മിഷിഗണ്‍: ഭക്ഷണത്തിലൂടെ പകരുന്ന സൈക്ലോസ്പോറ രോഗബാധയെ തുടർന്ന് അമേരിക്കയില്‍ ആദ്യമായി രണ്ട് പേർ മരിച്ചതായി മിഷിഗണ്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഇരുവരുടെയും മരണത്തിന് രോഗബാധയെ തുടർന്നുണ്ടായ നിർജലീകരണവും കാരണമായതായി അധികൃതർ അറിയിച്ചു.
അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ (CDC) മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം മിഷിഗണില്‍ മാത്രം 11,234 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 193 പേർ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. രാജ്യത്താകെ 18,000-ത്തിലധികം കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
മിഡ്‌വെസ്റ്റ് മേഖലയില്‍ വ്യാപകമായ രോഗബാധയ്ക്ക് കാരണം ടെയ്‌ലർ ഫാംസ് വിതരണം ചെയ്ത മുൻകൂട്ടി അരിഞ്ഞ ഐസ്‌ബർഗ് ലെറ്റ്യൂസാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതിനെ തുടർന്ന് ടാക്കോ ബെല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ ഉല്‍പ്പന്നം വിതരണ ശൃംഖലയില്‍ നിന്ന് പിൻവലിച്ചു. മലിനമായ പച്ചക്കറികളിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന സൂക്ഷ്മ പരാദജീവിയാണ് സൈക്ലോസ്പോറ. രോഗബാധയ്ക്ക് ശേഷം രണ്ട് ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാം.
ദീർഘനേരം നീളുന്ന വയറിളക്കം, വയറുവേദന, ഛർദി, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, നിർജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചികിത്സ വൈകിയാല്‍ രോഗം ആഴ്ചകളോളം നീണ്ടുനില്‍ക്കാനും വയോധികരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതര സങ്കീർണതകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കി.മുൻകൂട്ടി അരിഞ്ഞ ലെറ്റ്യൂസ്, പാക്കറ്റിലാക്കിയ സാലഡുകള്‍, കേടുപാടുകള്‍ സംഭവിച്ച പഴങ്ങളും പച്ചക്കറികളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
പച്ചക്കറികള്‍ ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകുകയും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും വേണം. എന്നാല്‍ സോപ്പോ ബ്ലീച്ചോ ഉപയോഗിച്ച് പച്ചക്കറികള്‍ കഴുകരുതെന്നും സിഡിസി വ്യക്തമാക്കി. 70 ഡിഗ്രി സെല്‍ഷ്യസിലോ അതിന് മുകളിലോ ഭക്ഷണം നന്നായി വേവിക്കുന്നതാണ് സൈക്ലോസ്പോറ രോഗബാധ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
Cyclospora outbreak: 2 people die in Michigan; know symptoms, how to stay safe and more

