വാഷിംഗ്ടണ്‍: അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 250 ഡോളർ കറൻസി നോട്ട് പുറത്തിറക്കാൻ യുഎസ് ഭരണകൂടം സജീവമായ നീക്കങ്ങള്‍ നടത്തുന്നു.
യുഎസ് ട്രഷറി വകുപ്പ് ഇതിനായുള്ള പ്രാഥമിക മാതൃകകള്‍ തയ്യാറാക്കിയതായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍, 160 വർഷം പഴക്കമുള്ള ഫെഡറല്‍ നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ ഈ കറൻസി നോട്ട് യാഥാർത്ഥ്യമാകൂ.
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ യുഎസ് കറൻസി നോട്ടുകളില്‍ അച്ചടിക്കുന്നത് 1866 മുതല്‍ നിലവിലുള്ള ഫെഡറല്‍ നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അമേരിക്കൻ നാണയങ്ങളിലും നോട്ടുകളിലും ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ജീവിച്ചിരിക്കുന്ന ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഒഴിവാക്കാൻ അന്ന് തീരുമാനിച്ചത്. ട്രംപിൻ്റെ ചിത്രം ഉള്‍പ്പെടുത്തണമെങ്കില്‍ യുഎസ് പാർലമെൻ്റ് (കോണ്‍ഗ്രസ്) ഈ നിയമത്തില്‍ ഇളവ് അനുവദിക്കേണ്ടതുണ്ട്.
‘ട്രംപിന് നിയമപരമായ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജോ വില്‍സണ്‍ 'ഡോണള്‍ഡ് ജെ. ട്രംപ് 250 ഡോളർ ബില്‍ ആക്‌ട്' (H.R. 1761) യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഈ നോട്ട് പുറത്തിറക്കുന്നത് ഉചിതമായ ആദരവായിരിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. കൂടാതെ, യുഎസിലെ കടുത്ത പണപ്പെരുപ്പം കാരണം ജനങ്ങള്‍ക്ക് വലിയ തുക കൈകാര്യം ചെയ്യാൻ ഉയർന്ന മൂല്യമുള്ള നോട്ടുകള്‍ ആവശ്യമാണെന്നും ബില്ലില്‍ വാദിക്കുന്നു.ഈ ബില്‍ യുഎസ് കോണ്‍ഗ്രസിൻ്റെ ഇരുസഭകളും (ജനപ്രതിനിധി സഭയും സെനറ്റും) പാസാക്കിയാല്‍ മാത്രമേ നോട്ടുകള്‍ അച്ചടിക്കാൻ ട്രഷറി വകുപ്പിന് അന്തിമ അനുമതി ലഭിക്കൂ.
250 ഡോളർ നോട്ടിൻ്റെ കാര്യം കോണ്‍ഗ്രസിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും, ട്രംപുമായി ബന്ധപ്പെട്ട മറ്റ് ചില സുപ്രധാന തീരുമാനങ്ങള്‍ യുഎസ് ട്രഷറി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ചരിത്രത്തില്‍ ആദ്യമായി ഒരു സിറ്റിംഗ് പ്രസിഡൻ്റിൻ്റെ ഒപ്പ് കറൻസി നോട്ടുകളില്‍ ഉള്‍പ്പെടുത്താൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഡോണള്‍ഡ് ട്രംപിൻ്റെ ഒപ്പുള്ള പുതിയ 100 ഡോളർ നോട്ടുകളുടെ അച്ചടി ഉടൻ ആരംഭിക്കും. സാധാരണയായി യുഎസ് ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് കറൻസികളില്‍ ഉണ്ടാകാറുള്ളത്. ഇതിന് പുറമെ, രാജ്യത്തിൻ്റെ 250-ാം വാർഷികത്തിൻ്റെ ഭാഗമായി ട്രംപിൻ്റെ മുഖചിത്രം പതിപ്പിച്ച പ്രത്യേക 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കാനും ഫെഡറല്‍ പാനല്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടി ഈ നീക്കത്തെ രാജ്യത്തോടുള്ള ആദരവായി കാണുമ്പോള്‍, ഡെമോക്രാറ്റുകളും പ്രതിപക്ഷവും ഇതിനെ കടുത്ത രാഷ്ട്രീയ നാടകമായാണ് വിലയിരുത്തുന്നത്. കറൻസി പോലുള്ള ദേശീയ പ്രതീകങ്ങളെ വ്യക്തിപൂജയ്ക്കായി ഉപയോഗിക്കുന്നു എന്നാണ് വിമർശകരുടെ വാദം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ ഈ ബില്‍ പാസാക്കിയെടുക്കുക എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
$250 note with Trump’s image: US Treasury prepares, but faces serious legal hurdles

