വാഷിംഗ്ടണ്‍: ഔദ്യോഗിക നയതന്ത്ര ചർച്ചകളുടെയും പ്രോട്ടോക്കോളുകളുടെയും ലോകത്തുനിന്നും അമേരിക്കൻ ഗ്രാമീണതയുടെ ലാളിത്യത്തിലേക്ക് ഇറങ്ങിച്ചെന്ന് ചാള്‍സ് രാജാവും കാമില രാജ്ഞിയും തങ്ങളുടെ നാല് ദിവസത്തെ യുഎസ് സന്ദർശനം പൂർത്തിയാക്കി.
വിർജീനിയ സ്റ്റേറ്റിലെ ഫ്രണ്ട് റോയല്‍ എന്ന കൊച്ചു പട്ടണത്തില്‍ നടന്ന വർണാഭമായ കമ്മ്യൂണിറ്റി പാർട്ടിയിലും പരേഡിലും പങ്കുചേർന്നാണ് രാജദമ്പതികള്‍ അമേരിക്കയോട് വിടപറഞ്ഞത്.
തമാശയെന്ന് കരുതി തള്ളിയ ഇമെയില്‍ മുതല്‍ ഗ്രാമീണ വിരുന്ന് വരെ ഈ സന്ദർശനത്തിന് പിന്നില്‍ വളരെ രസകരമായ ഒരു കഥയുണ്ട്. രാജാവിൻ്റെ സന്ദർശനത്തെക്കുറിച്ചുള്ള നിർദ്ദേശം അടങ്ങിയ ഇമെയില്‍ ഫ്രണ്ട് റോയല്‍ പട്ടണത്തിലെ മേയർക്ക് ലഭിച്ചപ്പോള്‍, ആരോ പറ്റിക്കാൻ അയച്ചതാണെന്ന് കരുതി അദ്ദേഹം അത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പട്ടണം ഒന്നടങ്കം രാജകീയ അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു.

വെറും 15,000 പേർ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തില്‍ ബിങ് ക്രോസ്ബിയെപ്പോലുള്ള പ്രമുഖർ മുൻപ് എത്തിയിട്ടുണ്ടെങ്കിലും, ചാള്‍സ് രാജാവിൻ്റെ സന്ദർശനം ചരിത്ര നിമിഷമായി മാറി. പട്ടണവാസികള്‍ ഒത്തുചേർന്ന് നടത്തിയ ‘പൊട്ട് ലക്ക്’ (ഓരോരുത്തരും സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്ന രീതി) വിരുന്നില്‍ രാജാവും രാജ്ഞിയും സജീവമായി പങ്കെടുത്തു. വെറും അതിഥികളായി ഇരിക്കാതെ, കൊട്ടാരത്തില്‍ നിന്നും തങ്ങള്‍ കൊണ്ടുവന്ന വിഭവങ്ങള്‍ അവർ നാട്ടുകാർക്കായി വിളമ്പി. കൊറോണേഷൻ ക്വിഷെ , വിക്ടോറിയ സ്‌പോഞ്ച് കേക്ക്, രാജകീയ തേനീച്ചക്കൂടുകളില്‍ നിന്നുള്ള തേൻ എന്നിവയാണ് അവർ വിരുന്നിനായി കരുതിയത്. ആപ്പലാച്ചിയൻ സംഗീതത്തിൻ്റെയും ക്ലോഗ് ഡാൻസിൻ്റെയും അകമ്പടിയോടെ നടന്ന ആഘോഷങ്ങള്‍ അവർ ഏറെ ആസ്വദിച്ചു.
വാഷിംഗ്ടണ്‍ ഡി.സിയിലെ കനത്ത സുരക്ഷാ ക്രമീകരണങ്ങളില്‍ നിന്നും മാറി, നാട്ടുകാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കൈകൊടുക്കാനും കുശലാന്വേഷണം നടത്താനും രാജാവ് സമയം കണ്ടെത്തി. സന്ദർശനത്തിനിടയില്‍ ആദ്യമായാണ് രാജാവും രാജ്ഞിയും അമേരിക്കൻ പൊതുജനങ്ങളുമായി ഇത്രയും അടുത്ത് ഇടപഴകുന്നത്. ലോക്കല്‍ ബേസ്ബോള്‍ താരങ്ങളും വെറ്ററൻ സൈനികരും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് രാജാവിനെ കാണാൻ തെരുവിലിറങ്ങിയത്.
ആർലിംഗ്ടണില്‍ നിന്ന് വിർജീനിയയിലേക്ക് തിരിക്കും മുൻപ് വാഷിംഗ്ടണില്‍ വെച്ച് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനോടും പ്രഥമ വനിത മെലാനിയ ട്രംപിനോടും രാജാവ് ഔദ്യോഗികമായി യാത്ര ചോദിച്ചിരുന്നു. തുടർന്ന് ആർലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയിലെ അജ്ഞാത സൈനികൻ്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അർപ്പിച്ചു. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും എന്നാല്‍ മൃതദേഹം തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്ത എല്ലാ സൈനികരുടെയും പ്രതീകമായാണ് ഈ സ്മാരകം കണക്കാക്കപ്പെടുന്നത്.

അമേരിക്കൻ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് രാജാവ് നടത്തിയ പ്രസംഗം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിർജീനിയയിലെ ആഘോഷങ്ങള്‍ക്ക് ശേഷം, രാത്രിയോടെ രാജാവും സംഘവും തങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ ബെർമുഡയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കിയ സന്ദർശനമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
King Charles takes selfies and shakes hands with American people; Official visit ends in Virginia
The post അമേരിക്കൻ ജനതയ്ക്കൊപ്പം സെല്‍ഫിയെടുത്തും കൈകൊടുത്തും ചാള്‍സ് രാജാവ്; ഔദ്യോഗിക സന്ദർശനത്തിന് വിർജീനിയയില്‍ വർണാഭമായ സമാപനം appeared first on NRI Reporter | Global News Updates.

