‍ട്ട് II ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങള്‍, ഏഴ് കെ.സി-135 സ്ട്രാറ്റോടാങ്കർ റീഫ്യൂവലിങ് വിമാനങ്ങള്‍ എന്നിവ യു.എസിന് നഷ്ടമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതില്‍ മൂന്ന് എഫ്-15 വിമാനങ്ങള്‍ കുവൈത്തിന് മുകളില്‍ വെച്ച്‌ തങ്ങളുടെ തന്നെ സേനയുടെ അബദ്ധത്തിലുള്ള വെടിവെയ്പ്പിലും (ഫ്രണ്ട്‌ലി ഫയർ), ഒരെണ്ണം ഇറാനില്‍ വെച്ചും വെടിവെച്ചിടുകയായിരുന്നു. ജോർദാനിലെ മുവാഫാഖ് സാല്‍റ്റി എയർബേസിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് എഫ്-15 വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഇതിനുപുറമെ, നിരീക്ഷണത്തിന് ഉപയോഗിക്കുന്ന 270 മില്യണ്‍ ഡോളർ വിലമതിക്കുന്ന അതീവ നിർണായകമായ ഒരു ഇ-3 സെൻട്രി വിമാനം, രണ്ട് എം.സി-130 ജെ കമാൻഡോ II പ്രത്യേക ദൗത്യ വിമാനങ്ങള്‍, ഒരു എച്ച്‌.എച്ച്‌-60 ഡബ്ല്യു റെസ്ക്യൂ ഹെലികോപ്റ്റർ, ഒരു എം.ക്യു-4 സി ട്രൈറ്റണ്‍ അത്യാധുനിക ഡ്രോണ്‍, മൂന്ന് എം.ക്യു-1 ഡ്രോണുകള്‍, 45 എം.ക്യു-9 റീപ്പർ ഡ്രോണുകള്‍ എന്നിവയും സൈന്യത്തിന് നഷ്ടമായി. ഒരു അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററും നാല് ലിറ്റില്‍ ബേർഡ് ഹെലികോപ്റ്ററുകളും ഒരു സീ ഹോക്ക് ഹെലികോപ്റ്ററും യുദ്ധത്തില്‍ തകർന്നു. പല യുദ്ധവിവരങ്ങളും ഇപ്പോഴും രഹസ്യമായി തുടരുന്നതിനാലും സൈനിക നീക്കങ്ങള്‍ പുരോഗമിക്കുന്നതിനാലും യഥാർത്ഥ നഷ്ടത്തിന്റെ കണക്കുകള്‍ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, ഇറാനിലെ യുദ്ധത്തിനായി യു.എസ് സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചെലവ് ഒരു മാസത്തിനിടെ 6 ബില്യണ്‍ ഡോളറിലധികം വർദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന യു.എസ് സെൻട്രല്‍ കമാൻഡിന്റെ വിലയിരുത്തല്‍ പ്രകാരം ആയുധച്ചെലവ് മാത്രം 28.1 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ ഔദ്യോഗിക റിപ്പോർട്ടുകളോട് വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter