കൊച്ചി: പിണറായി വിജയന്റെയും മകളുടെയും വീടുകളിലെ ഇ.ഡി പരിശോധനയ്ക്ക് പിന്നാലെ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍ സംയമനം പാലിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.
ബുദ്ധിശൂന്യരെ ബുദ്ധികൊണ്ട് കീഴടക്കുന്നതിനെയാണ് യഥാർത്ഥ വിവേകം എന്ന് പറയുന്നതെന്ന് ജോയ് മാത്യു പ്രതികരിച്ചു. കേരളത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചനയാണ് ഈ സംഭവങ്ങളിലൂടെ ചിലർ നടത്തിയതെന്നും, എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ സംയമനപരമായ ഇടപെടലിലൂടെ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജോയ് മാത്യുവിന്റെ വാക്കുകള്‍:
''ആഭ്യന്തരവിവേകങ്ങള്‍ : കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡി വീണ തൈക്കണ്ടി എന്ന യുവസംരഭകയുടെ വീട്ടില്‍ റെയ്ഡിന് വന്നപ്പോള്‍ കിട്ടിയ അവസരം മുതലാക്കാൻ വീണയുടെ പിതാവിന്റെ പാർട്ടിനേതാക്കള്‍ തങ്ങളുടെ അണികളെ ഇളക്കിവിടാൻ നോക്കി. മാനവിക സ്നേഹം മുഖമുദ്രയാക്കിയ പതിനാറോളം വിപ്ലവകാരികള്‍ ഉദ്യോഗസ്ഥരേയും അവർ സഞ്ചരിച്ച വാഹനവും അതോടിച്ചിരുന്ന ഡ്രൈവറെയും തൊഴിലാളി വർഗ സ്നേഹത്താല്‍ തല്ലിപൊളിക്കുമ്പോള്‍ കേരള പൊലീസ് കയ്യും കെട്ടി നോക്കി നിന്നതിനെ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ച എന്ന നിലയിലാണ് പലരും കണ്ടത്.
എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസ്സിലായില്ല. പൊലീസ് സേന ഏതെങ്കിലും രീതിയില്‍ പ്രതികരിച്ചാല്‍ അവസരം കാത്തുനില്‍ക്കുന്ന പ്രതിപക്ഷ ഗുണ്ടകള്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍, കാലഹരണപ്പെട്ട ബന്ത്, ഹർത്താല്‍ എന്നിവകള്‍ തിരിച്ചു വരുന്നതും അതുമൂലം പൊതുജനങ്ങള്‍ക്ക് സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ആഭ്യന്തര മന്ത്രി മുൻകൂട്ടി കണ്ടിരിക്കണം. മാത്രവുമല്ല അക്രമത്തില്‍ ആരെങ്കിലും പരലോകം പൂകിയാല്‍ രാഷ്ട്രപതിയെക്കൊണ്ട് ഇവിടെ ഇടപെടീക്കാനും കേന്ദ്രം മടിക്കില്ല. (അതായിരുന്നല്ലോ ഐഡിയ ) അതിനാല്‍ നമ്മുടെ പൊലീസ് മന്ത്രി പന്ത് മെല്ലെ ഉരുട്ടി കേന്ദ്രസേനയുടെ കോർട്ടിലെത്തിച്ചു. അതുകൊണ്ടെന്തായി ? വിപ്ലവകാരികള്‍ക്ക് തീഹാർ കാണുവാനും കുന്തിരിക്കം കത്തിച്ചോളാൻ പറഞ്ഞ കൂട്ടുകാരെ കണ്ടു സൊറപറഞ് ശിഷ്ടകാലം ജോളിയാക്കാം, അക്രമികളില്‍ നിന്നും കേരള ജനതയെ രക്ഷിച്ച നമ്മുടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു സല്യൂട്ട്. ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.''

