ബീജിംഗ്: ഇറാന് ആഴ്ചകള്‍ക്കുള്ളില്‍ 400 ചൈനീസ് നിർമ്മിത മിസൈലുകള്‍ ലഭിക്കുമെന്ന റോയിട്ടേഴ്സ് വാർത്ത പൂർണ്ണമായും തള്ളി ചൈന.
ഈ വാർത്ത “തീർത്തും അസത്യവും യാതൊരു വസ്തുതയുമില്ലാത്തതുമാണ്” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഇറാന് ചൈനയില്‍ നിന്ന് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ലഭിക്കുമെന്ന പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. വെസ്റ്റേണ്‍ ചൈനയിലെ ഉറുംഖിയില്‍ നിന്ന് വിമാനമാർഗ്ഗം പാകിസ്ഥാൻ വഴി ട്രാൻസിറ്റ് ചെയ്ത് ഈ ആയുധങ്ങള്‍ ഇറാനിലെത്തിക്കുമെന്നായിരുന്നു വാദങ്ങള്‍.
എന്നാല്‍, ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈന തങ്ങളുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ബീജിംഗില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. “ഈ റിപ്പോർട്ടുകള്‍ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമാണ് ചൈന എപ്പോഴും നിലകൊള്ളുന്നത്,” അവർ വ്യക്തമാക്കി.
അതേസമയം, ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ട്രാൻസിറ്റ് പാതയായി റിപ്പോർട്ടില്‍ പരാമർശിച്ചിരുന്ന പാകിസ്ഥാനും വാർത്ത തള്ളി. വാർത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും വസ്തുതാവിരുദ്ധമായ ഇത്തരത്തിലുള്ള ഊഹാപോഹങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും പാകിസ്ഥാൻ സൈനിക മാധ്യമ വിഭാഗമായ ഐഎസ്പിആർ വ്യക്തമാക്കി.

