Dailyhunt
'അത്യപൂര്‍വ്വ തന്ത്രം' എന്ന് ട്രംപ്, ഇറാനെതിരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്; സൈനിക പദ്ധതികളെക്കുറിച്ച്‌ വിശദീകരിക്കാൻ പെന്റഗണ്‍

'അത്യപൂര്‍വ്വ തന്ത്രം' എന്ന് ട്രംപ്, ഇറാനെതിരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്; സൈനിക പദ്ധതികളെക്കുറിച്ച്‌ വിശദീകരിക്കാൻ പെന്റഗണ്‍

NRI Reporter 1 week ago

വാഷിംഗ്ടണ്‍: ഇറാനെ ചർച്ചകളുടെ മേശയിലേക്ക് എത്തിക്കുന്നതിനായി സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നു.

ഇറാനെതിരെയുള്ള പരിഷ്കരിച്ച സൈനിക പദ്ധതികളെക്കുറിച്ച്‌ പ്രതിരോധ ഉദ്യോഗസ്ഥർ പ്രസിഡന്റിന് വിശദീകരണം നല്‍കുമെന്ന് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കൻ സെൻട്രല്‍ കമാൻഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പർ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറല്‍ ഡാൻ കെയ്ൻ എന്നിവരുള്‍പ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ ഈ നിർണ്ണായക ബ്രീഫിംഗില്‍ പങ്കെടുക്കും.

നിലവില്‍ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകള്‍ മന്ദഗതിയിലാണെങ്കിലും, തന്റെ മുന്നിലുള്ള എല്ലാ വഴികളും തുറന്നുതന്നെയാണെന്ന സൂചനയാണ് പുതിയ നീക്കത്തിലൂടെ ട്രംപ് നല്‍കുന്നത്. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ സാമ്പത്തികമായി തളർത്തുന്ന തന്ത്രമാണ് ട്രംപ് ഇപ്പോള്‍ പയറ്റുന്നത്. ഇറാനിയൻ തുറമുഖങ്ങളില്‍ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് അടച്ചിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ട്രംപിന്റെ നീക്കം.

ഈ ഉപരോധം ഒരു ‘അത്യപൂർവ്വ തന്ത്രം’ ആണെന്നും ഇറാൻ കീഴടങ്ങുന്നത് വരെ ഇത് തുടരുമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബോംബിംഗ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ പുനരാരംഭിക്കാൻ പെന്റഗണ്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും, ഇറാനുമായി ഒരു കരാറിലെത്തി സൈനിക നടപടികള്‍ ഒഴിവാക്കാനാണ് പ്രസിഡന്റിന് ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ നിലനില്‍ക്കുന്ന വെടിനിർത്തല്‍ അനിശ്ചിതകാലത്തേക്ക് തുടരുന്നതിനാല്‍ കരാറിലെത്താൻ തനിക്ക് തിടുക്കമില്ലെന്ന നിലപാടിലാണ് ട്രംപ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter