Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാലിഫോര്‍ണിയയിലെ ബാങ്കില്‍ ആളുകളെ ബന്ദിയാക്കിയയാളെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു, കൊല്ലപ്പെട്ടത് മുൻ സൈനികൻ

കാലിഫോര്‍ണിയയിലെ ബാങ്കില്‍ ആളുകളെ ബന്ദിയാക്കിയയാളെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു, കൊല്ലപ്പെട്ടത് മുൻ സൈനികൻ

NRI Reporter 4 months ago

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീല്‍ഡില്‍ ബാങ്ക് പ്രവർത്തിക്കുന്ന ഓഫീസ് സമുച്ചയത്തില്‍ ആളുകളെ ബന്ദിയാക്കി പരിഭ്രാന്തി സൃഷ്ടിച്ച മുൻ യു.എസ് സൈനികനെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു.

ഏകദേശം 15 മണിക്കൂറിലധികം നീണ്ടുനിന്ന നാടകീയമായ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് എഫ്.ബി.ഐയുടെ പ്രത്യേക ‘ഹോസ്റ്റേജ് റെസ്ക്യൂ ടീം’ പ്രതിയെ വധിച്ചത്. കെട്ടിടത്തിനുള്ളില്‍ പ്രതി ബന്ദികളാക്കിയ 10 പേരും പരിക്കേല്‍ക്കാതെ സുരക്ഷിതരായി രക്ഷപെട്ടു. ആൻ്റണി സ്കോട്ട് സിയർലെസ്സ്-ഹാരിസ് (41) എന്നയാളാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കേഴ്‌സ്‌ഫീല്‍ഡിലെ ചേസ് ബാങ്ക് സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള കെട്ടിടത്തിലേക്ക് ബോംബ് ഭീഷണിയുമായി പ്രതി അതിക്രമിച്ചു കയറിയത്. കെട്ടിടത്തിൻ്റെ രണ്ടാം നിലയിലുള്ള ‘കേണ്‍ കൗണ്ടി സ്കൂള്‍ ഓഫീസ്’ ജീവനക്കാരായ 10 പേരെ ഇയാള്‍ കെട്ടിയിട്ട് ബന്ദിയാക്കുകയായിരുന്നു. തൻ്റെ ശരീരത്തിലും ബന്ദികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തെളിഞ്ഞു.

പ്രാദേശിക പൊലീസും എഫ്.ബി.ഐയും മണിക്കൂറുകളോളം ഫോണ്‍ വഴി പ്രതിയുമായി ചർച്ചകള്‍ നടത്തി. ഇതിനിടയില്‍ ചൊവ്വാഴ്ച രാത്രിയോടെ രണ്ട് ബന്ദികളെ ഇയാള്‍ മോചിപ്പിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള ബന്ദികളില്‍ ഒരാള്‍ക്ക് പ്രമേഹബാധയുള്ളതിനാലും കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തതിനാലും ജീവന് ഭീഷണിയുണ്ടെന്ന് എഫ്.ബി.ഐ വിലയിരുത്തി. ബുധനാഴ്ച പുലർച്ചയോടെ പ്രതി കൂടുതല്‍ അക്രമാസക്തനായതിനെ തുടർന്ന് പുലർച്ചെ 4:20-ഓടെ എഫ്.ബി.ഐ സംഘം കെട്ടിടത്തിലേക്ക് ഇരച്ചുകയറി പ്രതിയെ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു.

കൊല്ലപ്പെട്ട ആൻ്റണി സ്കോട്ട് മുൻപ് യു.എസ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളയാളും മുൻപ് പല കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്.ബി.ഐ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“ലഭ്യമായ എല്ലാ സംവിധാനങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്,” ബേക്കേഴ്‌സ് ഫീല്‍ഡ് പൊലീസ് സർജൻ്റ് എറിക് സെലിഡണ്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. “സ്വാറ്റ് ടീം, ബോംബ് സ്ക്വാഡ്, കെ9 ടീം, ഗാങ് യൂണിറ്റ്, ചർച്ചാ വിദഗ്ധർ, ഡ്രോണ്‍ ടീം എന്നിവരെല്ലാം രംഗത്തുണ്ട്. ഈ പ്രശ്നം ഏറ്റവും സുരക്ഷിതമായി അവസാനിപ്പിക്കാൻ ഞങ്ങളുടെ പക്കലുള്ള എല്ലാ ആസ്തികളും ഇവിടെ ഉപയോഗിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് പ്രകാരം എഫ്.ബി.ഐയുടെ ഹോസ്റ്റേജ് റെസ്ക്യൂ ടീമും സ്ഥലത്തുണ്ടായിരുന്നു.

തങ്ങളുടെ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ നടക്കുന്ന സാഹചര്യത്തെക്കുറിച്ച്‌ കമ്പനിക്ക് അറിവുണ്ടെന്ന് ചേസ് ബാങ്ക് പ്രതിനിധികള്‍ ചൊവ്വാഴ്ച അറിയിച്ചു. “ബ്രാഞ്ച് നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്, ഞങ്ങള്‍ അധികാരികളുമായി സഹകരിക്കുന്നുണ്ട്,” ചേസ് വക്താവ് ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് ന്യൂസിനോട് പറഞ്ഞു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ബേക്കേഴ്‌സ് ഫീല്‍ഡ് മേയർ കാരെൻ ഗോയും വ്യക്തമാക്കിയിരുന്നു.

FBI shoots dead California bank hostage taker, ex-soldier killed

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter