വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക അതിക്രമത്തിന് സിവില്‍ കേസ് നല്‍കിയ പ്രമുഖ എഴുത്തുകാരി ഇ.
ജീൻ കരോളിനെതിരെ യു.എസ് നീതിന്യായ വകുപ്പ് (DOJ) ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ട്രംപിനെതിരെയുള്ള നിയമപോരാട്ടത്തിനിടെ കോടതിയില്‍ കള്ളസാക്ഷ്യം നല്‍കിയെന്ന ആരോപണത്തിലാണ് കരോളിനെതിരെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ഇല്ലിനോയിസ് ഡിസ്ട്രിക്റ്റിലെ യു.എസ് അറ്റോർണി ആൻഡ്രൂ എസ്. ബൗട്രോസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രംപിൻ്റെ മുൻ അഭിഭാഷകനും നിലവിലെ ആക്ടിംഗ് അറ്റോർണി ജനറലുമായ ടോഡ് ബ്ലാഞ്ച് മുൻപ് ഈ കേസിൻ്റെ ഭാഗമായിരുന്നതിനാല്‍ അന്വേഷണ നടപടികളില്‍ നിന്നും സ്വയം മാറിനിന്നിട്ടുണ്ട്.
വിവാദത്തിന് പിന്നില്‍ ശതകോടീശ്വരൻ്റെ ഫണ്ടിംഗ് 2022-ല്‍ ട്രംപിനെതിരെയുള്ള കേസ് നടക്കുന്നതിനിടയില്‍, തൻ്റെ നിയമപരമായ ചെലവുകള്‍ക്കായി പുറത്തുനിന്നുള്ള ആരുടെയും സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടില്ലെന്ന് കരോള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ട്രംപിൻ്റെ കടുത്ത വിമർശകനും ലിങ്ക്ഡ്‌ഇൻ സഹസ്ഥാപകനുമായ ശതകോടീശ്വരൻ റീഡ് ഹോഫ്മാൻ കരോളിൻ്റെ കോടതിച്ചെലവുകള്‍ക്കായി വലിയ തുക നല്‍കിയതായി പിന്നീട് കോടതി രേഖകളിലൂടെ പുറത്തുവന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന കണ്ടെത്തലാണ് ഇപ്പോള്‍ കരോളിനെതിരെയുള്ള ക്രിമിനല്‍ അന്വേഷണത്തിലേക്ക് നയിച്ചത്.
1990-കളുടെ മധ്യത്തില്‍ ഡോണള്‍ഡ് ട്രംപ് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കരോളിൻ്റെ പരാതി. ഈ സിവില്‍ കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തുകയും കരോളിന് 88.3 മില്യണ്‍ ഡോളർ (ഏകദേശം 740 കോടി രൂപ) നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ ക്രിമിനല്‍ അന്വേഷണം കരോളിന് തിരിച്ചടിയായാല്‍ അത് മുൻ കോടതി വിധിയെ എങ്ങനെ ബാധിക്കുമെന്നാണ് നിയമലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Perjury in Trump case: US Justice Department launches criminal investigation against E. Jean Carroll

