ഷോളി കുമ്പിളുവേലി
ന്യൂയോർക്ക്: സില്‍വർ ജൂബിലി ആഘോഷിക്കുന്ന ന്യൂയോർക്കിലെ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുക്റാനതിരുനാളിനോടനുബന്ധിച്ച്, വത്തിക്കാൻ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

പള്ളിമേടയില്‍ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കർദ്ദിനാളിനെ കൈക്കാരൻമാരായ ജോർജ്പട്ടേരില്‍, ഡെന്നി കല്ലുകളം, അനില്‍ കണ്ടത്തില്‍ എന്നിവർ ദേവാലയത്തിൻ്റെ പ്രധാന കവാടത്തില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടർന്ന് വികാരി റവ. ഫാ. കുര്യാക്കോസ് വടാന ദേവാലയത്തില്‍ സഭാപരമായ ആദരവോടെ ഔദ്യോഗിക സ്വീകരണം നല്‍കി. തുടർന്ന് നടന്ന ആഘോഷ റാസാ കുർബാനയ്ക്ക് കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാട് മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ. ടോം മാളിയേക്കല്‍, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പില്‍, റവ. ഫാ. ജോണി ചെങ്ങളാൻ, റവ.ഫാ. കെവിൻ മുണ്ടക്കല്‍, റവ. ഫാ. റോയ്‌സണ്‍ മേനോലിക്കല്‍, റവ. ഫാ.ബിജു നാറാണത്ത്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന എന്നിവർസഹകാർമ്മികരായി.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 4-ന് രാവിലെ 9.30-ന് നടന്ന തിരുനാള്‍ കുർബാനയ്ക്ക് റവ. ഫാ. തദേവൂസ് അരവിന്ദത്ത് കാർമ്മികത്വം വഹിച്ചു. കുർബാനയ്ക്ക് ശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു. തുടർന്ന് വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അടിമ സമർപ്പണത്തിനുമുള്ള അവസരവും ഭക്തർക്കായി ഒരുക്കിയിരുന്നു.

ജൂലൈ 5-ന് രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയും മരിച്ചവരുടെ
അനുസ്മരണ ശുശ്രൂഷയും നടന്നു. ദേവാലയത്തിലെ തിരുക്കർമ്മങ്ങള്‍ക്ക്
ശേഷം പത്ത് ദിവസം നീണ്ടുനിന്ന ദുക്റാന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്
കൊടിയിറങ്ങി. ഉച്ചയ്ക്ക് 1 മണിക്ക് സെമിത്തേരി സന്ദർശനവും ഒപ്പീസും
നടത്തി ചടങ്ങുകള്‍ സമാപിച്ചു.

കർദ്ദിനാള്‍ മാർ ജോർജ് കൂവക്കാടിൻ്റെ സന്ദർശനത്തോടനുബന്ധിച്ചു
ബ്രോങ്ക്സ് സെൻ്റ് തോമസ് സീറോ മലബാർ ഇടവക വികാരി റവ. ഫാ.
കുര്യാക്കോസ് വടാന മുൻകൈയെടുത്തു വിളിച്ചുചേർത്ത, ന്യൂയോർക്കിലും പരിസരപ്രദേശത്തുമുള്ള കത്തോലിക്ക വൈദികരുടേയും സന്യസ്തരുടേയും സമ്മേളത്തില്‍ നിരവധിപേർ പങ്കെടുത്തു. സീറോ മലങ്കര ന്യൂയോർക്ക് രൂപത ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസും യോഗത്തില്‍ സന്നിഹിതനായിരുന്നു.
Bronx St. Thomas Syro-Malabar Forona Parish hosted a reception for Cardinal Mar George Koovakkad on the occasion of the Feast of the Annunciation.

