വാഷിങ്ടണ്‍: രൂക്ഷമാകുന്ന ഇറാൻ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യക്കും ചൈനയ്ക്കും നിർണായക പങ്ക് വഹിക്കാനാകുമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍.
ഭീഷണിപ്പെടുത്തുന്ന സമീപനത്തിന് പകരം നയതന്ത്രത്തിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. C-SPANന് നല്‍കിയ അഭിമുഖത്തിലാണ് ക്ലിന്റണ്‍ ഇക്കാര്യം പറഞ്ഞത്. ഇറാനുമായുള്ള ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക, ഊർജ ബന്ധങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടെഹ്‌റാനില്‍ സമ്മർദം ചെലുത്താൻ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്നും അവർ പറഞ്ഞു.
ട്രംപിന് ഈ പ്രതിസന്ധിയില്‍നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് നോക്കുകയാണെങ്കില്‍, അതില്‍ പ്രധാന പങ്ക് ചൈനയ്ക്കും ഇന്ത്യയ്ക്കുമാണെന്ന് ഞാൻ കരുതുന്നു. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ് എന്ന് ക്ലിന്റണ്‍ പറഞ്ഞു. ഇറാന്റെ പ്രധാന എണ്ണ-വാതക ഉപഭോക്താക്കളിലൊന്നായ ചൈനയ്ക്ക് നിലവിലെ പ്രതിസന്ധിയില്‍ ടെഹ്‌റാനില്‍ സമ്മർദം ചെലുത്താൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സ്വാധീനം ഉപയോഗപ്പെടുത്തി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര മാർഗം വാഷിങ്ടണിന് സ്വീകരിക്കാനാകുമെന്നും ക്ലിന്റണ്‍ പറഞ്ഞു.
"ട്രംപ് ഭീഷണിപ്പെടുത്തുന്ന സമീപനത്തിന് പകരം യഥാർഥത്തില്‍ നയതന്ത്രം ഉപയോഗിക്കാൻ തയ്യാറാണെങ്കില്‍, ഏറ്റവും ഫലപ്രദമായ സമ്മർദം അവിടെനിന്നായിരിക്കും ഉണ്ടാകുക," അവർ വ്യക്തമാക്കി.പ്രതിസന്ധിയുടെ കേന്ദ്രമായി ഹോർമുസ് കടലിടുക്ക് തുടരുകയാണ്. കപ്പല്‍ ഗതാഗതത്തിലെ തടസ്സങ്ങള്‍ ലോകത്തിലെ പ്രധാന ഊർജ വിതരണ പാതകളിലൊന്നിനെ ഭീഷണിയിലാക്കുന്നുണ്ട്. സാധാരണ സാഹചര്യങ്ങളില്‍ ലോകത്തെ ഏകദേശം അഞ്ചിലൊന്ന് ഊർജ വിതരണവും ഈ തന്ത്രപ്രധാന ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും മുൻ സ്ഥിതിയിലേക്ക് മടങ്ങാനും ഇറാനെ പ്രേരിപ്പിക്കുന്നതിന് ചൈനയ്‌ക്കെതിരെ സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി ഉപയോഗിക്കാമെന്നും ക്ലിന്റണ്‍ പറഞ്ഞു.
ഇതിനിടെ ഇറാനെതിരായ സാമ്പത്തിക സമ്മർദം ട്രംപ് ഭരണകൂടം ശക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് de ഇറാനെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്നും അല്ലാത്തപക്ഷം യുഎസ് തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.യുഎസിന്റെ വിപുലപ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് സൈനികമായി തിരിച്ചടി നല്‍കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ചർച്ചകള്‍ പുനരാരംഭിക്കാനുള്ള സന്നദ്ധതയും ഇറാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന, തുർക്കിയ, യുഎഇ എന്നിവ ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളാണ്. വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള തർക്കത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളില്‍ പാകിസ്ഥാൻ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും പങ്കാളികളാണ്.എന്നാല്‍ ഇറാനുമായുള്ള ഊർജ ബന്ധം കണക്കിലെടുത്ത് ടെഹ്‌റാനില്‍ സമ്മർദം ചെലുത്താൻ കഴിയുന്ന രാജ്യങ്ങളായി ഇന്ത്യയെയും ചൈനയെയുമാണ് ക്ലിന്റണ്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയത്.
ഇറാൻ കരാറിലെത്താൻ തയ്യാറായില്ലെങ്കില്‍ "ഏറ്റവും കടുത്ത സാമ്പത്തിക നടപടി" സ്വീകരിക്കുമെന്ന് ഓഗസ്റ്റ് 20ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.സംഘർഷവുമായി ബന്ധപ്പെട്ട തന്ത്രപരമായ ചില തീരുമാനങ്ങളെയും ക്ലിന്റണ്‍ വിമർശിച്ചു. നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച തീരുമാനങ്ങള്‍ വാഷിങ്ടണ്‍ ലക്ഷ്യമിട്ട രാഷ്ട്രീയ ഫലം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് അവരുടെ വിലയിരുത്തല്‍.ഇറാനുമായി ശക്തമായ സാമ്പത്തിക ബന്ധമുള്ള രാജ്യങ്ങള്‍ കൂടുതല്‍ സജീവമായി ഇടപെട്ടാല്‍ സംഘർഷം കൂടുതല്‍ സൈനികമായി രൂക്ഷമാകുന്നത് ഒഴിവാക്കാനുള്ള ബദല്‍ മാർഗം കണ്ടെത്താനാകുമെന്നും ക്ലിന്റണ്‍ പറഞ്ഞു.
India, China could help Trump resolve Iran crisis through diplomacy: Hillary Clinton

